ന്യൂഡല്‍ഹി: ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന മൂന്ന് മലയാളി അത്‌ലറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ നടപടിക്കൊരുങ്ങുന്നു. അനില്‍ഡ തോമസ്, അനു രാഘവന്‍, അഞ്ജു തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. പട്യാലയിലെ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ദേശീയ ^രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തിനകം ക്യാംപില്‍ ഹാജരാകുകയോ ക്യാമ്പില്‍ പങ്കെടുക്കാതിരിക്കുന്നതിന് വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ സെപ്തംബര്‍ 24ന് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഠനത്തെയും മറ്റും ബാധിക്കുന്നതിനാല്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ ക്യാമ്പില്‍നിന്ന് പേര് വെട്ടിയെന്നും മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷന്‍ താരങ്ങള്‍ക്ക് കത്ത് നല്‍കിയത്.
35ാം ദേശീയ ഗെയിംസില്‍ 400 മീറ്ററിലെ സ്വര്‍ണമെഡല്‍ ജേതാവായ അനില്‍ഡ ഡിഗ്രി അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനായ അനു രാഘവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. പഠനത്തിന് ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാല്‍ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് അനു ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പ്രതികരിച്ചു. ശ്വസനസംബന്ധമായ പ്രശ്നമുള്ളതിനാല്‍ ചികിത്സ നടക്കുകയാണെന്നായിരുന്നു അനില്‍ഡയുടെ പ്രതികരണം.
അതേസമയം പട്യാലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താരങ്ങള്‍ ക്യാംപില്‍നിന്ന് വിട്ടുനിന്നതെന്നും കേരളത്തിലെ കോച്ചിന് കീഴില്‍ പരിശീലനം തുടരാനാണ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കേരള അത്‌ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.