ലണ്ടൻ: ബെക്കാം കുടുംബത്തിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ ശരിവെച്ച്, ഇംഗ്ലണ്ട് മുൻ ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയക്കുമെതിരെ ഗുരുതര ആരോപണവുമായി മൂത്തമകൻ ബ്രൂക്‌ലിൻ പെൽറ്റ്സ്. ഹോളിവുഡ് നടി നിക്കോള പെൽറ്റ്‌സുമായുള്ള തന്‍റെ വിവാഹം സെലിബ്രിറ്റികളായ മാതാപിതാക്കൾ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും അവരുമായി ഇനിയൊരു തരത്തിലുള്ള ഒത്തുതീർപ്പിനും ഇല്ലെന്നും ബ്രൂക്‌ലിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറയുന്നു.
‘ബെക്കാം കുടുംബവുമായി ഇനി അനുരഞ്ജനത്തിനില്ല. എന്നെ ഇപ്പോൾ ആരും നിയന്ത്രിക്കുന്നില്ല. ജീവിതത്തിൽ ആദ്യമായി സ്വന്തം കാര്യങ്ങൾ നോക്കുന്നു. വിവാഹത്തിനു മുമ്പായി നിക്കോളയുമായുള്ള ബന്ധം തകർക്കാൻ രക്ഷിതാക്കൾ നിരന്തരം ശ്രമിച്ചിരുന്നു’ -ബ്രൂക്‌ലിൻ കുറിപ്പിൽ പറയുന്നു. ബ്രൂക്‌ലിനും ബെക്കാം കുടുബവും അത്ര നല്ല ബന്ധത്തിലല്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിക്കോളയുമായുള്ള അടുപ്പത്തോടെയാണ് കുടുംബ ബന്ധത്തിൽ വിള്ളലുണ്ടാകുന്നത്. ശതകോടീശ്വരനായ ബിസിനസ്സുകാരൻ നെൽസൺ പെൽറ്റ്സിന്‍റെയും മോഡൽ ക്ലൗഡിയ ഹെഫ്നർ പെൽറ്റ്സിന്‍റെയും മകളായ നിക്കോളയെ 2022ലാണ് ബെക്കാമിന്‍റെ മകൻ വിവാഹം കഴിക്കുന്നത്.
വിവാഹത്തിനും മുമ്പേ നിക്കോളയോട് മോശമായാണ് രക്ഷിതാക്കൾ പെരുമാറിയത്. ഭാര്യയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തു തരാമെന്ന് വിക്ടോറിയ പറഞ്ഞെങ്കിലും വിവാഹത്തിന്‍റെ അവസാന മണിക്കൂറിൽ അവൻ പിന്മാറി. ഇതോടെ പുതിയ വസ്ത്രം വാങ്ങേണ്ടി വന്നെന്നും ബ്രൂക്ലിൻ പറയുന്നു. വിക്ടോറിയ ഡിസൈൻ ചെയ്ത വസ്ത്രത്തിനു പകരം വിവാഹ ചടങ്ങിൽ നിക്കോള മറ്റൊരു ഗൗൺ ധരിച്ചെത്തിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. വിവാഹത്തിനുശേഷം താനും നിക്കോളയും തമ്മിലുള്ള ആദ്യത്തെ റൊമാന്‍റിക് നൃത്തം മാതാവായ വിക്ടോറിയ "ഹൈജാക്ക്" ചെയ്തു. നൂറുകണക്കിന് അതിഥികൾക്ക് മുന്നിൽ എന്നോടൊപ്പം അനുചിതമായ രീതിയിൽ നൃത്തം ചെയ്തതോടെ താൻ അപമാനിക്കപ്പെട്ടെന്നും കുറിപ്പിൽ നിക്കോളാസ് കുറ്റപ്പെടുത്തുന്നു.
ഡേവിഡ് ബെക്കാമിന്റെ 50ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി താനും ഭാര്യയും ലണ്ടനിലെത്തിയെങ്കിലും ചടങ്ങിലേക്ക് ക്ഷണിക്കുകയോ, കാണാൻ കൂട്ടാക്കുകയോ ചെയ്തില്ല. ഒരാഴ്ചയോളം ഹോട്ടലിൽ തങ്ങിയിട്ടും രക്ഷിതാക്കളെ കാണാൻ പറ്റിയില്ല. നൂറു കണക്കിന് പേർ പങ്കെടുത്ത വലിയ ആഘോഷ പരിപാടിയാണ് അന്ന് നടന്നത്. ഒടുവിൽ നിക്കോളയെ ക്ഷണിക്കാതെ, തന്നോട് മാത്രം പങ്കെടുക്കാനാണ് പിതാവ് ബെക്കാം ആവശ്യപ്പെട്ടത്. കുടുംബം പബ്ലിസിറ്റിക്കും അംഗീകാരങ്ങൾക്കും മാത്രമാണ് പ്രധാന്യം നൽകുന്നത്. ബ്രാൻഡ് ബെക്കാം എന്നതിനാണ് മുഖ്യപരിഗണന. കുടുംബത്തെ കുറിച്ച് മാധ്യമങ്ങൾക്കായി കഥകൾ സൃഷ്ടിച്ചു. ഉത്തമ കുടുംബമെന്ന രീതിയിൽ മാധ്യമങ്ങളിൽ അവതരിപ്പിച്ചു. ആത്മാർഥയില്ലാത്ത ബന്ധങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കളുടെ നിയന്ത്രണത്തിലാണ് കഴിഞ്ഞത്. അമിതമായ ഉത്കണ്ഠയോടെയാണ് അന്നെല്ലം കഴിഞ്ഞുപോന്നത്. കുടുംബത്തിൽനിന്ന് അകന്നതോടെ ആ ഉത്കണ്ഠ ഇല്ലാതായെന്നും ബ്രുക്ലിൻ പറയുന്നു.
ബ്രൂക്ലിൻ മാതാപിതാക്കളെയും സഹോദരങ്ങളെയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെയണ് കുടുംബത്തിൽ കലഹമാണെന്ന അഭ്യൂഹം പുറത്തുവരുന്നത്. പിന്നാലെയാണ് ബ്രൂക്ലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. വിവാഹത്തിനുശേഷവും നിക്കോള അപമാനം നേരിട്ടു. തന്റെ മുൻ കാമുകിമാരെ മാതാവ് എപ്പോഴും തങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിട്ടു. തങ്ങളുടെ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കാനായിരുന്നു അതെന്നും ബ്രൂക്ലിൻ വ്യക്തമാക്കി. ബ്രൂക്ക്‌ലിൻ മാതാപിതാക്കളേയും സഹോദരങ്ങളേയും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബ്രൂക്ക്‌ലിൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.