റിയോ: ലോക കായികമാമാങ്കമായ ഒളിമ്പിക്സിന് ആതിഥ്യമരുളാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ വെല്ലുവിളികള്‍ക്ക് നടുവില്‍ ബ്രസീലിയന്‍ നഗരം റിയോ ഡെ ജെനീറോ ഒരുങ്ങുന്നു. 2016 ആഗസ്റ്റ് അഞ്ചു മുതല്‍ 21 വരെ നടക്കുന്ന ഗെയിംസിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കവേ നഗരത്തിലെ മലിനജലം മുതല്‍ ജനങ്ങളില്‍നിന്നുള്ള പ്രതിഷേധസാധ്യത വരെ അധികാരികളുടെ മുന്നില്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. കൗണ്ട്ഡൗണ്‍ തുടങ്ങിയതോടെ ലോകത്തിന്‍െറ ശ്രദ്ധയും ബ്രസീലിന്‍െറ ഒരുക്കങ്ങളെ ഉറ്റുനോക്കുകയാണ്. അവയില്‍ ഏറ്റവും വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഒളിമ്പിക് സെയ്ലിങ്ങിന് വേദിയാകുന്ന ഗൗനബര ബേയിലെയും റോവിങ്ങിനും കനോയിങ്ങിനും വേദിയാകുന്ന റോഡ്രിഗോ ഡി ഫ്രെയ്റ്റാസ് തടാകത്തിലെയും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ്.
മാധ്യമറിപ്പോര്‍ട്ടുകള്‍പ്രകാരം രണ്ടു വേദികളും ഖരമാലിന്യങ്ങളും മലിനജലവും നിറഞ്ഞ നിലയിലാണ്. അത്ലറ്റുകളുടെ ആരോഗ്യത്തെക്കുറിച്ച് ആരോഗ്യവിദഗ്ധരില്‍ ഇത് ആശങ്ക സൃഷ്ടിച്ചുകഴിഞ്ഞു. എന്നാല്‍, മത്സരത്തിന് വേദികള്‍ നന്നായി ഒരുങ്ങുമെന്ന പ്രഖ്യാപനത്തിലാണ് അധികൃതര്‍. ഈ പ്രദേശത്തേക്കുള്ള മാലിന്യഒഴുക്കിന് പരിഹാരം കാണുമെന്ന 2009ലെ ഉറപ്പ് ഇതുവരെ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ അധികൃതരുടെ ഇപ്പോഴത്തെ ഉറപ്പ് പലരും സംശയത്തോടെയാണ് കാണുന്നത്.
2012 ലണ്ടന്‍ ഒളിമ്പിക്സിന് ഒന്നര വര്‍ഷം മുമ്പ് വൈദ്യുതി വിതരണ കരാര്‍ സംബന്ധിച്ച് തീരുമാനമായെങ്കില്‍ റിയോയില്‍ വേദികള്‍ക്ക് ആര് വൈദ്യുതി നല്‍കുമെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മൗണ്ടന്‍ ബൈക്കിങ്, ബീച്ച് വോളിബാള്‍ തുടങ്ങിയ ഇനങ്ങള്‍ക്കായൊരുക്കുന്ന താല്‍ക്കാലിക വേദികള്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല. നഗരത്തിലെ ഉയര്‍ന്ന അക്രമനിരക്ക്, ബ്രസീല്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സുരക്ഷാസംവിധാനമൊരുക്കി മറികടക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 57,000 പട്ടാളക്കാര്‍ ഉള്‍പ്പെടെ 85,000 ട്രൂപ്പുകളെ വിനിയോഗിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച വന്ന അറിയിപ്പ്. 2014 ലോകകപ്പ് ഫുട്ബാള്‍ സമയത്തുണ്ടായതുവെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഒളിമ്പിക്സിന് പൊതുജനങ്ങളില്‍നിന്ന് ഇതുവരെ കുറച്ച് എതിര്‍പ്പ് മാത്രമേ നേരിടേണ്ടിവന്നിട്ടുള്ളൂ. ഗെയിംസിന്‍െറ ബജറ്റിന്‍െറ 50 ശതമാനത്തിലും സ്വകാര്യപങ്കാളിത്തമുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ പെട്രോബ്രാസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി വിവാദവും പിടിമുറുക്കുന്ന സാമ്പത്തിക പ്രതിസന്ധിയും പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമോ എന്നാണ് സര്‍ക്കാര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
റിയോ 2016ന്‍െറ സി.ഇ.ഒ ലിയനാര്‍ഡോ ഗ്രൈനറുടെ അഭിപ്രായത്തില്‍ ഇപനേമബര തിയുക സബ്ബേ നീട്ടലാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ നിര്‍മാണ വെല്ലുവിളി. പ്രധാന തടസ്സങ്ങള്‍ കഴിഞ്ഞെങ്കിലും 16 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പദ്ധതി പൂര്‍ത്തിയാക്കാന്‍ മുഴുവന്‍സമയ ജോലിയിലാണ് തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.