കോളജ് ഗെയിംസ്: അസംപ്ഷന് കിരീടം

തിരുവനന്തപുരം: ഓളപ്പരപ്പില്‍ ചെമ്പഴന്തി എസ്.എന്‍ കോളജും ട്രാക്കില്‍ പാല അല്‍ഫോണ്‍സയും ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് ഒമ്പതാമത് കോളജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കിരീടം നിലനിര്‍ത്തി. ലക്ഷംരൂപയും 23 പവന്‍െറ ട്രോഫിയുമാണ് സമ്മാനം. നീന്തല്‍ മത്സരങ്ങളിലെ ഓവറോള്‍ കിരീടത്തിലൂടെ ലഭിച്ച പത്തുപോയന്‍റുമായി  ചെമ്പഴന്തി എസ്.എന്‍ കോളജ് അസംപ്ഷന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത്ലറ്റിക്സിന് പുറമേ വെള്ളിയാഴ്ച നടന്ന വനിതകളുടെ ഹാന്‍ഡ് ബാളില്‍ സ്വര്‍ണവും  വോളിബാളില്‍ വെള്ളിയും നേടി അസംപ്ഷന്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
ഹാന്‍ഡ്ബാളില്‍ കാലിക്കറ്റ് പ്രോവിഡന്‍സിനെയാണ്  അസംപ്ഷന്‍  തകര്‍ത്തത്. വോളിബാളില്‍ കണ്ണൂര്‍ കെ.എം.എം കോളജിനാണ് സ്വര്‍ണം.  അത്ലറ്റിക്സ് പുരുഷവിഭാഗത്തില്‍ പാല സെന്‍റ് തോമസ് കോളജ്  ഓവറോള്‍ കിരീടം നേടിയപ്പോള്‍ വനിതാവിഭാഗത്തില്‍ അസംപ്ഷന്‍ കീരിടം നിലനിര്‍ത്തി.
 കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം.എ. വാഹിദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂന്നുദിവസമായി നടന്ന മീറ്റില്‍ അക്വാട്ടിക്സില്‍ 27ഉം അത്ലറ്റിക്സില്‍ 11മടക്കം 38 മീറ്റ് റെക്കോഡുകളാണ് പിറന്നത്. വെള്ളിയാഴ്ച പെണ്‍കുട്ടികളുടെ 10000 മീറ്ററില്‍  പാല മേഴ്സി കോളജിലെ എം.ഡി. താരയാണ് 38 മി. 20.7 സെക്കന്‍റില്‍ പുതിയ മീറ്റ് റെക്കോഡിട്ടത്. 2003ല്‍ ഒ.പി. ജയ്ഷ സ്ഥാപിച്ച 38 മിനിറ്റ് 8.68 സെക്കന്‍റാണ് പഴങ്കഥയായത്. വനിതകളുടെ 100 മീറ്ററില്‍  അസംപ്ഷന്‍ കോളജിലെ കെ. മഞ്ജു(12.45 സെക്കന്‍റ്) സ്വര്‍ണം നേടി. പാല അല്‍ഫോണ്‍സ കോളജിലെ സിനി അലക്സിനാണ് (12.66 സെക്കന്‍ഡ്) വെള്ളി. തിരുവനന്തപുരം കാര്യവട്ടം കോളജിലെ സിലബി എ.പിക്കാണ് വെങ്കലം. പുരുഷന്മാരുടെ 100 മീറ്ററില്‍ കൊല്ലം എസ്.       എന്‍ കോളജിലെ എസ്. ലിഖിന്‍  വേഗത്തിന്‍െറ പുതിയ രാജാവായി. 10.97 സെക്കന്‍ഡിലാണ് ലിഖിന്‍ സ്വര്‍ണം നേടിയത്. നേരത്തെ 200 മീറ്ററിലും ലിഖിന്‍ സ്വര്‍ണം നേടിയിരുന്നു.  തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സി. മുഹമ്മദ് യാസിനാണ് വെള്ളി.
പുരുഷവിഭാഗത്തില്‍ 20 പോയന്‍റ് നേടിയ എസ്.എന്‍. കോളജിലെ എ.എസ്. ആനന്ദും വനിതാവിഭാഗത്തില്‍ 20 പോയന്‍റ് വീതം നേടി എം.ജി.കോളജിലെ ശ്രീക്കുട്ടിയും എസ്.എന്‍ കോളജിലെ ആരതിയും മീറ്റിലെ മികച്ച താരങ്ങളായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT