ദുബൈ: ട്വന്‍റി20 ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച തർക്കത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്തൻ. സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ലോകകപ്പിൽനിന്ന് പിന്മാറിയാലും തങ്ങൾ ടൂർണമെന്‍റ് ബഹിഷ്കരിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അറിയിച്ചു.
ഇല്ല, ഇത് പി.സി.ബിയുടെ നിലപാടല്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നേരത്തെയുള്ള ധാരണപ്രകാരം പാകിസ്താന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനായി പാകിസ്താനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതോടെയാണ് ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താനും നിലപാട് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നിലവിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറാനുള്ള സാഹചര്യമില്ലെന്നും പി.സി.ബി വൃത്തങ്ങൾ വ്യക്തമാക്കി.
ഐ.സി.സിയുമായുള്ള തർക്കത്തിൽ പാകിസ്താൻ ബോർഡിന്‍റെ പിന്തുണ ബംഗ്ലാദേശ് തേടിയെന്ന് നേരത്തെ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് ബംഗ്ലാദേശിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അന്ത്യശാസനം നൽകി. ജനുവരി 21നകം ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് നിർദേശിച്ചു. അല്ലാത്തപക്ഷം പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും ഐ.സി.സി മുന്നറിയിപ്പ് നൽകി.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ബംഗ്ലാദേശിന്‍റെ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബി.സി.ബി ആവശ്യം. ഇത് ഐ.സി.സി നിരസിച്ചിട്ടുണ്ട്. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന്റെ നടത്തിപ്പിനെ ഇത്തരം തീരുമാനങ്ങൾ ബാധിക്കുമെന്നതിനാൽ വിഷയത്തിൽ കടുത്ത നിലപാടാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സ്വീകരിച്ചിരിക്കുന്നത്. തീരുമാനമെടുക്കാൻ വൈകിയാൽ ബംഗ്ലാദേശിന്റെ സ്ഥാനം മറ്റേതെങ്കിലും ടീമിന് നൽകും. നിലവിലെ റാങ്കിങ് പ്രകാരം സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കാനാണ് സാധ്യത. ഗ്രൂപ് സിയിലാണ് ബംഗ്ലാദേശുള്ളത്. ടീമിന്റെ മത്സരങ്ങൾ നടക്കേണ്ടത് കൊൽക്കത്തയിലും മുംബൈയിലുമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.