ദോഹ: 2026 ലോകകപ്പ് ഫുട്ബാളിലേക്കുള്ള ഏഷ്യൻ യോഗ്യതയുടെ നാലാം റൗണ്ട് മത്സരങ്ങൾക്ക് ഖത്തറും സൗദി അറേബ്യയും വേദിയാകും. ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർഡൻ, ഉസ്ബകിസ്താൻ എന്നിവർക്കൊപ്പം ആസ്ട്രേലിയ, ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ ടീമുകളാണ് നിലവിൽ ഏഷ്യയിൽനിന്ന് യോഗ്യത ഉറപ്പിച്ചത്.
ഇവർക്കു പിന്നാലെ രണ്ട് ടീമുകൾക്ക് യോഗ്യത നേടാനുള്ള അവസരമാണ് നാലാം റൗണ്ട് മത്സരങ്ങൾ. മൂന്നാം റൗണ്ടിലെ ഗ്രൂപ് മത്സരങ്ങളിൽ മൂന്ന്, നാല് സ്ഥാനക്കാരായ ആറ് ടീമുകളാണ് അടുത്ത റൗണ്ടിൽ മത്സരിക്കുന്നത്. ഈ മത്സരങ്ങളുടെ വേദിയാണ് ഖത്തറും സൗദിയും. ഖത്തർ, ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ ടീമുകളാണ് നാലാം റൗണ്ടിലുള്ളത്. ഇവർ മൂന്ന് ടീമുകൾ വീതമടങ്ങിയ രണ്ട് ഗ്രൂപ്പുകളായി മത്സരിക്കും.
ഒക്ടോബർ എട്ട്, 11, 14 തീയതികളിലായി നടക്കുന്ന മത്സരങ്ങളിൽനിന്ന് ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ നേരിട്ട് ലോകകപ്പ് ബർത്ത് സ്വന്തമാക്കും. രണ്ട് രണ്ടാം സ്ഥാനകാർക്ക് േപ്ല ഓഫിലേക്കായിരിക്കും പ്രവേശനം. ശേഷം, ഇൻറർകോണ്ടിനെന്റൽ േപ്ല ഓഫ് കൂടി കഴിഞ്ഞാലേ ലോകകപ്പ് ഉറപ്പിക്കാൻ കഴിയൂ. നാലാം റൗണ്ടിലെ നറുക്കെടുപ്പ് ജൂലൈ 17ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.