ഇന്റർ സ്റ്റേറ്റ് മീറ്റിലെ ആദ്യ ഇനമായ പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ നിന്ന്
ഭുവനേശ്വർ: 62ാമത് ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഒന്നാം നാൾ കേരളത്തിന് മെഡലില്ല. കലിംഗ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച മീറ്റിൽ നാല് ഫൈനലുകൾ മാത്രമാണ് വ്യാഴാഴ്ച നടന്നത്. പുരുഷ, വനിത 20 കി.മീ. നടത്തവും 10,000 മീറ്റർ ഓട്ടവും സമാപിച്ചപ്പോൾ നാമമാത്ര സാന്നിധ്യമായുണ്ടായിരുന്ന കേരളത്തിൽ നിന്നാർക്കും ആദ്യ അഞ്ച് സ്ഥാനങ്ങളിൽപോലും എത്താനായില്ല. 100 മീ., 400 മീ., 800 മീ. തുടങ്ങിയവയിൽ കേരള താരങ്ങൾ സെമി ഫൈനലിലേക്ക് മുന്നേറി.
പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടം മീറ്റ് റെക്കോഡോടെ ഫിനിഷ് ചെയ്ത ഉത്തർ പ്രദേശിന്റെ കാർത്തിക് കുമാർ (29:01.84) ഏഷ്യൻ ഗെയിംസ് യോഗ്യതയും (29:30.00) നേടി. രണ്ടാം സ്ഥാനക്കാരൻ യു.പിയുടെ തന്നെ ഗുൽവീർ സിങ്ങും (29:03.78) യോഗ്യത മാർക്ക് കടന്ന പ്രകടനമാണ് നടത്തിയത്. കേരളത്തിന്റെ ആനന്ദ് കൃഷ്ണൻ 13ാമനായാണ് ഫിനിഷ് ചെയ്തത്. വനിതകളിൽ ഹിമാചൽ പ്രദേശിന്റെ സീമക്കാണ് സ്വർണം. 20 കിലോമീറ്റർ നടത്തത്തോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഹരിയാനയുടെ സന്ദീപ് കുമാർ സ്വർണം നേടി. കേരളത്തിന്റെ ഒളിമ്പ്യൻ കെ.ടി. ഇർഫാൻ എട്ടാമനായി. വനിതകളിൽ രാജസ്ഥാന്റെ ഭാവ്ന ജാട്ട് മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. ഇരു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനക്കാർ ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്കിന് അരികിൽപോലുമില്ല.
പുരുഷന്മാരുടെ 100 മീറ്ററിൽ കേരളത്തിന്റെ മെയ് മോൻ പൗലോസും വനിതകളിൽ എ.പി. ഷിൽബിയും പി.ഡി. അഞ്ജലിയും സെമി ഫൈനലിലെത്തി. പുരുഷ 400 മീറ്ററിൽ വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, രാഹുൽ ബേബി, വനിതകളിൽ ജിസ്ന മാത്യു, വി.കെ. വിസ്മയ എന്നിവരും സെമിയിലുണ്ട്. പുരുഷ 800 മീറ്ററിൽ മുഹമ്മദ് അഫ്സലും ജെ. റിജോയിയും ഫൈനലിലേക്ക് മുന്നേറി. ഈ ഇനങ്ങളിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. ട്രിപ്ൾ ജംപിൽ നയന ജെയിംസ്, എൻ.വി. ഷീന, ഗായത്രി ശിവകുമാർ, 1500 മീറ്ററിൽ പി.യു. ചിത്ര തുടങ്ങിയവർക്ക് ഇന്ന് മെഡൽ മത്സരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.