കാൾസനെ വീണ്ടും വീഴ്ത്തി പ്രഗ്നാനന്ദ; നോർവേ ചെസിൽ ഇന്ത്യൻ താരത്തിന് ചരിത്രവിജയം

ഓസ്‌ലോ: നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ടൂർണമെന്റിൽ രണ്ടാം തവണയും പ്രഗ്നാനന്ദ അട്ടിമറിച്ചു. കഴിഞ്ഞ ആഴ്ച വെള്ള കരുക്കളുമായി കാൾസനെ വീഴ്ത്തിയ ഇരുപതുകാരനായ ഇന്ത്യൻ താരം, ഇത്തവണ കറുത്ത കരുക്കളുമായാണ് വിജയം ആവർത്തിച്ചത്.

ക്ലാസിക്കൽ ചെസിൽ അഞ്ച് തവണ ലോക ചാമ്പ്യനായ കാൾസനെ മൂന്ന് തവണ പരാജയപ്പെടുത്തുന്ന ചുരുക്കം ചില താരങ്ങളുടെ പട്ടികയിലും ഇതോടെ പ്രഗ്നാനന്ദ ഇടംനേടി.

എട്ടാം റൗണ്ട് മത്സരത്തിന് മുൻപ് തന്നെ തനിക്ക് ശാരീരിക അസ്വസ്ഥതകളുള്ളതായി കാൾസൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മത്സരത്തിലുടനീളം ഇതിന്റെ ക്ഷീണം താരത്തിലുണ്ടായിരുന്നു. 47 നീക്കങ്ങൾ പൂർത്തിയായപ്പോൾ സമനിലയിലായിരുന്ന മത്സരത്തിൽ പെട്ടെന്നാണ് കാൾസന് പിഴച്ചത്. കാൾസന്റെ നിർണ്ണായകമായ ഒരു അബദ്ധം (Kf4) മുതലെടുത്ത പ്രഗ്നാനന്ദ, 44 സെക്കൻഡ് മാത്രം ബാക്കിനിൽക്കെ തന്ത്രപരമായ നീക്കത്തിലൂടെ (48. Qd4) കാൾസനെ പ്രതിരോധത്തിലാക്കി. രണ്ട് നീക്കങ്ങൾ കൂടി നടത്തിയെങ്കിലും പരാജയം പൂർണ്ണമായും ഉറപ്പായതോടെ കാൾസൻ അടിയറവ് പറയുകയായിരുന്നു.

കിരീട പ്രതീക്ഷകളോടെ പ്രഗ്നാനന്ദ

ഈ തകർപ്പൻ വിജയത്തോടെ 12 പോയിന്റുമായി പ്രഗ്നാനന്ദ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ടൂർണമെന്റിൽ ഇനി വെറും രണ്ട് റൗണ്ടുകൾ കൂടി ബാക്കിയുള്ളപ്പോൾ നോർവേ ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള പ്രഗ്നാനന്ദയുടെ പ്രതീക്ഷകൾ സജീവമാണ്.

അതേസമയം, സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാമ്പ്യനായ കാൾസന് ഇതൊരു കനത്ത തിരിച്ചടിയായി മാറി. ടൂർണമെന്റിൽ ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസന്റെ നാലാം തോൽവിയാണിത്. ഇതിൽ രണ്ടെണ്ണവും പ്രഗ്നാനന്ദയോടാണ് എന്നത് ശ്രദ്ധേയമാണ്. പുതിയ പരാജയത്തോടെ കാൾസന്റെ എട്ടാം നോർവേ ചെസ്സ് കിരീടമെന്ന മോഹത്തിന് മങ്ങലേറ്റു.

ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യയുടെ ഡി. ഗുകേഷിന് വീണ്ടും പരാജയം നേരിട്ടു. ആവേശകരമായ മത്സരത്തിൽ ഫ്രഞ്ച് താരം അലിറെസ ഫിറൂജയോടാണ് ഗുകേഷ് പരാജയപ്പെട്ടത്. ഇതോടെ ടൂർണമെന്റിൽ ഗുകേഷിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.

Tags:    
News Summary - Beating Carlsen is special, but timing matters more: Praggnanandhaa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.