??.??. ????

വന്‍ തോക്കുകളില്ല, ഉള്ളതുകൊണ്ട് പോരാടും –വി.പി. ഷാജി

തിരുവനന്തപുരം: ഐ.എസ്.എല്ലില്‍ കേരളത്തിന്‍െറ കൊമ്പന്മാര്‍ തീര്‍ത്ത പൂരാവേശത്തിന്‍െറ ചുവടുപിടിച്ച് സന്തോഷ് ട്രോഫിയില്‍ എതിരാളികളുടെ ഗോള്‍മുഖങ്ങളില്‍ ഇടിമുഴക്കം തീര്‍ക്കാന്‍ കേരളത്തിന്‍െറ ചുണക്കുട്ടന്മാര്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി യോഗ്യതാ റൗണ്ടുപോലും കടക്കാന്‍ പാടുപെടുന്ന ടീമിന് ഇത്തവണ സ്വന്തം തട്ടകത്തിലും കാര്യങ്ങള്‍ എളുപ്പമാകില്ല. എങ്കിലും നല്ളൊരു ‘റിസല്‍റ്റ്’ ഉണ്ടാക്കിയേ പറ്റൂ. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ കോച്ച് വി.പി. ഷാജിയുടെ നേതൃത്വത്തില്‍ പരിശീലനക്യാമ്പ് പുരോഗമിക്കുന്നതും ഈ ഒരൊറ്റ ലക്ഷ്യത്തിലേക്കാണ്. സന്തോഷ് ട്രോഫിയുടെ ഒരുക്കങ്ങളെക്കുറിച്ച് വി.പി. ഷാജി ‘മാധ്യമ’ത്തോട് മനസ്സ് തുറക്കുന്നു.

യോഗ്യതാറൗണ്ട് കടുക്കും
നവംബര്‍ 22നാണ് കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ ക്യാ മ്പ് ആരംഭിച്ചത്. സെലക്ഷന്‍ ട്രയല്‍സിനായി 60ഓളം താരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 32 താരങ്ങളാണ് ക്യാമ്പിലുള്ളത്. ഡിസംബര്‍ 30ന് ഇത് 20 ആയി ചുരുങ്ങും. ഇത്തവണയും നന്നായി അധ്വാനിച്ചെങ്കില്‍മാത്രമേ കേരളത്തിന് ഗ്രൂപ് ഘട്ടം താണ്ടാന്‍ കഴിയൂവെന്നതാണ് സത്യം. ഗ്രൂപ്പിലുള്ള കര്‍ണാടകയും ആന്ധ്രയും പുതുച്ചേരിയുമൊക്കെ നല്ല ടീമുകളാണ്. ഒരുകാലത്ത് തെക്കേ ഇന്ത്യയില്‍ നമുക്കെതിരെ നിവര്‍ന്നുനില്‍ക്കാന്‍പോലും ധൈര്യപ്പെടാത്ത ടീമുകളായിരുന്നു ഇവരൊക്കെ. പിന്നീട് നമ്മള്‍ തളര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ വളര്‍ന്നു. ഇപ്പോള്‍ നമ്മളെ സംബന്ധിച്ച് കിരീടമെന്നത് ഒരു സ്വപ്നമാണ്. യോഗ്യതാറൗണ്ടെങ്കിലും കടക്കുക എന്നതാണ് ആദ്യ വെല്ലുവിളി.

താരങ്ങളുടെ മത്സരപരിചയം പ്രശ്നം
ഗ്രൗണ്ടിലിറക്കാന്‍ എന്‍െറ കൈയില്‍ വന്‍ തോക്കുകളില്ല. ഉള്ളതുകൊണ്ട് നന്നായി പോരാടും.  മത്സരപരിചയമുള്ള താരങ്ങള്‍ ഇല്ളെന്നതാണ് ഏറ്റവുംവലിയ വെല്ലുവിളി. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും അവസരംനല്‍കാനും ശാരീരികക്ഷമത പരിശോധിക്കാനുമാണ് ശ്രമിച്ചത്. അവര്‍ കളിച്ചുവന്ന രീതികളിലൊന്നും വലിയ മാറ്റംവരുത്താന്‍ സമയം ലഭിച്ചിട്ടില്ല. ഈ സീസണില്‍ ഒരു കളിപോലും കളിക്കാത്ത താരങ്ങള്‍ ടീമിലുണ്ട്. സന്തോഷ് ട്രോഫി കളിച്ച് പരിചയമുള്ള എട്ടുപേരുണ്ട്. ഇവരില്‍ പലരും ഫോമിലുമല്ല. അതോടൊപ്പംതന്നെ പുതിയ നിയമമനുസരിച്ച് അണ്ടര്‍ 19ലെ മൂന്നു കളിക്കാരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. അവരെ മാറ്റുമ്പോള്‍ പകരം അവസരം നല്‍കേണ്ടതും ഈ വയസ്സിലുള്ളവര്‍ക്കാണ്. അപ്പോള്‍ സീനിയര്‍ കളിക്കാര്‍ക്ക് അവസരം കുറയും.

ഗാലറികള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്
ആക്രമണമാണ് ശക്തമായ പ്രതിരോധം എന്ന കാഴ്ചപ്പാടാണ് എനിക്ക്. അതുകൊണ്ട് എത്ര വമ്പനായാലും അവരുടെ മടയില്‍ കയറി ആക്രമിച്ചിരിക്കും. രണ്ടെണ്ണം വാങ്ങിച്ചാലും കുഴപ്പമില്ല, നാലെണ്ണം തിരിച്ച് കൊടുക്കണം.
ഗോളടിച്ചാല്‍ മാത്രമേ ടൂര്‍ണമെന്‍റില്‍ മുന്നോട്ടുപോകാന്‍ സാധിക്കൂ. ഐ.എസ്.എല്ലിലൂടെ നല്ല ഫുട്ബാളിനെ സ്നേഹിക്കുന്നവരുടെ എണ്ണത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ളെന്ന് തെളിഞ്ഞല്ളോ. അതുകൊണ്ട് കോഴിക്കോടിന്‍െറ മണ്ണില്‍ മികച്ച ഫുട്ബാള്‍ കളിക്കാനാണ് ഞാന്‍ എന്‍െറ കുട്ടികളോട് പറഞ്ഞിരിക്കുന്നത്. ഗാലറികള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അപ്പോള്‍ പോരാട്ടവും ഉഷാറാകണം.

ഐ.എസ്.എല്‍ കൊണ്ട് കേരള ഫുട്ബാള്‍ വളരില്ല
ഐ.എസ്.എല്‍ കൊണ്ട് കേരള ഫുട്ബാള്‍ വളരുമെന്ന വിശ്വാസമൊന്നും എനിക്കില്ല. ഐ.എസ്.എല്ലും നാഗ്ജിയും ഫുട്ബാളിനോടുള്ള ജനങ്ങളുടെ ആവേശമുണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് കേരള ഫുട്ബാള്‍ വളരുമോ.
കളിക്കാന്‍ ടൂര്‍ണമെന്‍റുകളില്ല, ഉണ്ടെങ്കില്‍ത്തന്നെ കളിക്കാന്‍ അവസരം കിട്ടാറില്ല. പിന്നെങ്ങനെ ഇവിടെ ഫുട്ബാള്‍ വളരും? പ്രമുഖ ടൂര്‍ണമെന്‍റുകളെല്ലാം നിലച്ചതോടെ മികച്ചതാരങ്ങള്‍ക്കുപോലും വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍മാത്രമേ ഇറങ്ങാനാവുന്നുള്ളൂ. കേരള ബ്ളാസ്റ്റേഴ്സില്‍ പോലും മലയാളികളെന്ന് പറയാവുന്നത് മൂന്നുപേരാണ്. പലര്‍ക്കും 30ന് മേലെയാണ് പ്രായം. അപ്പോള്‍ ജൂനിയര്‍ താരങ്ങളോ? അവര്‍ക്കും അവസരം നല്‍കണം.
അതിന് കെ.എഫ്.എ മുന്‍കൈയെടുത്ത് മൂന്നുമാസത്തിലധികം നീളുന്ന ടൂര്‍ണമെന്‍റുകളും ലീഗുകളും സംഘടിപ്പിക്കണം. എങ്കില്‍മാത്രമേ കളിക്കാര്‍ക്ക് മത്സരപരിചയം ഉണ്ടാകൂ. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങി കളിക്കാനും കപ്പ് കൊണ്ടുവരാനും പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല.

താരങ്ങള്‍ക്ക് സഹായമായി കെ.എഫ്.എ മുന്നോട്ടുവരണം
മുമ്പത്തേക്കാളും ഹൈലെവല്‍ ഫുട്ബാള്‍ കളിക്കാനുള്ള അവസരങ്ങള്‍ ഇപ്പോഴുണ്ട്. അതിലേക്ക് എത്തിപ്പെടണമെങ്കില്‍ താരങ്ങള്‍ക്ക് സഹായമായി കേരള ഫുട്ബാള്‍ അസോസിയേഷനും ഉണ്ടാകണം. അവര്‍ക്കാവശ്യമായ ഗ്രൗണ്ടും പരിശീലനസാഹചര്യങ്ങളും ഒരുക്കണം.
ലീഗുകള്‍ സംഘടിപ്പിക്കുന്നതോടെ കളിക്കാരും ക്ളബുകളും ലൈവാകും. അപ്പോള്‍ കളിക്കാര്‍ക്ക് മാന്യമായ വേതനവും ലഭിക്കും. നല്ല വേതനം കിട്ടണമെങ്കില്‍ നല്ല കളി ഗ്രൗണ്ടില്‍ കാണണം. അതോടെ കുട്ടികള്‍ ഗൗരവത്തോടെ കളിയെ സമീപിക്കും. ഇതൊന്നും ചെയ്യാതെ കേരള ഫുട്ബാളിന് എന്തുപറ്റി എന്ന് ചോദിച്ചിട്ട് എന്തുകാര്യം?

ഞങ്ങളെ എഴുതിത്തള്ളേണ്ട
നല്ല ഫുട്ബാളിനെ എന്നും സ്നേഹിച്ചിട്ടുള്ള കോഴിക്കോട് ഇത്തവണ സന്തോഷ് ട്രോഫിക്ക് വേദിയാകുമ്പോള്‍ പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ പ്രതീക്ഷയിലാണ്. ഇല്ലായ്മയില്‍നിന്നല്ളേ സ്റ്റീവ് കോപ്പല്‍ ബ്ളാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിച്ചത്. ഒരു സെക്കന്‍ഡ് മതി ഏത് വമ്പനെയും വീഴ്ത്താന്‍. അതുകൊണ്ട് ഞങ്ങളെ എഴുതിത്തള്ളേണ്ട.
Tags:    
News Summary - football coach vp shaji analysis santosh trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.