കായികനയം അടുത്തമാസം; സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാന കായികനയം അടുത്തമാസം പ്രഖ്യാപിക്കും. നയത്തിന്‍റെ കരട് തയാറായതായി മന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സ്പോർട്സ് ഇക്കോണമി വിഷൻ' എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് നയം രൂപപ്പെടുത്തിയത്. 1200 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്ത് കായികമേഖലക്കായി സർക്കാർ നടത്തിയത്. 20,000 കോടിയുടെ നിക്ഷേപം സ്വകാര്യമേഖലയിൽ കായിക രംഗത്തുണ്ടെന്നാണ് കണക്കാക്കുന്നത്. 1250 ഓളം ടർഫുകൾ, സ്റ്റേഡിയങ്ങൾ, അക്കാദമികൾ എന്നിവ ഇതിൽ ഉൾപ്പെടും. സ്വകാര്യ നിക്ഷേപം ഇനിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് നയം വിഭാവനം ചെയ്യുന്നത്.

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നിരവധി പരിപാടികളും കായിക വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കും. സൂപ്പർ കപ്പ് മത്സരങ്ങൾക്ക് കേരളം വേദിയാകും. അത്ലറ്റിക് ഫെഡറേഷനുമായി ചേർന്ന് 5000 അത്ലറ്റുകളെ പരിശീലിപ്പിക്കും. കായികക്ഷമത ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും കായികനയത്തിലുണ്ടാകും. 

കായിക താരങ്ങളുടെ നിയമനത്തിൽ ഉടൻ തീരുമാനം -മന്ത്രി

തിരുവനന്തപുരം: കായിക താരങ്ങളുടെ നിയമനവിഷയത്തിൽ അനുകൂല താൽപര്യം മാത്രമാണ് സർക്കാറിനുള്ളതെന്നും നടപടികളിലെ സാങ്കേതികത്വം മാത്രമാണ് നിയമനം വൈകുന്നതിന് കാരണമെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കായിക താരങ്ങൾ നിയമനത്തിനായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. താരങ്ങളുടെ നിയമനം സംബന്ധിച്ച് കായിക സെക്രട്ടറിയുടെ റിപ്പോർട്ട് 23 നകം ലഭിക്കും. അർഹരായ എല്ലാ കായിക താരങ്ങൾക്കും നിയമനം ലഭിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ലിസ്റ്റിലുൾപ്പെട്ട 24 കായിക താരങ്ങൾക്കുള്ള അഡ്വൈസ് മെമ്മോ ഉടൻ ലഭിക്കും. ബാക്കിയുള്ളവരുടെ കാര്യം വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പരിഗണിക്കും. കേരള സ്റ്റേറ്റ് സ്പോർട്സ് ഫൗണ്ടേഷൻ നിലവിൽ വന്നശേഷം സ്റ്റേഡിയങ്ങളുടെ നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Sports policy next month; Private investment will be encouraged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.