ഡബ്ലിൻ: ബെൽഫാസ്റ്റിൽ നടന്ന പോരാട്ടത്തിൽ പരിക്കേറ്റ് ഒരാഴ്ചക്കു ശേഷം ഐറിഷ് ബോക്സർ ജോൺ കൂണി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസിനോട് തോറ്റതിനെത്തുടർന്ന് 28കാരൻ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തലക്ക് ഇടിയേറ്റതിനെ തുടർന്ന് ഒമ്പതാം റൗണ്ടിൽ മത്സരം നിർത്തി.
ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് കിരീടത്തിനുള്ള പോരാട്ടത്തിനിടെയായിരുന്നു അപകടം. ജീവനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവിൽ ബോക്സർ മരിച്ചുവെന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു.
ജോണിന്റെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രി ജീവനക്കാർക്കും പിന്തുണയുടെയും പ്രാർത്ഥനയുടെയും സന്ദേശങ്ങൾ അയച്ച എല്ലാവർക്കും അദ്ദേഹത്തിന്റെ മാതാപിതാക്കളും പ്രതിശ്രുത വധുവും നന്ദി അറിയിച്ചു. ‘കൂണി വളരെ പ്രിയപ്പെട്ട മകനും സഹോദരനും പങ്കാളിയുമായിരുന്നു. അവൻ എത്രമാത്രം സവിശേഷനായിരുന്നുവെന്ന് മറക്കാൻ നമുക്കെല്ലാവർക്കും ജീവിതകാലം മുഴുവനെടുക്കും. ആദരാഞ്ജലികൾ ജോൺ ‘ദ കിഡ്’ കൂണി’ -എന്ന് കുടുംബം സന്ദേശത്തിൽ കുറിച്ചു.
2023 നവംബറിൽ ഡബ്ലിനിൽ ലിയാം ഗെയ്‌നറിനെതിരെ നേടിയ വിജയത്തോടെ കൂണി കിരീടം നേടിയെങ്കിലും കൈക്ക് പരിക്കേറ്റ് ഒരു വർഷം റിങ്ങിൽ നിന്ന് പുറത്തായി. ഒക്ടോബറിൽ തമ്പേല മഹറുസിക്കെതിരായ വിജയത്തോടെ അദ്ദേഹം തിരിച്ചുവരുന്നതിനിടയിലാണ് ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.