നര്‍സിങ് യാദവിന് നാലു വർഷം വിലക്ക്

റിയോ: ഒളിമ്പിക്സ് ഗോദയിലിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് ലോക കായിക തര്‍ക്കപരിഹാര കോടതിയുടെ ചുവപ്പു കാര്‍ഡ്. ഉത്തേജക വിവാദത്തില്‍ കുരുങ്ങിയ നര്‍സിങ്ങിനെ കുറ്റമുക്തനാക്കിയ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ നടപടി തള്ളിയ കായിക കോടതി, നാലു വര്‍ഷത്തെ വിലക്കും പ്രഖ്യാപിച്ചു.  ഇതോടെ റിയോ ഒളിമ്പിക്സും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയും ഇന്ത്യയുടെ മുന്‍നിര ഗുസ്തി താരത്തിന് നഷ്ടമാവും. ഉത്തേജക വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നായിരുന്നു നര്‍സിങ്ങിന്‍െറയും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍െറയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, പാനലിനു മുമ്പാകെ ഇത് തെളിയിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി.

രണ്ടു പരിശോധനാ ഫലവും എതിരായ താരം ഒളിമ്പിക്സില്‍ മത്സരിക്കുന്നതിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) റിയോയിലുള്ള കായിക കോടതിയെ സമീപിച്ചത്. 74 കിലോ വിഭാഗത്തില്‍ വെള്ളിയാഴ്ച ഗോദയിലിറങ്ങാനിരിക്കെയായിരുന്നു അന്തിമ വാദംകേള്‍ക്കല്‍.  ഇതിനു പിന്നാലെ, ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെയാണ് നര്‍സിങ്ങിനെ വിലക്കിയതായി വിധി വന്നത്. ജൂണ്‍ 25നും ജൂലൈ അഞ്ചിനും ശേഖരിച്ച സാമ്പ്ള്‍ റിപ്പോര്‍ട്ടിലായിരുന്നു നര്‍സിങ് ഉത്തേജകം ഉപയോഗിച്ചതായി കണ്ടത്തെിയത്. എന്നാല്‍, സോനിപ്പത്തിലെ പരിശീലന ക്യാമ്പില്‍ ആരോ ഭക്ഷണത്തില്‍ ഉത്തേജകം ചേര്‍ത്തതായും പുറത്തുനിന്നുള്ളവരുടെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമായിരുന്നു നര്‍സിങ്ങിന്‍െറ വാദം. ഒടുവില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി കുറ്റമുക്തനാക്കിയതോടെയാണ് ഇന്ത്യന്‍ താരം റിയോയിലേക്ക് പറന്നത്.

കൂട്ടുകാരുടെ ചതി -ഐ.ഒ.എ
റിയോ: കൂട്ടുകാരുടെ ചതിപ്രയോഗത്തിന്‍െറ ഇരയാണ് നര്‍സിങ് യാദവെന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍. ‘സ്പോര്‍ട് കോടതിയില്‍ നിന്നോ, അദ്ദേഹത്തിന്‍െറ എതിരാളികളില്‍ നിന്നോ ഏറ്റ തോല്‍വിയല്ലിത്. സ്വന്തം കൂട്ടുകാര്‍ ചേര്‍ന്ന് തോല്‍പിക്കുകയായിരുന്നു. നര്‍സിങ് ഒളിമ്പിക്സില്‍ പങ്കെടുക്കരുതെന്ന് ആഗ്രഹിച്ചവരുടെ വിജയമാണിത്’ -സ്പോര്‍ട്സ് കോടതി ഉത്തരവിനു പിന്നാലെ ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത പ്രതികരിച്ചു. എന്നാല്‍, നര്‍സിങ്ങിനെ ചതിച്ചത് ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

നിരപരാധിത്വം തെളിയിക്കും –നര്‍സിങ്
റിയോ: ഒളിമ്പിക്സ് സ്വപ്നം തകര്‍ന്നെങ്കിലും തന്‍െറ നിരപരാധിത്വം തെളിയിക്കുമെന്ന് നര്‍സിങ് യാദവ്. ‘സ്പോര്‍ട്സ് കോടതി വിധി തീര്‍ത്തും നിരാശപ്പെടുത്തി. അനുകൂലമാവുമെന്നായിരുന്നു പ്രതീക്ഷ.  കഴിഞ്ഞ രണ്ടുമാസം മാനസികമായി ഏറെ വേദനിച്ചെങ്കിലും രാജ്യത്തിനായി മത്സരിക്കാനും മെഡല്‍ നേടാനുമാവുമെന്നും വിശ്വസിച്ചു. മത്സരത്തിന് 12 മണിക്കൂര്‍ മുമ്പ് മാത്രമുണ്ടായ വിധി എന്നെ തളര്‍ത്തി’ -നര്‍സിങ് പറഞ്ഞു. എങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ അവസാനം വരെ പോരാടും -ഇന്ത്യന്‍ താരം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT