മയൂഖ ജോണിക്ക് ട്രിപ്പ്ള്‍ ജംപില്‍ മീറ്റ് റെക്കോഡ്

കൊല്‍ക്കത്ത: 55ാമത് നാഷനല്‍ ഓപണ്‍ അത്ലറ്റിക് മീറ്റിന്‍െറ മൂന്നാംദിനത്തില്‍ വനിതകളുടെ ട്രിപ്പ്ള്‍ ജംപില്‍ മലയാളികളുടെ മെഡല്‍ കൊയ്ത്ത്. ഒ.എന്‍.ജി.സിയുടെ മലയാളിതാരം മയൂഖ ജോണിയുടെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ റെയില്‍വേസിനായി എം.എ. പ്രജുഷയും കേരളത്തിനായി ശില്‍പ ചാക്കോയും സമ്മാനവേദിയില്‍ തലയുയര്‍ത്തിനിന്നു. മഴ തടസ്സപ്പെടുത്തിയ മൂന്നാംദിനത്തില്‍ മയൂഖയുടെ സ്വര്‍ണക്കുതിപ്പില്‍, റെയില്‍വേസിനെ പിന്തള്ളി ഒ.എന്‍.ജി.സി മെഡല്‍പട്ടികയുടെ തലപ്പത്തത്തെി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവുംമികച്ച പ്രകടനം നടത്തിയ മയൂഖ തന്‍െറതന്നെ മീറ്റ് റെക്കോഡ് തിരുത്തിക്കുറിച്ചുകൊണ്ട് സ്വര്‍ണത്തിലേക്ക് കുതിച്ചുചാടി. 13.78 മീറ്റര്‍ താണ്ടിയ മയൂഖ, നാലുവര്‍ഷം മുമ്പ് ഇതേ നഗരത്തില്‍ കുറിച്ച 13.71 മീറ്ററിന്‍െറ സ്വന്തംപ്രകടനമാണ് പഴങ്കഥയാക്കിയത്. ഓപണ്‍ മീറ്റില്‍ മയൂഖയുടെ മൂന്നാം സ്വര്‍ണമാണിത്. മെഡല്‍വേദിയില്‍ പൂര്‍ണ മലയാളിസാന്നിധ്യം ഉറപ്പിച്ച്, 12.79 മീറ്റര്‍ വീതം പിന്നിട്ട പ്രജുഷയും ശില്‍പയും വെള്ളിയും വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലും മലയാളിക്കരുത്താണ് സ്വര്‍ണമണിഞ്ഞത്. ഒ.എന്‍.ജി.സിക്കായി അനു രാഘവന്‍ 58.73 സെക്കന്‍ഡില്‍ ഒന്നാമതത്തെി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ റെയില്‍വേസിന്‍െറ മലയാളിതാരം ജിതിന്‍ പോള്‍ വെങ്കലം നേടി.

റെയില്‍വേസിന്‍െറ അന്നു റാണി വനിതകളുടെ ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോഡോടെ(58.85 മീറ്റര്‍) സ്വര്‍ണം നേടി. ഒന്നാം സ്ഥാനത്തേക്ക് കയറിയ ഒ.എന്‍.ജി.സിക്ക് ഒമ്പതുവീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT