തോക്കിന്‍കുഴലിലെ മെഡല്‍ വിപ്ളവം

2008 ബെയ്ജിങ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്ര വെടിവെച്ചിടുന്നതുവരെ ഒളിമ്പിക്സില്‍ ഒരിന്ത്യക്കാരന് സ്വര്‍ണം കിട്ടാക്കനി തന്നെയായിരുന്നു. അതിന് മുമ്പ് എട്ടു തവണ ഇന്ത്യ സ്വര്‍ണമണിഞ്ഞതും ഹോക്കി എന്ന ടീമിനത്തിലായിരുന്നു. ഇന്ത്യക്കാരനും സ്വര്‍ണം നേടാമെന്നു തെളിയിച്ച് 110 കോടി ഇന്ത്യക്കാരുടെ അഭിമാനമായത് അഭിനവ് ബിന്ദ്രയിലൂടെ ആയിരുന്നുവെങ്കില്‍ ഇക്കുറി ഇന്ത്യ സ്വര്‍ണം സ്വപ്നം കാണുന്നതും തോക്കിന്‍കുഴലിലൂടെയാണ്.

ചരിത്രത്തില്‍ ആദ്യമായി ഇക്കുറി 12 പേരാണ് വെടിക്കോപ്പുകളുമായി ഒളിമ്പിക് പോരിനിറങ്ങുന്നത്. ഏറ്റവും കൂടുതല്‍ പേരുടെ ഇന്ത്യന്‍ സംഘം ഒളിമ്പിക്സിന് അണിനിരക്കുന്നതും ഇക്കുറി. ഒമ്പത് പുരുഷന്മാരും മൂന്ന് വനിതകളും അടങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ അഭിനവ് ബിന്ദ്രതന്നെ നായകന്‍.

‘പണ്ട് ഒരു ഷൂട്ടിങ് താരത്തെപ്പോലും ഒളിമ്പിക്സിനിറക്കാന്‍ തന്നെ പെടാപ്പാടു പെടണമായിരുന്നു. ആ ഇന്ത്യന്‍ ജഴ്സിയണഞ്ഞ് 12 പേരാണ് ഒളിമ്പിക്സിനിറങ്ങുന്നത്’ -ഇന്ത്യയുടെ മുന്‍ ഷൂട്ടിങ് കോച്ചും മലയാളിയുമായ സണ്ണി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘ഹാര്‍ഡ്ഷിപ് ക്വോട്ട, വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്നീ വഴികളിലൂടെയായിരുന്നു നമ്മള്‍ ഒളിമ്പിക്സിന് ഷൂട്ടര്‍മാരെ മുമ്പ് എത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ക്വാളിഫൈ ചെയ്ത 12 പേരെ അയക്കാന്‍ കഴിയുന്ന വിധം ഇന്ത്യ വളര്‍ന്നിരിക്കുന്നു. 2004ല്‍ ആതന്‍സ് ഒളിമ്പിക്സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി നേടിയ ശേഷം ഓരോ വര്‍ഷവും നമ്മള്‍ മെച്ചപ്പെടുകയായിരുന്നു. ലോക നിലവാരമുള്ള ഒരുപിടി താരങ്ങള്‍ നമുക്കുണ്ട്. പരിചയസമ്പന്നരും യുവാക്കളും അടങ്ങുന്ന ഈ ടീം ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയര്‍ത്തിപ്പിടിക്കുമെന്നുറപ്പുണ്ടെന്ന് സണ്ണി തോമസ് പറയുന്നു.

ഇക്കുറി ഇന്ത്യ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന താരം ജിതു റായിയാണ്. 50 മീറ്റര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗങ്ങളിലാണ് ജിതു മത്സരിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടത്തോടെയായിരുന്നു ജിതു ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയ ജിതു അപാര ഫോമിലാണ് എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. 50 മീറ്റര്‍ പിസ്റ്റളില്‍ ലോക റാങ്കിങ്ങില്‍ രണ്ടാമതുമാണ് നേപ്പാള്‍ വംശജനായ ഈ ഇന്ത്യക്കാരന്‍.

അഭിനവ് ബിന്ദ്ര തന്‍െറ ഒടുവിലത്തെ ഒളിമ്പിക് മത്സരത്തിന് റിയോയില്‍ ഇറങ്ങുന്നു. ബെയ്ജിങ്ങില്‍ സ്വര്‍ണമണിഞ്ഞ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അഭിനവ് ഇക്കുറിയും.ഗഗന്‍ നരംഗ്, ചെയ്ന്‍ സിങ്, ഗുര്‍പ്രീത് സിങ്, പ്രകാശ് നഞ്ചപ്പ, മാനവ്ജിത് സിങ്, കയ്നാന്‍ ചെനയ്, മൈരാജ് അഹമ്മദ് ഖാന്‍ തുടങ്ങിയവരും വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവരാണെന്ന് സണ്ണി തോമസ് പറയുന്നു.

എന്നാല്‍, വനിതാ വിഭാഗത്തില്‍ കറുത്ത കുതിരയാവാന്‍ അദ്ദേഹം സാധ്യത കല്‍പിക്കുന്നത് 10 മീറ്റര്‍ എയര്‍ റൈഫ്ള്‍സ് വിഭാഗത്തില്‍ മത്സരിക്കുന്ന അയോനിക പോളിനാണ്. ഹീന സിദ്ദു തന്‍േറതായ ദിവസത്തില്‍ അട്ടിമറിക്ക് സാധ്യതയുള്ള താരമാണ്. അപൂര്‍വി ചന്ദേല തന്‍െറ പുതിയ ബാരലില്‍ നടത്തിയ പരിശീലനത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ആതന്‍സ് ഒളിമ്പിക്സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളിയണിഞ്ഞ ശേഷം ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വന്തമായി മേല്‍വിലാസമുണ്ടായെന്നും അതിനു ശേഷം സ്വര്‍ണമടക്കം നേടി വളര്‍ച്ചയുടെ പടവിലാണ് ഇന്ത്യന്‍ കായിക രംഗമെന്നും ഇക്കുറിയും അതിന് തുടര്‍ച്ചയുണ്ടാകുമെന്നും സണ്ണി തോമസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT