ഫെഡറേഷന്‍ കപ്പ് ദേശീയ ജൂനിയര്‍ മീറ്റ് : ഓവറോള്‍ കേരളം

ഹൈദരാബാദ്: അവസാന ദിനത്തിലെ മെഡല്‍കൊയ്ത്തിലൂടെ ദേശീയ ജൂനിയര്‍ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ കേരളത്തിന് ഓവറോള്‍ കിരീടം. അവസാന ലാപ്പില്‍ കരുത്തരായ ഹരിയാനയെ വീഴ്ത്തിയാണ് കേരളത്തിന്‍െറ ചാമ്പ്യന്‍പട്ടം. കേരളം 189 പോയന്‍റ് നേടി ഓവറോള്‍ പട്ടമണിഞ്ഞപ്പോള്‍, 161 പോയന്‍റുമായി ഹരിയാന രണ്ടാം സ്ഥാനക്കാരായി. വനിതകളില്‍ 123 പോയന്‍റുമായി കേരളം കിരീടമണിഞ്ഞു. തമിഴ്നാടാണ് (62) രണ്ടാം സ്ഥാനത്ത്. ആണ്‍കുട്ടികളില്‍ ഹരിയാന ഒന്നും (129 പോയന്‍റ്), തമിഴ്നാട്  (62) രണ്ടും സ്ഥാനക്കാരായി.
അവസാന ദിനത്തില്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും കൊയ്തുകൂട്ടിയായിരുന്നു കേരളത്തിന്‍െറ ചാമ്പ്യന്‍കുതിപ്പ്. ആണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപില്‍ പുതിയ മീറ്റ് റെക്കോഡ് പ്രകടനത്തോടെ സ്വര്‍ണമണിഞ്ഞ അബ്ദുല്ല അബൂബക്കറാണ് ഞായറാഴ്ച ജി.എം.സി. ബാലയോഗി സ്റ്റേഡിയത്തില്‍ നിറഞ്ഞത്. ഒമ്പതു വര്‍ഷം മുമ്പ് തമിഴ്നാടിന്‍െറ വിനോദ് രാജി കുറിച്ച 15.90 മീറ്ററെന്ന റെക്കോഡ് ദൂരത്തെ 15.91 മീറ്ററാക്കി ഉയര്‍ത്തിയാണ് മലയാളിതാരം സ്വര്‍ണമണിഞ്ഞത്. കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുല്ല അബൂബക്കര്‍ തിരുവനന്തപുരം സായി കല്ലടി എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ്.



ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ മലപ്പുറം തവനൂറുകാരനായ എം.പി. ജാബിര്‍ സ്വര്‍ണമണിഞ്ഞു. 52.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജാബിര്‍ ദേശീയ മീറ്റില്‍ സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണവും വെങ്കലവും കേരളം സ്വന്തമാക്കി. പി.ജി. അങ്കിത 1.65 മീറ്റര്‍ ചാടി സ്വര്‍ണമണിഞ്ഞപ്പോള്‍ കോട്ടയം ഭരണങ്ങാനം സ്കൂളിലെ ലിബിയ ഷാജി  വെങ്കലം നേടി. പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലാണ് കേരളത്തിന്‍െറ  നാലാം സ്വര്‍ണം പിറന്നത്. മീറ്റ് റെക്കോഡ് ഭേദിച്ച പ്രകടനവുമായി അഞ്ജലി ജോസ്, ജെറിന്‍ ജോസഫ്, കെ. സ്നേഹ, ഷഹര്‍ബാന്‍ സിദ്ദീഖ് എന്നിവരടങ്ങിയ ടീം സ്വര്‍ണത്തില്‍ മുത്തമിട്ടു. മൂന്ന് മിനിറ്റ് 46.97 സെക്കന്‍ഡിലായിരുന്നു സുവര്‍ണ ഫിനിഷ്. 2006ല്‍ കേരളംതന്നെ സ്ഥാപിച്ച 3:51.84 എന്ന സമയമാണ് തിരുത്തിയത്.

3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ഷിജോ രാജന്‍ (9:36.00 മി) വെള്ളി നേടി. ആണ്‍കുട്ടികളുടെ 4x400 റിലേയിലും കേരളം വെള്ളി നേടി. സഞ്ജു സാജന്‍, റാഷിദ് പി.കെ, ജിതേഷ്, രാഹുല്‍ രാജ് എന്നിവരാണ് കേരളത്തിനായി ബാറ്റണെടുത്തത്. തമിഴ്നാടിനാണ് സ്വര്‍ണം. ഇരു ടീമുകളുടെ മീറ്റ് റെക്കോഡ് തിരുത്തി.പെണ്‍കുട്ടികളിലാണ് നാലു വെങ്കലം പിറന്നത്. അഭിതമേരി മാനുവല്‍ (800 മീ), അനുമോള്‍ തമ്പി (3000 മീ), എയ്ഞ്ചല്‍ ജെയിംസ് (2000 സ്റ്റീപ്ള്‍ചേസ്) എന്നിവര്‍ വെങ്കലമണിഞ്ഞു. ഹരിയാനയുടെ അജയ്കുമാറും ഉത്തര്‍പ്രദേശിന്‍െറ സ്തുതി സിങ്ങും മീറ്റിലെ മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്‍ ജെനി മോള്‍ ജോയ് (ട്രിപ്ള്‍ജംപ്), മരിയ ജെയ്സന്‍ (പോള്‍വാള്‍ട്ട്), ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളുടെയും 4x100 മീ. റിലേ എന്നിവയിലാണ് കേരളം നേരത്തേ സ്വര്‍ണം നേടിയത്. പോള്‍വാള്‍ട്ടില്‍ 12 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തി കേരളത്തിന്‍െറ മരിയ ജെയ്സനാണ് മീറ്റിലെ ശ്രദ്ധേയ താരമായത്. മലയാളികൂടിയായ വി.എസ്. സുരേഖയുടെ 3.45 മീറ്റര്‍ എന്ന ഉയരം 3.65 മീറ്ററാക്കി മാറ്റിയാണ് പാലക്കാട്ടുകാരിയായ മരിയ ജെയ്സന്‍ താരമായത്. മീറ്റില്‍ ആകെ പിറന്ന രണ്ട് ദേശീയ റെക്കോഡുകളില്‍ ഒന്നു കൂടിയാണിത്. ഹൈജംപില്‍ ഹരിയാനയുടെ അജയ്കുമാറാണ് മറ്റൊരു ദേശീയ റെക്കോഡ് സ്ഥാപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT