വനിതകളുടെ 800 മീറ്ററില്‍ കാസ്റ്റര്‍ സെമന്യക്ക് സ്വര്‍ണം

റിയോ ഡെ ജനീറോ: പെണ്ണല്ളെന്ന് വിധിയെഴുതിയവരുടെ മുഖത്തടിച്ച് ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക് കന്നി ഒളിമ്പിക്സ് സ്വര്‍ണം. വനിതകളുടെ 800 മീറ്ററില്‍ ഒരു മിനിറ്റ് 55.28 സെക്കന്‍ഡിലാണ് സെമന്യ ഫിനിഷ് ചെയ്തത്. സെമന്യയുടെ മികച്ച വ്യക്തിഗത സമയമാണ് ഹവലാഞ്ച് ഒളിമ്പിക് സ്റ്റേഡിയത്തിലെ നീലട്രാക്കില്‍ പിറന്നത്. ഒപ്പം ദക്ഷിണാഫ്രിക്കയിലെ ദേശീയ റെക്കോഡും ഒളിമ്പിക്സ് ചരിത്രത്തിലെ അഞ്ചാമത്തെ മികച്ച സമയവുമാണിത്.

ആഫ്രിക്കന്‍ വന്‍കരയുടെ ആധിപത്യം കണ്ട പോരാട്ടത്തില്‍ ബുറുണ്ടിയുടെ ഫ്രാന്‍സിന്‍ നിയോന്‍സബക്കാണ് വെള്ളി. സമയം-ഒരു മിനിറ്റ് 56.49 സെക്കന്‍ഡ്. കെനിയയുടെ മാര്‍ഗരറ്റ് വാംബുയിക്കാണ് (ഒരു മിനിറ്റ് 56.89 സെക്കന്‍ഡ്) വെങ്കലം. ഒളിമ്പിക്സിലെ മെഡല്‍ ഏത് താരത്തിന്‍െറയും സ്വപ്നമാണെന്ന് സെമന്യ മത്സരശേഷം പറഞ്ഞു.
പുരുഷ ശരീരത്തില്‍ കാണുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്‍െറ അളവ് പ്രത്യേക കാരണമില്ലാതെ വര്‍ധിക്കുന്ന ഹൈപ്പര്‍ ആന്‍ഡ്രോജനിസം എന്ന പ്രതിഭാസമാണ് സെമന്യക്ക് മുമ്പ് വിനയായത്. 2008 മുതല്‍ ലോകവേദികളില്‍ പുത്തന്‍ സമയം കുറിച്ച ഈ താരം പെണ്ണല്ളെന്ന് കൂടെ മത്സരിക്കുന്നവരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. 2009ല്‍ 18ാം വയസ്സില്‍ ബര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് സെമന്യക്കെതിരെ എതിര്‍പ്പ് ശക്തമായത്. ലിംഗപരിശോധനയടക്കം നടത്തിയിരുന്നു. 11 മാസം ട്രാക്കിന് പുറത്തായിരുന്നു. ടെസ്റ്റോസ്റ്റിറോണിന്‍െറ അളവ് നിശ്ചിത പരിധിയില്‍ കൂടരുതെന്ന് ലോക അത്ലറ്റിക് ഫെഡറേഷന്‍ നിര്‍ദേശിച്ചത് സെമന്യക്ക് തിരിച്ചടിയായി. ഹോര്‍മോണ്‍ അളവ് കുറക്കാന്‍ മരുന്നുകഴിച്ചത് പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ഇതിനിടെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും നേടി. സ്വിറ്റ്സര്‍ലന്‍ഡിലെ ലുസെയ്നിലെ ലോക കായികതര്‍ക്ക പരിഹാര കോടതി കഴിഞ്ഞവര്‍ഷം സെമന്യക്ക് തുണയായി. ടെസ്റ്റോസ്റ്റിറോണിന്‍െറ അളവ് നിയന്ത്രിക്കണമെന്ന അത്ലറ്റിക് ഫെഡറേഷന്‍െറ നിര്‍ദേശം കോടതി തള്ളുകയായിരുന്നു. ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതീ ചന്ദ് ഇതേ ആരോപണം നേരിട്ടിരുന്നു. ദ്യുതീക്ക് രക്ഷയായതും ലോക കായികതര്‍ക്ക പരിഹാര കോടതിയായിരുന്നു.

റിയോയില്‍ സെമന്യക്ക് പിന്നില്‍ വെള്ളി നേടിയ ബുറുണ്ടിയുടെ ഫ്രാന്‍സിന്‍ നിയോന്‍സബക്കയും കെനിയയുടെ മാര്‍ഗരറ്റ് വാംബുയിയും ഹൈപ്പര്‍ ആന്‍ഡ്രോജനിസം ഉള്ളവരാണ്. പുതിയ സാഹചര്യത്തില്‍ വീണ്ടും കായികകോടതിയെ സമീപിക്കുമെന്ന് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു. ടെസ്റ്റോസ്റ്റിറോണിന്‍െറ അളവ് താരങ്ങള്‍ കുറക്കണമെന്നാണ് ഫെഡറേഷന്‍െറ നിലപാട്. ശാരീരികമായ ആനുകൂല്യമുള്ളവര്‍ മെഡല്‍ നേടുകയാണെന്ന് സഹതാരങ്ങളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT