അനഹത് സിങ്, അഭയ് സിങ്
സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ; അനഹത്തിനും അഭയ് സിങ്ങിനും വെള്ളി
നഗോയ: ഏഷ്യൻ ഗെയിംസിന്റെ ഒമ്പത് ദിനം സ്‌ക്വാഷിൽ രണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി ഇന്ത്യ. വനിത സിംഗിൾസിൽ അനഹത് സിങ്ങും പുരുഷ സിംഗിൾസിൽ അഭയ് സിങ്ങുമാണ് വെള്ളി മെഡൽ നേടിയത്. ഇരുവരും ഫൈനലിൽ പരാജയപ്പെട്ടതോടെ സ്‌ക്വാഷിൽ വ്യക്തിഗത ഏഷ്യൻ ഗെയിംസ് സ്വർണ മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്.
പുരുഷ സ്ക്വാഷ് സിംഗിൾസ് ഫൈനലിൽ ലോക 17-ാം നമ്പർ താരമായ മലേഷ്യയുടെ എൻ ഈൻ യോവിനോട് പരാജയപ്പെട്ടാണ് അഭയ് സിങ്ങിന് സ്വർണം നഷ്ടമായത്. ഫൈനലിൽ നിലവിലെ ചാമ്പ്യനായ മലേഷ്യൻ താരത്തോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് അഭയ് പരാജയപ്പെട്ടത്. 11–9, 11–5, 11–5 എന്ന സ്കോറിന് പൊരുതി തോറ്റാണ് ഇന്ത്യൻ താരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മെഡൽ നേട്ടത്തോടെ സ്ക്വാഷ് പുരുഷ സിംഗിൾസിൽ ഇന്ത്യക്കായി വെള്ളി നേടുന്ന രണ്ടാമത്തെ താരമായും അഭയ് മാറി. മുമ്പ് ഈയിനത്തിൽ സൗരവ് ഘോസലാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്.
ലോക 26-ാം നമ്പർ താരമായ അഭയ് ആദ്യ ഗെയിമിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും എൻ ഈൻ യോവിന്റെ കൃത്യതയാർന്ന ഷോട്ടുകൾക്ക് മുന്നിൽ ഇന്ത്യൻ താരത്തിന് അടിപതറുകയായിരുന്നു. ഫൈനലിൽ പരാജയപ്പെട്ടതോടെ അഭയ് സിങ്ങിന് 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി.
അതേസമയം, വനിത സിംഗിൾസിൽ അനഹത് സിങ് മലേഷ്യയുടെ ശിവശങ്കരി സുബ്രഹ്മണ്യത്തോട് പരാജയപ്പെട്ടാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് മലേഷ്യൻ താരത്തിന് മുന്നിൽ കീഴടങ്ങിയത്. വെറും 27 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 4-11, 4-11, 7-11 എന്ന സ്കോറിലാണ് താരത്തിന്റെ തോൽവി.
ഫൈനലിൽ നിലവിലെ ചാമ്പ്യനായ ശിവശങ്കരി ആധിപത്യം സ്ഥാപിച്ചതോടെ ആദ്യ രണ്ട് ഗെയിംസിലും അനഹത് വലിയ മാർജിനിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, മൂന്നാം ഗെയിമിൽ താരം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വെള്ളി കരസ്ഥമാക്കിയതോടെ ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് സ്ക്വാഷിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അനാഹത് മാറി. മുമ്പ് ഈയിനത്തിൽ 2014, 2018 ഏഷ്യൻ ഗെയിംസുകളിൽ ദീപിക പള്ളിക്കലും 2018ൽ ജോഷ്ന ചിന്നപ്പയും വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.