സര്‍ക്കാര്‍ സ്പോണ്‍സേഡ് മരുന്നടി: റഷ്യക്ക് ഒളിമ്പിക്സ് വിലക്കിന് ശിപാര്‍ശ

ജനീവ: റഷ്യയില്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് മരുന്നടിയുടെ ഉള്ളറക്കഥകളുമായി ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) അന്വേഷണ റിപ്പോര്‍ട്ട്. വഴിവിട്ട രീതിയില്‍ മരുന്നടിക്ക് അവസരമൊരുക്കിയ റഷ്യന്‍ അത്ലറ്റിക്സിനെ 2016 റിയോ ഒളിമ്പിക്സില്‍നിന്ന് വിലക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ മുമ്പാകെ ‘വാഡ’ കമീഷന്‍ ശിപാര്‍ശ ചെയ്തു. ഒളിമ്പിക്സിന് ദീപം തെളിയാന്‍ 270 ദിവസം ബാക്കിനില്‍ക്കെയാണ് അത്ലറ്റിക്സ് ലോകത്തെ ഞെട്ടിച്ച് ഡിക് പൗണ്ട് അധ്യക്ഷനായുള്ള ‘വാഡ’ സ്വതന്ത്രാന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഉത്തേജകവിരുദ്ധ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഐ.എ.എ.എഫും പരാജയപ്പെട്ടതായി കമീഷന്‍ കുറ്റപ്പെടുത്തി.

‘സോവിയറ്റ് യൂനിയന്‍െറ ശേഷിപ്പുകള്‍ റഷ്യന്‍ കായിക രംഗത്തും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ അറിവോടെയുള്ള മരുന്നടിയുടെ പേരില്‍ രാജ്യത്തെ ഉടന്‍ വിലക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ശുദ്ധികലശം നടത്തിയാല്‍ ഒളിമ്പിക്സില്‍ തിരിച്ചത്തൊം. വീഴ്ചവരുത്തിയാല്‍ റഷ്യന്‍ താരങ്ങളില്ലാത്ത അത്ലറ്റിക്സായിരിക്കും റിയോ ഒളിമ്പിക്സില്‍ നടക്കുക’ -ഡിക് പൗണ്ട് പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ അത്ലറ്റിക്സില്‍ അമേരിക്കക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു റഷ്യ.

തങ്ങളുടെ അത്ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ പിടികൂടാതിരിക്കാന്‍ സര്‍ക്കാറും അത്ലറ്റിക് ഫെഡറേഷനും ഗൂഢാലോചന നടത്തിയതായി കമീഷന്‍ ആരോപിച്ചു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ കൂടി സഹായത്തോടെയായിരുന്നു ഇത്. റഷ്യന്‍ അത്ലറ്റിക് ഫെഡറേഷനെയും ഒളിമ്പിക്സ് ചാമ്പ്യന്‍ മരിയ സവിനോവ ഉള്‍പ്പെടെ അഞ്ച് അത്ലറ്റുകളെയും വിലക്കാനും വാഡ അന്വേഷണ സംഘം നിര്‍ദേശിച്ചു. പരിശോധന സാമ്പ്ളുകള്‍ നശിപ്പിക്കുക, മരുന്നടിക്ക് വഴിയൊരുക്കുക, ഫലങ്ങള്‍ അട്ടിമറിക്കുക തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. റഷ്യന്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.എ.എ.എഫ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കോ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT