വെള്ളം വേണ്ടെന്ന് പറഞ്ഞത് കോച്ച് ; ആരോപണങ്ങള്‍ തിരുത്തി ജെയ്ഷ

ബംഗളൂരു: മാരത്തണില്‍ ഓടിത്തളര്‍ന്ന തനിക്ക് വെള്ളം പോലും കിട്ടാതിരുന്നതിന് പിന്നില്‍ പരിശീലകന്‍ നിക്കോളായ് സ്നസരേവാണെന്ന ആരോപണവുമായി മലയാളി താരം ഒ.പി. ജെയ്ഷ. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഇക്കാര്യത്തില്‍ കുറ്റക്കാരല്ല. നിക്കോളായ്ക്ക് കീഴില്‍ പരിശീലനം അവസാനിപ്പിക്കുന്നതായും മാരത്തണില്‍ ഇനി മത്സരിക്കില്ളെന്നും ജെയ്ഷ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാരത്തണ്‍ മത്സരത്തില്‍ വെള്ളം വേണമോയെന്ന് നിക്കോളായ് സ്നസരേവിനോടാണ് ഫെഡറേഷന്‍ ചോദിച്ചത്. അദ്ദേഹമാണ് വെള്ളം വേണ്ടെന്ന് പറഞ്ഞത്. സഹിക്കാനാവുന്നതില്‍ പരമാവധി സഹിച്ചു. ഇനി അദ്ദേഹത്തിന് കീഴില്‍ പരിശീലനം നടത്താന്‍ കഴിയില്ല. താരങ്ങള്‍ക്കുവേണ്ടി കോടികള്‍ മുടക്കാന്‍ വരെ തയാറായ ഫെഡറേഷന്‍ എന്തിന് വെള്ളം തരാതിരിക്കണം. വളരെ കര്‍ക്കശ സ്വഭാവക്കാരനാണ് നിക്കോളായ്. ഫോണ്‍ വാങ്ങിവെച്ച അദ്ദേഹം പുറത്തിറങ്ങിയാലും പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഫെഡറേഷന്‍െറ ഒരു യോഗത്തിലും പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നില്ല. ഫെഡറേഷന്‍ സെക്രട്ടറി സി.കെ. വത്സനുമായി സംസാരിക്കുന്നതിന് അവസരം ലഭിച്ചില്ല. മാരത്തണില്‍ മത്സരിക്കില്ളെങ്കിലും വിവാദങ്ങളുടെ പേരില്‍ ട്രാക്കില്‍ നിന്ന് വിരമിക്കാനില്ല. 1,500 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജെയ്ഷ പറഞ്ഞു.

മത്സരത്തിനിടെ വെള്ളമോ പഴങ്ങളോ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയില്ളെന്ന ജെയ്ഷയുടെ ആരോപണത്തിനെതിരെ ഫെഡറേഷന്‍ രംഗത്തുവന്നിരുന്നു. അത്ലറ്റിക് ഫെഡറേഷന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് കഴിഞ്ഞ ദിവസംവരെ വിളിച്ചുപറഞ്ഞ താരം പൊടുന്നനെയാണ് നിലപാട് മാറ്റിയത്. ജെയ്ഷയും നിക്കോളായിയും തമ്മില്‍ നേരത്തെ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. മാരത്തണ്‍ ഓടാന്‍ പറ്റില്ളെന്നറിയിച്ച് ജെയ്ഷ അത്ലറ്റിക് ഫെഡറേഷനും സായിക്കും കത്തെഴുതിയെങ്കിലും നിക്കോളായി സമ്മതിച്ചിരുന്നില്ല. 1,500 മീറ്ററില്‍ മത്സരിച്ച് യോഗ്യത നേടാനുള്ള ശ്രമത്തെ പരിശീലകന്‍ നിരുത്സാഹപ്പെടുത്തിയെന്നും താരം പറഞ്ഞിരുന്നു. നിക്കോളായിയുടെ തീരുമാനം മറികടന്നാണ് അത്ലറ്റിക് ഫെഡറേഷന്‍െറ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ 1,500 മീറ്ററില്‍ പങ്കെടുത്തത്. ജെയ്ഷയുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT