കിളിക്കൂടില്‍ വീണ്ടും ബോള്‍ട്ട്

ബെയ്ജിങ്: കിളിക്കൂട് സ്റ്റേഡിയത്തിനു മുകളില്‍ സൂര്യന്‍ മാഞ്ഞിരുന്നു. പ്രഭവിതറിയ കൃത്രിമ വെളിച്ചത്തിനുതാഴെ ഭൂമിലോകത്തെ അതിവേഗക്കാരായ ഒമ്പതു മനുഷ്യന്മാര്‍ നിരന്നുനിന്ന നിമിഷങ്ങള്‍. അഞ്ചാം നമ്പര്‍ ട്രാക്കില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. ഏഴാം നമ്പറില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍.  ഒരു വെടിമുഴക്കത്തിനായി ഒമ്പതുപേര്‍ക്കൊപ്പം ലോകവും നെഞ്ചിടിപ്പോടെ കാതോര്‍ത്തു. വെടിമുഴങ്ങിയപ്പോള്‍ വെറും ഒമ്പതു നിമിഷങ്ങള്‍. മിന്നല്‍പ്പിണരുകള്‍ നനഞ്ഞപടക്കമാവുമോ, പുതുചാമ്പ്യന്‍ പിറക്കുമോ, അതോ വേഗരാജ സിംഹാസനത്തില്‍ ബോള്‍ട്ട്തന്നെ നിലയുറപ്പിക്കുമോ? കായികപ്രേമികള്‍ ചോദിച്ച നൂറായിരം ചോദ്യങ്ങള്‍ക്ക് 9.79 സെക്കന്‍ഡില്‍ ഉത്തരമേകി ഉസൈന്‍ ബോള്‍ട്ട്തന്നെ ലോക ചാമ്പ്യന്‍പട്ടത്തില്‍ നിലയുറപ്പിച്ചു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണത്തിനുപിന്നാലെ, ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ അട്ടിമറിമോഹaങ്ങള്‍ നൂറിലൊരംശം നിമിഷവ്യത്യാസത്തില്‍ വലിച്ചെറിഞ്ഞ് ബോള്‍ട്ട്തന്നെ വേഗരാജനായി. 9.80 സെക്കന്‍ഡിലായിരുന്നു ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ ഫിനിഷിങ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സ്പ്രിന്‍റ് ട്രാക്കിലെ അതികായകനായി വിലസിയ ഗാറ്റ്ലിന്‍െറ സുവര്‍ണമോഹങ്ങളെല്ലാം പ്രിയപ്പെട്ട കിളിക്കൂട്ടില്‍ ബോള്‍ട്ട് തച്ചുടച്ചു. അമേരിക്കയുടെ 20 കാരന്‍ ട്രെവോണ്‍ ബ്രൊമല്‍ (9.92) വെങ്കലത്തില്‍ ഫിനിഷ് ചെയ്തു.  മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ ആറും (10.00), മുന്‍ ലോക റെക്കോഡുകാരന്‍ ജമൈക്കയുടെ അസഫ പവല്‍ ഏഴും (10.00) സ്ഥാനക്കാരായി നിരാശപ്പെടുത്തി.





ഊര്‍ജം സംഭരിച്ച് ബോള്‍ട്ട്
ഹീറ്റ്സിലും സെമിയിലും പ്രതീക്ഷകളുടെ ട്രാക്കിനു പുറത്തായിരുന്നു ബോള്‍ട്ടിന്‍െറ പ്രകടനം. ശനിയാഴ്ചത്തെ ഹീറ്റ്സ് മത്സരങ്ങളില്‍ ഗാറ്റ്ലിനും അസഫ പവലിനും പിന്നിലായിരുന്നു ലോക റെക്കോഡുകാരനെങ്കില്‍ ഒന്നാം സെമിയില്‍ വിറച്ചുപോയി. 9.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാമനായെങ്കിലും അവസാന മൂന്ന് മീറ്ററിനുള്ളില്‍ നേടിയ ലീഡാണ് ബോള്‍ട്ടിനെ അടിതെറ്റാതെ കാത്തത്. ഇതേ സമയത്തില്‍തന്നെ ഓടിയത്തെിയ കാനഡക്കാരന്‍ ആന്ദ്രെ ഡി ഗ്രാസിനായിരുന്നു മുക്കാല്‍ പങ്കും ലീഡ്. സ്റ്റാര്‍ട്ടിങ്ങിലെ ഇടര്‍ച്ച ബോള്‍ട്ടിന് വിനയായി.



അതേസമയം, ഗാറ്റ്ലിന്‍ (9.77സെ), ടൈസന്‍ ഗേ (9.96 സെ), പവല്‍ (9.97 സെ) എന്നിവര്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ മിന്നല്‍പിണറായാണ് ഫൈനലിലത്തെിയത്. രണ്ടുമണിക്കൂറിനുശേഷം കിളിക്കൂട് അതിവേഗക്കാരുടെ പോരാട്ടത്തിന് വീണ്ടുമുണര്‍ന്നപ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം സ്റ്റാര്‍ട്ടിങ് ബ്ളോക്കുകളിലായി. വെടിമുഴക്കത്തോട് സ്റ്റാര്‍ട്ടിങ് ബ്ളോക്കുകള്‍ കുതിരശക്തി വേഗതയില്‍ പ്രതികരിച്ചതോടെ, ബോള്‍ട്ടും ഗാറ്റ്ലിനും കുതിച്ചു. ഹീറ്റ്സിലും സെമിയിലും പതിയെ ഓടിയ ബോള്‍ട്ട് എല്ലാകരുത്തും ഫൈനലിലേക്ക് കാത്തുവെച്ചുവെന്ന പോലെയായി. ആദ്യ 30 മീറ്ററിനുള്ളില്‍ ലീഡ് നേടിയ ലോക ഒളിമ്പിക്സ് ചാമ്പ്യന്‍ 60 മീറ്റര്‍ പിന്നിടുമ്പോഴേക്കും അനിഷേധ്യനായി. അതേസമയം, അവസാന 30 മീറ്ററിനുള്ളില്‍ കുതിച്ചുപാഞ്ഞാണ് ഗാറ്റ്ലിന്‍ രണ്ടാമതത്തെിയത്. അമേരിക്കന്‍ കൗമാരതാരം ബ്രൊമല്‍ ചാമ്പ്യന്മാരെ വിറപ്പിക്കുന്ന പ്രകടനവുമായി സ്പ്രിന്‍റിലെ പുതുതാരോദയമായി പ്രഖ്യാപിക്കപ്പെട്ടു.



സീസണില്‍ ബോള്‍ട്ടിന്‍െറ ഏറ്റവുംമികച്ച സമയമാണിത്. 100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണത്തിനൊപ്പം, ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ സ്പ്രിന്‍റ് സ്വര്‍ണവും. 2009 ബെര്‍ലിന്‍, 2013 മോസ്കോ ചാമ്പ്യന്‍ഷിപ്പുകളിലാണ് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞത്. 2011 ദെയ്ഗു ചാമ്പ്യന്‍ഷിപ്പില്‍ അയോഗ്യനാക്കപ്പെടുകയായിരുന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ഒമ്പതാം സ്വര്‍ണം കൂടിയാണ് ലോകത്തെ അതിവേഗതാരത്തിന്‍േറത്. മൂന്നാം സ്പ്രിന്‍റ് ഡബ്ള്‍ ലക്ഷ്യമിട്ട് 200 മീറ്ററിലും ബോള്‍ട്ടിറങ്ങും.
28 മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ഗാറ്റ്ലിന്‍െറ കുതിപ്പിനാണ് ബെയ്ജിങ്ങില്‍ ബോള്‍ട്ട് അന്ത്യംകുറിച്ചത്.

Bolt 9.79, Gatlin 9.80, Bromell 9.92, De Grasse 9.92, Rodgers 9.94, Gay 10.00, Powell 10.00, Vicaut 10.00, Bingtian 10.06


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT