????????????? 10,000 ?????????? ???????? ??????? ???????????? ??? ???

വീഴ്ചയില്‍നിന്ന് സ്വര്‍ണത്തിലേക്ക് മുഹമ്മദ് ഫറാ

റിയോ ഡെ ജനീറോ: വീണിടത്ത് കിടക്കാന്‍ മുഹമ്മദ് ഫറാക്ക് സാധിക്കില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫറാ ചരിത്രത്തില്‍നിന്ന് തന്നെ നിഷ്കാസിതനായിപ്പോയേനെ. വീണ്ടും എഴുന്നേറ്റ് ഓടിയതാകട്ടെ പുതിയ ചരിത്രം രചിക്കാനും. 10,000 മീറ്റര്‍ ഓട്ടത്തില്‍ ലണ്ടനില്‍ നേടിയ സ്വര്‍ണം റിയോയില്‍ നിലനിര്‍ത്തിയതോടെ ഒളിമ്പിക്സ് ട്രാക്കില്‍ മൂന്നു സ്വര്‍ണം നേടുന്ന ആദ്യ  ഈ ബ്രിട്ടീഷ് താരമായി ഈ 33 കാരന്‍. 10,000 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന നാലാമത്തെ പുരുഷനും.

നാടകീയതയേറെയുണ്ടായിരുന്നു ശനിയാഴ്ച രാത്രിയിലെ  മത്സരത്തിന്. അവസാന ലാപ്പില്‍ കെനിയക്കാരന്‍ പോള്‍ തനൂയിയെ പിന്നിലാക്കിയാണ് നാലു വര്‍ഷം മുമ്പത്തെ ലണ്ടനിലെ അവിസ്മരണീയ രാത്രി ഈ സോമാലിയന്‍ വംശജന്‍ ആവര്‍ത്തിച്ചത്. 10ാം ലാപ്പില്‍ അമേരിക്കയുടെ ഗാലന്‍ റുപ്പിനെ തട്ടിയാണ് ഫറാ മറിഞ്ഞുവീണത്. എന്നാല്‍, സമയം ഒട്ടും പാഴാക്കാതെ ദൈവത്തെ വിളിച്ച് എഴുന്നേറ്റ് ഓട്ടം തുടര്‍ന്നു. ചുണ്ടില്‍ പുഞ്ചിരിയും വിരലുകളില്‍ ആത്മവിശ്വാസത്തിന്‍െറ മുദ്രയുമുണ്ടായിരുന്നു. ആ നിമിഷം ചിന്തിച്ചത് തന്‍െറ ഇത്രയും കാലത്തെകഠിനാധ്വാനത്തെക്കുറിച്ചുംകുടുംബത്തെക്കുറിച്ചുമായിരുന്നെന്ന് മത്സരശേഷം മോ ഫറാ പറഞ്ഞു. മാസങ്ങളായി കുടുംബത്തില്‍നിന്ന് അകന്നുനിന്നായിരുന്നു ഫറയുടെ കഠിനപരിശീലനം.

10,000 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 25 തവണയാണ് ട്രാക്ക് വലം വെക്കേണ്ടത്. 11 ലാപ് ബാക്കിയുള്ളപ്പോള്‍ ഫറാ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഒരു കി.മീറ്റര്‍ അവശേഷിക്കെ ഒന്നാമനും. എന്നാല്‍, അവസാന വട്ടത്തില്‍ 300 മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ പോള്‍ തനൂയിയുടെ ഒറ്റക്കുതിപ്പില്‍ പിന്നിലായ മോ ഫറാ എല്ലാ ഊര്‍ജവുമെടുത്ത് ഫിനിഷ് ലൈനിലേക്ക് കുതിച്ചു. 27 മിനിറ്റ് 5.17 സെക്കന്‍ഡില്‍ സ്വര്‍ണം വീണ്ടും ബ്രിട്ടന്‍െറ എക്കാലത്തെയും മികച്ച ദീര്‍ഘദൂര ഓട്ടക്കാരന് തന്നെ. രണ്ടു കൈയും തലയില്‍ തൊട്ട് ‘എം’ ആകൃതിയിലുള്ള തന്‍െറ വിജയമുദ്ര കാണിച്ച ശേഷം ട്രാക്കിനൊരു മുത്തം. രണ്ടാമതത്തെിയ കെനിയക്കാരന്‍െറ സമയം 27:05.64. ഇത്യോപ്യയില്‍നിന്നുള്ള തമിറാത്ത് തോലക്കാണ് വെങ്കലം. 34 പേരാണ് മത്സരത്തിലുണ്ടായിരുന്നത്.

ഇനി 5000 മീറ്റര്‍ മത്സരംകൂടി ബാക്കിയുണ്ട് ഫറാക്ക്. ലണ്ടനില്‍ അതിലും സ്വര്‍ണം ഈ മെലിഞ്ഞ രൂപത്തിന് തന്നെയായിരുന്നു. അതിനുശേഷം നടന്ന രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളിലും 5000, 10,000 മീറ്റര്‍ മത്സരങ്ങളിലും ഫറാ ചാമ്പ്യനായി. അതേനേട്ടം റിയോയിലും ആവര്‍ത്തിക്കാനായാല്‍ രണ്ടു ദീര്‍ഘദൂര ഇനങ്ങളില്‍ ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഇരട്ടവിജയം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയാകും മുഹമ്മദ് ഫറാ. ഒരു വീഴ്ച ഡബ്ള്‍ ഡബിളിന് തടസ്സമാകരുതെന്ന് ലോകവും ആഗ്രഹിച്ചിരുന്നെന്ന് ശനിയാഴ്ചയിലെ സ്വര്‍ണവിജയം എഴുന്നേറ്റുനിന്ന് കൈയടിച്ച് ആഘോഷിച്ച  റിയോയിലെ കാണികള്‍ വിളിച്ചുപറയുന്നു.

ചരിത്രനേട്ടത്തിനുശേഷം വികാരഭരിതനായാണ് നാലു മക്കളുടെ പിതാവായ ഫറാ മാധ്യമങ്ങളോട് സംസാരിച്ചത്. ‘എന്‍െറ മക്കള്‍ക്കുവേണ്ടിയാണ് ഈ വിജയം. ഇളയ മകള്‍ റിയന്നക്ക് ഇതുവരെ ഒരു മെഡല്‍ കിട്ടിയിട്ടില്ല’. സോമാലിയയിലെ മൊഗാദിശുവില്‍ ജനിച്ച്് എട്ടാം വയസ്സില്‍ പിതാവിനൊപ്പം ഇംഗ്ളണ്ടിലത്തെിയ മുഹമ്മദ് മുഖ്താര്‍ ജമാ ഫറാ ഓട്ടത്തിലൂടെ ബ്രിട്ടീഷ് മനസ്സ് കീഴടക്കുകയായിരുന്നു. ബുധനാഴ്ചയാണ് 5000 മീറ്റര്‍ മത്സരം തുടങ്ങുന്നത്. അടുത്ത ഞായറാഴ്ചയാണ് ഫൈനല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT