ഇന്ത്യയുടെ 'പോക്കറ്റ് ഡൈനാമോ' കെ.ഡി. ജാദവിന് ആദരവുമായി ഗൂഗ്ൾ

97ാം ജന്മവാർഷികത്തിൽ ഇന്ത്യൻ കായികതാരമായിരുന്ന കെ.ഡി. ജാദവിന് (ഖഷബ ദാദാസാഹേബ് ജാദവ്) ആദരവുമായി ഗൂഗ്ൾ. സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗതമെഡല്‍ നേടുന്ന ആദ്യത്തെയാളാണ് ജാദവ്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് വെങ്കലമെഡൽ നേടിയത്.

'പോക്കറ്റ് ഡൈനാമോ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മനോഹരമായ ഡൂഡിലാണ് ഗൂഗ്ൾ ഒരുക്കിയിരിക്കുന്നത്. ജർമനി, മെക്സികോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ താരങ്ങളെ തോൽപ്പിച്ചാണ് ചരിത്ര നേട്ടം കൊയ്തത്. എന്നാൽ ജാദവിന്‍റെ മെഡൽ നേട്ടത്തിന് ശേഷം ഗുസ്തിയിൽ വീണ്ടുമൊരു ഒളിമ്പിക് മെഡൽ നേടുന്നതിനായി ഇന്ത്യക്ക് 56 വർഷം കാത്തിരിക്കേണ്ടിവന്നു. 2008ലെ ഒളിമ്പിക്സിൽ സുശീൽ കുമാർ ഗുസ്തിയിൽ വെങ്കലം നേടിയതോടെയാണ് ആ കാത്തിരിപ്പിന് പര്യവസാനമായത്.

1926 ജനുവരി 15ന് മഹാരാഷ്ട്രയിലെ ഗോലേശ്വറിലാണ് ജാദവ് ജനിച്ചത്. ചെറുപ്പം മുതലെ ഗുസ്തി പരിശീലിച്ചു. പിതാവും ഗുസ്തിക്കാരനായിരുന്നു. 1948ൽ ലണ്ടൻ ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും ആറാംസ്ഥാനം കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നു. 1952 ലെ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനു പിന്നാലെ കാലിന് പരിക്കേറ്റതോടെ മത്സരങ്ങളിൽ നിന്നും വിട്ടു നിന്നു.1984 ആഗസ്റ്റ് 14 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

1984ൽ മഹാരാഷ്ട്ര സർക്കാർ മരണാനന്തര ബഹുമതിയായി ഛത്രപതി പുരസ്‌കാരം നൽകി. 2010ൽ ഡൽഹി കോമൺവെൽത്ത് ഗെയിംസിനുള്ള ഗുസ്തി വേദിക്കും ആദരസൂചകമായി ജാദവിന്‍റെ പേര് നൽകിയിരുന്നു.

Tags:    
News Summary - Google Doodle honours Indian wrestler Khashaba Dadasaheb Jadhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.