ഹാങ്ചോ: ‘പബ്ജി’ ഗെയിമിലെ മകന്റെ ആസക്തി മാറ്റാനുള്ള അവസാനശ്രമം എന്ന നിലയിലാണ് ജയ്പൂരിലെ സവായ് മാൻ സിങ് ആശുപത്രി ജീവനക്കാരനായ അശോക് പൻവാർ മകൻ ദിവ്യാൻഷ് പൻവാറിനെ ഷൂട്ടിങ് റേഞ്ചിൽ കൊണ്ടുവിട്ടത്. പിന്നെ അതിൽ ഹരം കയറിയ അവൻ ഉയർന്നത് 19ാം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് സ്വർണം സമ്മാനിച്ചാണ്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമായിരുന്നു ദിവ്യാൻഷ് അടങ്ങിയ സംഘം ഷൂട്ടിങ്ങിൽ സ്വന്തമാക്കിയത്. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസിൽ രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവർക്കൊപ്പമാണ് ദിവ്യാൻഷ് പൻവാർ ലോക റെക്കോഡോടെ സ്വർണം നേടിയത്. 1893.7 പോയന്‍റുകൾ നേടിയാണ് ഇന്ത്യൻ ടീം ഒന്നാമതെത്തിയത്.
2002 ഒക്ടോബർ 19ന് അശോക് പൻവാറിന്റെയും നഴ്സായ നിർമല ദേവിയുടെയും മകനായായിരുന്നു ദിവ്യാൻഷിന്റെ ജനനം. 2014ൽ 12ാം വയസ്സിൽ മൂത്ത സഹോദരി അഞ്ജലിയുടെ റൈഫിളുമായി ജയ്പൂരിലെ ഷൂട്ടിങ് റേഞ്ചിലെത്തിയ ദിവ്യാൻഷ് പിന്നീട് ‘പബ്ജി’ ഗെയിമിൽ ആകൃഷ്ടനായി. മകനെ അതിൽനിന്ന് മോചിപ്പിക്കാൻ 2017ൽ പിതാവ് ന്യൂഡൽഹിയിലെ ഡോ. കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ ചേർക്കുകയായിരുന്നു. ദീപക് കുമാർ ദുബെയുടെ ശിക്ഷണത്തിൽ അവൻ ഉന്നംപിടിച്ചു തുടങ്ങിയത് ഏഷ്യൻ ഗെയിംസ് സ്വർണത്തിലേക്കായിരുന്നു.
2018ൽ നടന്ന ഐ.എസ്.എസ്.എഫ് ജൂനിയർ ലോകകപ്പിൽ ടീം ഇനത്തിലടക്കം റെക്കോഡോടെ രണ്ട് സ്വർണം നേടിയാണ് ദിവ്യാൻഷ് വരവറിയിച്ചത്. അതേവർഷം ഐ.എസ്.എസ്.എഫ് ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ശ്രേയ അഘർവാളിനൊപ്പം 10 മീറ്റർ എയർ റൈഫിൾസിൽ വെങ്കലം നേടിയ ദിവ്യാൻഷ് 2019ൽ പുട്യാനിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണവും ഇതേ ഇനത്തിൽ ബെയ്ജിങ്ങിൽ വെള്ളിയും നേടി. ഇതിലൂടെ 2020ലെ സമ്മർ ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു. 2019ൽ നടന്ന വിവിധ ലോക ചാമ്പ്യൻഷിപ്പുകളിൽ 10 മീറ്റർ എയർ റൈഫിൾസ് മിക്സഡ് ഇനത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.