ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ ജൂലിയൻ വെബറും 90.23 മീറ്ററുമായി ദേശീയ റെക്കോഡ് കുറിച്ച നീരജ് ചോപ്രയും
ദോഹ: ത്രിവർണ പതാകയും ബാൻഡ്വാദ്യങ്ങളുമായി ഗാലറി നിറഞ്ഞ ഇന്ത്യൻ ആരാധകർക്കു നടുവിൽ ദോഹയെ വീണ്ടും ഭാഗ്യവേദിയാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യൻ കായിക പ്രേമികൾ കാത്തിരുന്ന പ്രകടനവുമായി ദോഹ ഡയമണ്ട് ലീഗിനെ വീണ്ടും തന്റെ ഭാഗ്യവേദിയാക്കി ഇന്ത്യയുടെ ഒളിമ്പിക്സ്-ലോക ചാമ്പ്യൻ താരം ഹീറോയായി. ജാവലിൻ ത്രോയിൽ ഡയമണ്ട് ലീഗ് ഒന്നാം സ്ഥാനത്തെത്തിയില്ലെങ്കിലും 90.23 മീറ്ററുമായി കരിയറിലെ ഏറ്റവും മികച്ച ദൂരവും ദേശീയ റെക്കോഡും നീരജ് ചോപ്ര സ്വന്തമാക്കി.
രാത്രി 7.43ന് ആരംഭിച്ച മത്സരത്തിൽ ആദ്യ ശ്രമത്തിൽതന്നെ 88.44 എറിഞ്ഞാണ് നീരജ് തുടങ്ങിയത്. രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തിൽ 90 മീറ്റർ എന്ന മാജിക് അകലം മറികടന്നു. നാലാം ശ്രമത്തിൽ 80.56ഉം അഞ്ചാം ശ്രമം ഫൗളുമായി. അവസാന ശ്രമത്തിൽ 88.20 മീറ്ററിലെത്താനേ കഴിഞ്ഞുള്ളൂ. എന്നാൽ, ഒന്നാമതെത്തിയ ജർമനിയുടെ ജൂലിയൻ വെബർ 83.82 മീറ്ററിൽ തുടങ്ങി ഓരോ റൗണ്ടിലും നില മെച്ചപ്പെടുത്തി കുതിച്ചു.
ഏറ്റവും ഒടുവിലായി അവസാന ശ്രമത്തിൽ 91.06 മീറ്റർ എറിഞ്ഞാണ് ഒന്നാം സ്ഥാനം നേടിയത്. പുരുഷ വിഭാഗം ഹൈജംപിൽ ഖത്തറിന്റെ സൂപ്പർതാരം മുഅതസ് ഈസ ബർഷിം മത്സരിച്ചില്ല. ഒരാഴ്ചമുമ്പ് നേരിട്ട പരിക്കാണ് തിരിച്ചടിയായത്. അമേരിക്കയുടെ ഷെൽബി മകീവൻ 2.26 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടി. ജപ്പാന്റെ റോയിചി അകമറ്റ്സു (2.23മീ) രണ്ടും ന്യൂസിലൻഡിന്റെ ഹാമിഷ് ഖെർ (2.23 മീ.) മൂന്നും സ്ഥാനക്കാരായി. മുൻ ഒളിമ്പിക്സ് ചാമ്പ്യൻ ഷെല്ലി ആൻഫ്രേസർ 100 മീറ്ററിൽ അഞ്ചാമതായി. ജമൈക്കയുടെ ടിയ ക്ലേട്ടൻ (10.92 സെ.), ടിന ക്ലേറ്റൻ (11.02 സെ.) സഹോദരങ്ങളാണ് ഒന്നും രണ്ടും സ്ഥാനക്കാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.