ലോകചാമ്പ്യന്‍ഷിപ്പ്: അമരിക്കന്‍ മേധാവിത്വം തകര്‍ത്ത് കെനിയയും ജമൈക്കയും

ബെയ്ജിങ്: ലോക അത്ലറ്റിക്സിന്‍െറ ചരിത്രം മാറ്റിയെഴുതി കെനിയയും ജമൈക്കയും സ്വര്‍ണസിംഹാസനത്തില്‍. അമേരിക്കയും റഷ്യയും വാണിരുന്ന ലോക ചാമ്പ്യന്‍പട്ടത്തില്‍ ട്രാക്കിലും ഫീല്‍ഡിലുമായി നേടിയെടുത്ത സ്വര്‍ണവുമായി ആഫ്രിക്കന്‍ രാജ്യം കെനിയ ജേതാക്കളായി.
ഏഴു സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവുമായി 16 മെഡലുകള്‍ പോക്കറ്റിലാക്കിയാണ് കെനിയ ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരാകുന്നത്. ദീര്‍ഘദൂര ഓട്ടക്കാരുടെ നാട് എന്ന നിലയില്‍ മാത്രം പേരെടുത്ത കെനിയ അത്ലറ്റിക്സിന്‍െറ സമസ്ത മേഖലയിലും മെഡല്‍കൊയ്ത്ത് നടത്തിയാണ് അതുല്യനേട്ടം സ്വന്തമാക്കിയത്.
ട്രിപ്ള്‍ സ്വര്‍ണം തികച്ച ഉസൈന്‍ ബോള്‍ട്ടിന്‍െറ ചിറകിലേറി പറന്ന ജമൈക്ക ഏഴു സ്വര്‍ണം സ്വന്തമാക്കിയെങ്കിലും വെള്ളിമെഡലിലെ എണ്ണക്കൂടുതല്‍ കെനിയക്ക് തുണയായി. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി ആകെ 12 മെഡലുകളാണ് കരീബിയന്‍ രാജ്യം നേടിയത്.
ദീര്‍ഘകാലമായി ലോക ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായി നിലയുറപ്പിച്ച അമേരിക്ക ആറു സ്വര്‍ണവും ആറു വെള്ളിയും ആറുവെങ്കലവുമായി മൂന്നാം സ്ഥാനത്തായി.
2013 മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതത്തെിയ റഷ്യ (7-4-6) ബെയ്ജിങ്ങില്‍ രണ്ടു സ്വര്‍ണവുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2012 ദെയ്ഗുവിലും (12-8-6), 2009 ബര്‍ലിനിലും (10-6-6), 2007 ഒസാകയിലും (14-4-8) അമേരിക്കയിലും ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ അമേരിക്കയുടെ കുത്തക തകര്‍ക്കുന്നതായിരുന്നു ബെയ്ജിങ്ങില്‍ കണ്ടത്.
1983ല്‍ ആരംഭിച്ച ലോക ചാമ്പ്യന്‍ഷിപ്പില്‍ 1991 തുടങ്ങിയ അമേരിക്കന്‍ ജൈത്രയാത്രക്ക് 2001ല്‍ മാത്രമേ ഇടവേള വന്നിട്ടുള്ളൂ.
പുരുഷ വിഭാഗം ട്രിപ്ള്‍ ജംപില്‍ 18.21 മീറ്റര്‍ പിന്നിട്ട് ലോകത്തിലെ ഏറ്റവും മികച്ച രണ്ടാം ദൂരം കണ്ടത്തെിയ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടൈലര്‍, 400 മീറ്ററില്‍ 43.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ വൈഡ് വാന്‍ നിക്കരക്, ജാവലിനില്‍ 14 വര്‍ഷത്തെ മികച്ച ദൂരം കണ്ട കെനിയയുടെ ജൂലിയസ് യേഗോ, ഡെക്കാത്ലണില്‍ സ്വന്തം റെക്കോഡ് തകര്‍ത്ത് പുതുചരിത്രം കുറിച്ച ആഷ്ടന്‍ ഈറ്റന്‍ എന്നിവര്‍ പക്ഷിക്കൂട്ടിലെ സൂപ്പര്‍ ഹീറോകളായി. ബെയ്ജിങ്ങിലെ ട്രപ്ളോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണമണിഞ്ഞ് ജീവിക്കുന്ന ഇതിഹാസമെന്ന് ഒരിക്കല്‍കൂടി വിളിപ്പിച്ച ബോള്‍ട്ട് തന്നെയാണ് ബെയ്ജിങ്ങിന്‍െറ സൂപ്പര്‍ താരം.
അവസാന ദിവസം നടന്ന മാരത്തണില്‍ ഇത്യോപ്യക്കാരി മരെ ഡിബാബ സ്വര്‍ണമണിഞ്ഞു. പുരുഷ ഹൈജംപില്‍ കാനഡയുടെ ഡെറിക് ഡ്രൂയിനും (2.34 മീ), വനിതാ ജാവലിന്‍ത്രോയില്‍ ജര്‍മനിയുടെ കാതറിന മോളിറ്ററും (67.69 മീ), 5000 മീറ്ററില്‍ ഇത്യോപ്യയുടെ അല്‍മസ് അയാനയും 1500 മീറ്ററില്‍ കെനിയയുടെ അസ്ബെല്‍ കിപ്റോപും സ്വര്‍ണമണിഞ്ഞു. 4x400 റിലേ വനിതകളില്‍ ജമൈക്കയും പുരുഷന്മാരില്‍ അമേരിക്കയുമാണ് ജേതാക്കളായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT