ഖത്തർ സ്​റ്റാർസ്​ ലീഗ്: ചുരുക്കം കാണികൾക്ക് പ്രവേശനം

ദോഹ: ക്യു എൻ ബി ഖത്തർ സ്​റ്റാർസ്​ ലീഗ് അവസാനത്തിലേക്ക് അടുക്കുന്നു. 20 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ 46 പോയിൻറുമായി അൽ ദുഹൈലാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 45 പോയിൻറുമായി അൽ റയ്യാൻ തൊട്ടുപിറകേയുണ്ട്. 41 പോയിൻറുമായി നിലവിലെ ജേതാക്കളായ അൽ സദ്ദ് മൂന്നാമതാണ്. പോയിൻറ് പട്ടികയിൽ മുന്നിലുള്ള ദുഹൈലിനെതിരെ നിർണായക വിജയം നേടാനായതാണ് കിരീടത്തിലേക്കുള്ള അൽ സദ്ദ് പ്രതീക്ഷകളെ സജീവമാക്കിയിരിക്കുന്നത്.

രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ, 21ാം റൗണ്ട് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. വക്റയിലെ അൽ ജനൂബ് സ്​ റ്റേഡിയം, അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയം എന്നീ വേദികളിലായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് മത്സരങ്ങൾ. നാളെ വൈകിട്ട് 4.30ന് അൽ സൈലിയ അൽ അറബിയുമായി ഏറ്റുമുട്ടും. വൈകിട്ട് 7.30ന് അൽ സദ്ദ് ഖത്തർ സ്​പോർട്സ്​ ക്ലബിനെയും അൽ അഹ്​ലി അൽ വക്റയെയും നേരിടും.

അതേസമയം, അവശേഷിക്കുന്ന രണ്ട് റൗണ്ട് മത്സരങ്ങൾക്ക് പരിമിതമായ എണ്ണം കാണികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാൻ ഖത്തർ സ്​റ്റാർസ്​ ലീഗ് തീരുമാനിച്ചു. കോവിഡിന്​ ശേഷം ആദ്യമായാണ്​ കാണികളെ അനുവദിക്കുന്നത്​. താഴെ പറയുന്ന നിബന്ധനകളോടെയായിരിക്കും പ്രവേശനം.

സ്​റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ടിക്കറ്റ് നിർബന്ധമായിരിക്കും. ഒൺലൈനിൽ കൂടി മാത്രമേ ടിക്കറ്റുകൾ വിൽക്കുകയുള്ളൂ. ജനറൽ ടിക്കറ്റുകൾ മാത്രമേ ലഭ്യമാക്കുകയുള്ളൂവെന്നും വി ഐ പി സ്​റ്റാൻഡിന് വലത്, ഇടത് വശത്തെ സീറ്റുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും ക്യു എസ്​ എൽ അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കുകയില്ല. മത്സരം വീക്ഷിക്കാനെത്തുന്നവർ നിർബന്ധമായും മാസ്​ക് ധരിക്കുകയും ഇഹ്തിറാസ്​ ആപ്പിൽ പച്ച നിറം സ്​റ്റാറ്റസ്​ കാണിക്കുകയും വേണം. സ്​റ്റേഡിയത്തിൽ സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണം.

ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ചാണ് കാണികൾക്ക് പ്രവേശനം നൽകുന്നത്. ഓരോ മത്സരങ്ങൾക്കും വളരെ പരിമിതമായ എണ്ണം ടിക്കറ്റുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.