മുംബൈ: ബി.സി.സി.ഐയുടെ താരങ്ങൾക്കുള്ള വാർഷിക കരാറിൽ മാറ്റങ്ങൾ നിർദേശിച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. ഏഴു കോടി വാർഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. നിലവിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജദേജയും മാത്രമാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലിയും രോഹിത്തും നിലവിൽ ഇന്ത്യക്കായി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
ജദേജ ട്വന്‍റി20യിൽനിന്ന് വിരമിച്ചിരുന്നു. ബുംറ മാത്രമാണ് മൂന്നു ഫോർമാറ്റുകളിലും കളിക്കുന്നത്. നിർദേശം അംഗീകരിക്കുകയാണെങ്കിൽ എ, ബി, സി എന്നീ മൂന്നു കാറ്റഗറികൾ മാത്രമായിരിക്കും ഉണ്ടാകുക. ഇതിന് അപെക്സ് കൗൺസിലിന്‍റെ അനുമതി വേണം. എ പ്ലസ് വിഭാഗത്തിൽ ഏഴു കോടിയും എ, ബി, സി വിഭാഗങ്ങളിൽ യഥാക്രമം അഞ്ച്, മൂന്ന്, ഒരു കോടി എന്നിങ്ങനെയുമാണ് വാർഷിക പ്രതിഫലം.
മൂന്നു ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കായിരിക്കും ഇനി ഉയർന്ന പ്രതിഫലം ലഭിക്കുക. ബുംറക്കു പുറമെ ഗില്ലിനെയും ഉയർന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയേക്കും.
മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരാണ് നിലവിൽ ‘എ’ വിഭാഗത്തിലുള്ളത്. ‘ബി’ വിഭാഗത്തിൽ സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവരാണ്. റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയി, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാർ, ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, അകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ ‘സി’യിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.