മത്സരച്ചൂടല്ല സ്നേഹത്തിന്‍െറ കൈത്താങ്ങ്​ (Video)

റിയോ ഡെ ജനീറോ: മത്സരത്തിന്‍െറ ചൂടിനപ്പുറം ട്രാക്കില്‍ സ്നേഹത്തിന്‍െറ നിറക്കാഴ്ചകള്‍ സമ്മാനിച്ച് രണ്ട് വനിതാ അത്ലറ്റുകള്‍. വനിതകളുടെ 5000 മീറ്ററിന്‍െറ ഹീറ്റ്സ് മത്സരത്തിനിടെയാണ് വിശ്വമാനവ സൗഹൃദമെന്ന ഒളിമ്പിക്സ് ആശയങ്ങള്‍ ട്രാക്കില്‍ പുനരവതരിച്ചത്. അമേരിക്കയുടെ അബി ഡി അഗസ്റ്റിനോയും ന്യൂസിലന്‍ഡിന്‍െറ നിക്കി ഹാംബ്ളിനുമാണ് റിയോ ഒളിമ്പിക്സ്  സ്റ്റേഡിയത്തില്‍ കൈയടി നേടിയത്. 5000 മീറ്ററില്‍ എട്ടാം ലാപ്പിനിടെയാണ് സംഭവങ്ങളുടെ തുടക്കം. 5000 മീറ്ററിന്‍െറ രണ്ടാം ഹീറ്റ്സായിരുന്നു അത്. തിക്കിത്തിരക്കി താരങ്ങള്‍ കുതിക്കുകയായിരുന്നു. നിക്കിയുടെ തൊട്ടുപിന്നിലായാണ് അമേരിക്കക്കാരി അബി ഡി അഗസ്റ്റിനോ ഓടിയിരുന്നത്. നിക്കി പെട്ടെന്ന് ട്രാക്കില്‍ വീണപ്പോള്‍ പിന്നിലുണ്ടായിരുന്ന അബിയും കൂട്ടിയിടിച്ച്  മറിഞ്ഞുവീണു.

ഏറ്റവും പിന്നിലുണ്ടായിരുന്ന മറ്റൊരു താരം ഇവരെ മറികടന്ന് കുതിച്ചു. എന്നാല്‍, അബി അഗസ്റ്റിനോ എതിരാളിയായ നിക്കിയെ പിടിച്ചെഴുന്നേല്‍പിച്ചു. വീഴ്ചയില്‍ അബി അഗസ്റ്റിനോയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. നിക്കിയോട് ഓടാന്‍ പ്രേരിപ്പിച്ച അബി കുറച്ച് ചുവട് വെച്ച ശേഷം വീണ്ടും ട്രാക്കില്‍ വീണു. എന്നാല്‍, നിക്കി ഇവിടെ രക്ഷകയായി. അബിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഒടുവില്‍ ഇരുവരും ഓട്ടം പൂര്‍ത്തിയാക്കി. ഈ ഹീറ്റ്സില്‍ ഒന്നാമതായ ഇത്യോപ്യയുടെ അല്‍മാസ് അയാനയുടെ സമയത്തെക്കാള്‍ രണ്ട് മിനിറ്റ് വൈകിയാണ് അബിയുടെ  ഫിനിഷിങ്. 17 മിനിറ്റ് പത്ത് സെക്കന്‍ഡിലായിരുന്നു ആ ഓട്ടം. ഹാംബ്ളിന്‍ 16 മിനിറ്റ് 43.61 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കിയത്.  അല്‍പം നേരത്തെ നിക്കിയും അവസാന വര കടന്നിരുന്നു.  ഒടുവില്‍ ഇരുവരും കെട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിച്ചപ്പോള്‍ ഗാലറി കൈയടികളുമായി ഒപ്പം നിന്നു.

വീല്‍ചെയറിലാണ് അബി അഗസ്റ്റിനോ മൈതാനം വിട്ടത്. ബോധപൂര്‍വമായ സംഭവമല്ലാത്തതിനാല്‍ ഇരു താരങ്ങള്‍ക്കും സംഘാടകര്‍ ഫൈനലിലേക്ക് യോഗ്യതാ ടിക്കറ്റ് നല്‍കി. സാധാരണ 15 താരങ്ങളാണ് ഫൈനലിലുണ്ടാവുക. അബിയും നിക്കി ഹാംബ്ളിനും മറ്റൊരു ഹീറ്റ്സില്‍ ഇടറി വീണ ആസ്ട്രേലിയയുടെ ജെന്നിഫര്‍ വെന്‍തുമടക്കം പതിവില്‍ കവിഞ്ഞ് ഫൈനലില്‍ 18 താരങ്ങളുണ്ടാവും. പരിക്കേറ്റ അബിക്ക് ട്രാക്കിലിറങ്ങാനാവുമോയെന്ന് ഉറപ്പില്ല. തന്നെ പിടിച്ചെഴുന്നേല്‍പിച്ച അബി അഗസ്റ്റിനോയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും യഥാര്‍ഥ ഒളിമ്പിക്സ് ആവേശമാണിതെന്നും നിക്കി ഹാംബ്ളിന്‍ പറഞ്ഞു.

‘എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഞാനെങ്ങനെ ട്രാക്കില്‍ വീണു എന്നായിരുന്നു ചിന്ത. അപ്പോഴാണ് എന്‍െറ ചുമലില്‍ ഒരു കൈ വീണത്. എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ, നമുക്ക് ഓട്ടം പൂര്‍ത്തിയാക്കണം എന്നാണ് അവള്‍ പറഞ്ഞത്. അതെ, അതെ ഇത് ഒളിമ്പിക്സാണ്. നമുക്ക് ലക്ഷ്യത്തിലത്തെണമെന്ന് ഞാനും പറഞ്ഞു’ നികി ഹാംബ്ളിന്‍ പറഞ്ഞു. തനിക്ക് നാല് ലാപ്പായിരുന്നു ബാക്കിയുണ്ടായിരുന്നതെന്നും അബിക്ക് നാലാര ലാപ് ഒറ്റക്ക് ഓടേണ്ടി വന്നുവെന്നും നിക്കി പറയുന്നു. അവള്‍ ഓട്ടം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ട്. മുമ്പ് കണ്ടിട്ടില്ലാത്ത താരങ്ങള്‍ തമ്മിലുള്ള ഈ സ്നേഹപ്രകടനം ആശ്ചര്യകരമായ കാഴ്ചയാണെന്നും ന്യൂസിലന്‍ഡുകാരി അഭിപ്രായപ്പെട്ടു.

28കാരിയാണ് ഹാംബ്ളിന്‍. തനിക്ക് ഇനി അവസരമുണ്ടാകില്ളെന്നറിഞ്ഞാകും 24കാരിയായ അബി കൈപിടിച്ചുയര്‍ത്തിയതെന്നും ഹാംബ്ളിന്‍ പറഞ്ഞു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT