കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്: ജിസ്നക്ക് വെള്ളി

അപീയ (സമോവ): രണ്ടാം ദിനത്തിലും കരുത്തുറ്റ പ്രകടനം തുടര്‍ന്ന ഇന്ത്യ രണ്ടു സ്വര്‍ണമുള്‍പ്പെടെ അഞ്ചു മെഡലുകള്‍ കൂടി അഞ്ചാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സ്വന്തമാക്കി. മലയാളി താരം ജിസ്ന മാത്യുവിന്‍െറ വെള്ളി നേട്ടവും ഇതിലുള്‍പ്പെടുന്നു. തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഭാരോദ്വഹന വേദിയില്‍ ഇന്ത്യ സ്വര്‍ണമുയര്‍ത്തി. 62 കിലോ വിഭാഗത്തില്‍ ദീപക് ലാത്തര്‍ ആണ് ഇന്ത്യയുടെ ഇത്തവണത്തെ മൂന്നാം സ്വര്‍ണം നേടിയത്. ജാവലിന്‍ ത്രോയില്‍ മുഹമ്മദ് ഹദിഷ് ആണ് ദിവസത്തിലെ രണ്ടാം സ്വര്‍ണവേട്ടക്കാരന്‍. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യു വെള്ളിക്കുതിപ്പ് നടത്തിയത്. 53.14 സെക്കന്‍ഡിലാണ് ജിസ്ന ഫിനിഷ് ചെയ്തത്. 400 മീറ്ററില്‍ താരത്തിന്‍െറ ഏറ്റവും മികച്ച പ്രകടനമാണിത്. സെക്കന്‍ഡിന്‍െറ 100ല്‍ അഞ്ച് അംശത്തിലാണ് ജിസ്നക്ക് സ്വര്‍ണം നഷ്ടമായത്.
ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ചന്ദന്‍ ബൗരിയും സ്ക്വാഷ് സിംഗ്ള്‍സില്‍ വെലവന്‍ സെന്തില്‍കുമാറും വെങ്കലനേട്ടവുമായി ഇന്ത്യന്‍ കുതിപ്പിന് മാറ്റുകൂട്ടി. ഒന്നാം ദിനം രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്ന ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
15കാരനായ  ദീപക് ലാത്തര്‍ സ്നാച്ചില്‍ ഗെയിംസ് റെക്കോഡോടെയാണ് സുവര്‍ണനേട്ടത്തിനുടമയായത്. ആകെ 258 കിലോ ഉയര്‍ത്തിയ താരം സ്നാച്ചില്‍ 120 കിലോയും ക്ളീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോയുമാണ് ഉയര്‍ത്തിയത്. രണ്ടാം ദിനം അത്ലറ്റിക്സില്‍ മൂന്നു ഫൈനലുകളിലാണ് ഇന്ത്യ പങ്കെടുത്തത്. മൂന്നെണ്ണത്തിലുമായി മുഹമ്മദ് ഹദിഷും ജിസ്നയും ചന്ദന്‍ ബൗരിയും മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കൊപ്പം പുതിയ ഇന്ത്യന്‍ യൂത്ത് റെക്കോഡുകളും സ്ഥാപിച്ചാണ് മെഡലുകള്‍ നേടിയത്. 79.29 മീറ്ററാണ് ഹദിഷിന്‍െറ ജാവലിന്‍ താണ്ടിയത്. 46.99 സെക്കന്‍ഡിലാണ് ചന്ദര്‍ വെങ്കലം നേടിയത്. പാകിസ്താന്‍െറ ഇസ്റാര്‍ അഹമ്മദിനെ 3^0ത്തിന് (11^0, 11^0, 11^0) തോല്‍പിച്ചാണ് വെങ്കല മെഡല്‍ മത്സരം വെലവന്‍ സെന്തില്‍കുമാര്‍ നേടിയത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 800 മീറ്ററില്‍ യഥാക്രമം  ബിയാന്ത് സിങ്ങും ഉഷാ സ്കൂളിലെ മറ്റൊരു താരമായ അമിത മേരി മാനുവലും ഫൈനലില്‍ കടന്നു. ജിസ്നയും അമിതയും 4x400 മീറ്റര്‍ റിലേയിലും മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT