കോഴിക്കോട്: മലബാറിലെ ഒരു സ്വകാര്യ ഫുട്ബാൾ അക്കാദമിയിൽ പരിശീലിക്കുന്ന മണിപ്പൂരിൽനിന്നുള്ള കുട്ടികൾക്ക് കൊടിയ പീഡനമെന്ന് പരാതി. 22 കുട്ടികളെ രക്ഷപ്പെടുത്തിയതായി മണിപ്പൂർ സർക്കാർ. ആവശ്യമായ പോഷക ഭക്ഷണം നൽകാതെയും മറ്റും പീഡിപ്പിക്കുന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മണിപ്പൂരിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉന്നയിച്ചത്. ആൾ മണിപ്പൂർ ഫുട്ബാൾ അസോസിയേഷന്റെ അനുമതിയോടെയാണ് കേരളത്തിലും ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഫുട്ബാൾ അക്കാദമികളിലേക്ക് കുട്ടികളെ അയച്ചത്.

തുടക്കം മുതൽ കേരളത്തിലെ അക്കാദമിയിൽനിന്ന് പരാതികളുയർന്നിരുന്നു. പരാതി വ്യാപകമായതോടെയാണ് കുട്ടികളെ തിരിച്ചുകൊണ്ടുപോയതെന്ന് മണിപ്പൂർ സാമൂഹിക സുരക്ഷ വകുപ്പ് ഡയറക്ടർ എൻ.ജി. ഉത്തം പറഞ്ഞു. അക്കാദമിയിലെത്തിയ ശേഷം പല കുട്ടികളുടെയും കളിനിലവാരം താഴ്ന്നതായും ഉത്തം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്ക് ഫുട്ബാൾ പരിശീലനത്തിന്റെ പേരിൽ കുട്ടികളെ കടത്തുന്നതിൽ രക്ഷിതാക്കൾക്കും മണിപ്പൂർ ഫുട്ബാൾ അസോസിയേഷനും ജാഗ്രതനിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂരിന് പുറമേ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളും മലബാറിലുള്ള അക്കാദമിയിൽ പരിശീലിക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള പരിശീലകരും ഇവിടെയുണ്ട്. യു.പി ക്ലാസുകളിലടക്കം സമീപത്തെ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചത്. രണ്ട് മാസമായി കുട്ടികൾ സ്കൂളിലെത്തിയിരുന്നില്ല. തുടർന്ന് ഇവരുടെ പേരുകൾ രേഖയിൽ നിന്ന് നീക്കം ചെയ്തു. ഈ കുട്ടികളിൽ പലരും ബംഗളുരുവിലുള്ള അക്കാദമിയിൽ നിലവിൽ പരിശീലനം തേടുന്നുണ്ട്. പരാതിയുയർന്നിട്ടും പുതിയ ബാച്ചിനായി വിവാദ അക്കാദമി മണിപ്പൂരിൽ കഴിഞ്ഞ ദിവസം സെലക്ഷൻ ട്രയൽസ് നടത്തിയിരുന്നു.

ഈ അക്കാദമിക്ക് കേരള ഫുട്ബാൾ അസോസിയേഷനുമായി (കെ.എഫ്.എ) ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി പി. അനിൽ കുമാർ പറഞ്ഞു. കെ.എഫ്.എയുടെ അക്കാദമികൾ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് രണ്ടിലധികം കുട്ടികൾക്ക് കെ.എഫ്.എ അക്കാദമികളിൽ പ്രവേശനം നൽകാറില്ലെന്നും അനിൽ കുമാർ പറഞ്ഞു.

സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ ഫുട്ബാൾ അക്കാദമിയെക്കുറിച്ച് വിവരം തേടിയിരുന്നതായി അക്കാദമി സ്ഥിതിചെയ്യുന്ന ജില്ല ഫുട്ബാൾ അസോസിയേഷനിലെ ഭാരവാഹി പറഞ്ഞു. അസോസിയേഷനുമായി ബന്ധമില്ലെന്ന് മറുപടി നൽകിയതായി ഭാരവാഹി പറഞ്ഞു. വൻതുക ഫീസടക്കാനുള്ളതിനാൽ കുട്ടികളെ പുറത്താക്കിയതാണെന്ന് അക്കാദമി ഭാരവാഹി പറഞ്ഞു. പ്രായതട്ടിപ്പ് പിടികൂടിയതും ഇവർ അക്കാദമി വിട്ടുപോകാൻ കാരണമായി. മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. സർക്കാർ ഏജൻസികൾക്ക് ബോധ്യപ്പെട്ടതാണെന്നും അക്കാദമി ഭാരവാഹി പറഞ്ഞു.

പലയിടത്തും മുളച്ചുപൊന്തുന്ന ഫുട്ബാൾ അക്കാദമികളിൽ കുട്ടികൾ കൊടും ദുരിതം നേരിടുന്നുണ്ട്. സർക്കാർ ഏജൻസികൾ ഇടപെടാറില്ല. യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ പേരിലുള്ള ചില അക്കാദമികൾ അരലക്ഷത്തിലേറെ രൂപയാണ് ഒരു വർഷം പരിശീലനത്തിനായി ഈടാക്കുന്നത്. വിദേശ ക്ലബുകളിൽ പരിശീലനം എന്ന പേരിൽ കുട്ടികളെ കൊണ്ടുപോകാൻ ചിലർ ലക്ഷങ്ങൾ ഫീസ് വാങ്ങുന്നുണ്ട്. കളിയുടെ മികവ് നോക്കാതെ, പണം നൽകുന്നവരെയെല്ലാം വിദേശത്തേക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ പരിശീലനത്തിന് എത്തിക്കുന്നതാണ് പതിവ്. 

Tags:    
News Summary - Manipur government criticized football academy in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.