ഓട്ടോ ഡ്രൈവര്‍ മകള്‍ക്ക് നല്‍കിയത് അഞ്ചു ലക്ഷം രൂപയുടെ തോക്ക്

അഹ്മദാബാദ്: പണമില്ലാത്തതിന്‍െറ പേരില്‍ മക്കളെ കായികലോകത്തേക്ക് പറഞ്ഞയക്കാന്‍ മടിക്കുന്ന രക്ഷിതാക്കള്‍ക്ക് അഹ്മദാബാദില്‍ നിന്നൊരു മാതൃക. ഓട്ടോറിക്ഷ ഡ്രൈവറായ മണിലാല്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് കിട്ടിയ പണം സ്വരുക്കൂട്ടിവെച്ച് മകള്‍ക്ക് വാങ്ങി നല്‍കിയത് അഞ്ചു ലക്ഷം രൂപയുടെ റൈഫ്ള്‍. വാടകക്കെടുത്ത റൈഫ്ളുമായി ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മകള്‍ മിത്തലിന് വേണ്ടിയാണ് മണിലാല്‍ ഗോഹില്‍ എന്ന റിക്ഷക്കാരന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചത്. മകളുടെ വിവാഹത്തിന് കരുതിവെച്ച തുകയാണ് തോക്ക് വാങ്ങിക്കാന്‍ വകമാറ്റിയത്.
ഒളിമ്പിക്സ് മെഡല്‍ നേടിയ സിന്ധുവിനെയും സാക്ഷിയെയും കോടികള്‍ കൊണ്ട് മൂടുന്നത് കണ്ടിട്ടാണ് മണിലാല്‍ മകള്‍ക്ക് വേണ്ടി റൈഫിള്‍ വാങ്ങിയതെന്ന് തെറ്റിദ്ധരിക്കരുത്.

ഷൂട്ടിങ് താരമാകണമെന്ന മകളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രയത്നം തുടങ്ങിയതാണ് ഈ പിതാവ്. നാലു വര്‍ഷം മുമ്പ്  അഹ്മദാബാദിലെ റൈഫ്ള്‍ ക്ളബില്‍ ചേര്‍ത്ത മകള്‍ക്ക് പരിശീലനത്തിന് നല്‍കിയത് വാടകക്ക് വാങ്ങിയ തോക്ക്. വേണ്ടത്ര പരിശീലനമില്ലാതെ 2013ല്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മിത്തല്‍ മൂന്നാം സ്ഥാനം നേടി. സഹോദരിയുടെ കഴിവ് തിരിച്ചറിഞ്ഞ ജ്യേഷ്ഠന്‍ ജയ്നിഷ് തല്‍ക്കാലത്തേക്ക് 50 മീറ്റര്‍ ജര്‍മന്‍ റൈഫ്ള്‍ വാങ്ങി നല്‍കി. ഇതുപയോഗിച്ചായിരുന്നു ഇതുവരെ പരിശീലനം. സ്വന്തമായി തോക്ക് കിട്ടിയതോടെ ഡിസംബറില്‍ നടക്കുന്ന ദേശീയ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാകും. എട്ട് കിലോ ഭാരം വരുന്ന പുതിയ റൈഫിളിലെ ഓരോ ബുള്ളറ്റിനും 31 രൂപയാണ് ചെലവ്. ഓരോ ടൂര്‍ണമെന്‍റിലും പങ്കെടുക്കണമെങ്കില്‍ 1000 വെടിയുണ്ടകളെങ്കിലും വേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. മണിലാലിന്‍െറ ഓട്ടോറിക്ഷ ഇനി ഉരുളുന്നത് ഈ ബുള്ളറ്റുകള്‍ക്ക് വേണ്ടിയായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT