കൊല്‍ക്കത്ത: നാഷനല്‍ ഓപണ്‍ അത്ലറ്റിക് മീറ്റിന്‍െറ രണ്ടാംദിനത്തില്‍ കാണികള്‍ക്കിടയിലെ താരമായത് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് വെങ്കല ജേതാവായ ആരോക്യ രാജീവ്. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡിന് തുല്യമായ പ്രകടനം കാഴ്ചവെച്ച് രാജീവ് സുവര്‍ണനേട്ടം കൈവരിച്ചു. കൊല്‍ക്കത്തയില്‍ 17 വര്‍ഷംമുമ്പ് പരംജിത് സിങ് കുറിച്ച 45.70 സെക്കന്‍ഡ് സമയത്തിന്‍െറ റെക്കോഡിനൊപ്പമാണ് സര്‍വിസസ് താരം കുതിച്ചത്തെിയത്. മില്‍ഖ സിങ്ങിന്‍െറ 38 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകര്‍ത്താണ് അന്ന് പരംജിത് സിങ് റെക്കോഡ് കുറിച്ചത്. വ്യക്തിഗത സമയം മെച്ചപ്പെടുത്താനും വ്യാഴാഴ്ചത്തെ പ്രകടനത്തിലൂടെ രാജീവിനായി.
വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിച്ച ഒ.എന്‍.ജി.സി താരം എം.ആര്‍. പൂവമ്മ അപൂര്‍വമായൊരു നേട്ടത്തിനും ഉടമയായി. തുടര്‍ച്ചയായ അഞ്ചാം മീറ്റ് സ്വര്‍ണമാണ് ഇത്തവണ 53.55 സെക്കന്‍ഡില്‍ ഫിനിഷിങ് പോയന്‍റ് തൊട്ട കര്‍ണാടകക്കാരി സ്വന്തമാക്കിയത്. റെയില്‍വേസിന്‍െറ മലയാളിതാരം കെ.എം. ബീനാമോള്‍ 1999-2002ല്‍ നേടിയ തുടര്‍ച്ചയായ നാലു സ്വര്‍ണമെന്ന നേട്ടമാണ് പൂവമ്മ മറികടന്നത്. ഈ ഇനത്തില്‍ റെയില്‍വേസിന്‍െറ മലയാളിതാരം സിനി ജോസ് വെങ്കലം നേടി.
100 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് കുതിച്ച് റെയില്‍വേ താരങ്ങളായ മണികണ്ഠ രാജും ദ്യുതീ ചന്ദും പുരുഷ-വനിത വിഭാഗങ്ങളില്‍ വേഗതാരങ്ങളായി. 10.70 സെക്കന്‍ഡിലാണ് മണികണ്ഠ രാജ് ഫിനിഷ് ചെയ്തത്. ദ്യുതീ 11.68 സെക്കന്‍ഡില്‍ സ്വര്‍ണം തൊട്ടു.
ഷോട്ട്പുട്ടില്‍ തന്‍െറ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഹരിയാനതാരം ഇന്ദര്‍ജീത് സിങ് മീറ്റ് റെക്കോഡോടുകൂടി സ്വര്‍ണത്തിലേക്ക് ഷോട്ടെറിഞ്ഞു. 19.82 മീറ്ററാണ് ഇന്ദര്‍ജീത് താണ്ടിയത്. 2003ല്‍ മഹാദുര്‍ സിങ് കുറിച്ച 19.59 മീറ്റര്‍ റെക്കോഡാണ് പഴങ്കഥയായത്. നിലവിലെ ദേശീയ റെക്കോഡുകാരനായ (20.69 മീറ്റര്‍) ഓം പ്രകാശ് സിങ് രണ്ട് മീറ്ററോളം പിന്നിലായി 17.96 മീറ്റര്‍ എറിഞ്ഞ് വെള്ളി നേട്ടവുമായി മടങ്ങി.
വനിതകളുടെ 300 മീറ്റര്‍ സ്റ്റീപ്ള്‍ചെയ്സില്‍ റെയില്‍വേസിന്‍െറ ലളിത ബബര്‍ പുതിയ മീറ്റ് റെക്കോഡിനുടമയായി. 9:39:83 എന്ന പുതിയ സമയംകുറിച്ച ലളിത സഹതാരമായ സുധ സിങ് കഴിഞ്ഞവര്‍ഷം കുറിച്ച റെക്കോഡാണ് മറികടന്നത്. സീസണിലെ മികച്ച സമയവുമായി ഫോമിലേക്ക് തിരിച്ചത്തെിയ സുധ വെള്ളി നേടി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി കെ.വി. സജിത വെള്ളി നേടി. 14.27 സെക്കന്‍ഡിലാണ് സജിത രണ്ടാമതായി ഫിനിഷ് ചെയ്തത്. തമിഴ്നാടിന്‍െറ ഗായത്രിക്കാണ് സ്വര്‍ണം (14.16 സെക്കന്‍ഡ്).
128 പോയന്‍റുമായി റെയില്‍വേസാണ് മുന്നില്‍. രണ്ടാമതുള്ള ഒ.എന്‍.ജി.സിക്ക് 82 പോയന്‍റാണുള്ളത്. 81 പോയന്‍റുമായി സര്‍വിസസാണ് മൂന്നാമത്. 12 പോയന്‍റ് മാത്രം ഇതുവരെ നേടാനായ കേരളം എട്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.