അമ്പെയ്ത്ത്: ബോംബെയ്ല ദേവി, ദീപികകുമാരി പുറത്ത്

റിയോ: ഇന്ത്യന്‍ ക്യാമ്പിന് വീണ്ടും നിരാശപകര്‍ന്ന് അമ്പെയ്ത്തിന്‍െറ പ്രീക്വാര്‍ട്ടറില്‍ ദീപിക കുമാരിയും ലെയ്ഷ്റാം ബൊംബെയ്ലാ ദേവിയും പുറത്തായി. ചൈനീസ് തായ്പേയ് താരം താന യാ ടിങ്ങിനോടാണ് ദീപിക പരാജയപ്പെട്ടത്. മെക്സികോയുടെ അലജാന്ദ്ര വലന്‍സിയയോടാണ് ബൊംബെയ്ല തോല്‍വി വഴങ്ങിയത്. തുടര്‍ച്ചയായ മൂന്ന് സെറ്റുകളിലും പോയന്‍റുകള്‍ വാരി താന, ദീപികയെ പിന്തള്ളിയപ്പോള്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വിജയിച്ചായിരുന്നു വലന്‍സിയയുടെ പ്രകടനം.

ഒരു സെറ്റും നേടാനായില്ളെങ്കിലും ഒപ്പത്തിനൊപ്പമായിരുന്നു ദീപികയുടെ പ്രകടനം. ആദ്യ സെറ്റില്‍ താന 28 പോയന്‍റ് നേടിയപ്പോള്‍ ദീപിക 27 പോയന്‍റ് നേടി. അടുത്ത സെറ്റില്‍ താന 29 പോയന്‍റ് നേടിയപ്പോള്‍ 26 പോയന്‍റ് ദീപകയും നേടി. പക്ഷേ, മൂന്നാം റൗണ്ടിലെ മൂന്ന് അമ്പുകളും പെര്‍ഫെക്ട് ടെന്നില്‍ കൊള്ളിച്ച് 30 പോയന്‍റും താന നേടിയപ്പോള്‍ 27 പോയന്‍റ് നേടിയ ലോക അഞ്ചാം നമ്പറായ ദീപിക പുറത്താവുകയും ചെയ്തു. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബൊംബെയ്ലക്ക് പ്രീക്വാര്‍ട്ടറില്‍ മികവ് ആവര്‍ത്തിക്കാനായില്ല. എന്നിട്ടും രണ്ടാം സെറ്റ് വരുതിയിലാക്കുകയും ചെയ്തു. 26-28, 26-23, 27-28, 23-25 എന്നിങ്ങനെയായിരുന്നു ബൊംബെയ്ലയുടെ സ്കോര്‍. ഇരുവരും പുറത്തായതോടെ അമ്പെയ്ത്ത്, ആര്‍ച്ചറി വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.