വാഷിങ്ടൺ: 2002 മേയ് 31, ദക്ഷിണ കൊറിയയിലെ സിയോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പിൽ ഉദ്ഘാടന മത്സരം. ലോക ചാമ്പ്യന്മാരുടെ പ്രൗഢിയോടെയെത്തിയ ഫ്രാൻസ് ആഫ്രിക്കൻ സംഘമായ സെനഗാളിനെതിരെ ഇറങ്ങി. പരിക്കേറ്റ് പുറത്തിരുന്ന സിനദിൻ സിദാനില്ലെങ്കിലും തിയറി ഒൻറി നയിച്ച മുന്നേറ്റ നിരയും ഇമ്മാനുവൽ പെറ്റിറ്റും പാട്രിക് വിയേരമുൾപ്പെടെയുള്ളവരുടെ മധ്യനിരയും ലിലിയൻ തുറാമടങ്ങുന്ന പ്രതിരോധവും കൊണ്ട് താരസമ്പന്നമായ ഫ്രഞ്ച് ടീമിനെയും ആരാധക ലോകത്തെയും ഞെട്ടിച്ച് ഫാബിയൻ ബർത്തേസ് കാവൽനിന്ന വലയിലേക്ക് 30ാം മിനിറ്റിൽ പാപ ബൂബ ഡിയോപ്പിന്റെ ഗോൾ.
എൽ ഹാജി ദിയൂഫാണ് വഴിയൊരുക്കിയത്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ അവിശ്വസനീയ ജയത്തിന്റെ ആവേശത്തിലായിരുന്നു സെനഗാൾ. 24 വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി ഇരു ടീമും മുഖാമുഖമെത്തുമ്പോൾ ഡിയോപ് ജീവിച്ചിരിപ്പില്ല. ഡിഫൻസിവ് മിഡ്ഫീൽഡറായിരുന്ന താരം അഞ്ച് വർഷം മുമ്പ് 42ാം വയസ്സിൽ വിടവാങ്ങി. 2026 ജൂൺ 16ന് ഗ്രൂപ് ‘ഐ’യിലാണ് ഫ്രാൻസ്-സെനഗാൾ മത്സരം. കഴിഞ്ഞ ദിവസം കെന്നഡി സെന്ററിൽ ലോകകപ്പ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് നടന്നു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ് ‘സി’യിലാണ്.
നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ‘ജെ’യിലും. അൽജീരിയ, ഓസ്ട്രിയ, ജോർഡൻ എന്നിവരാണ് അർജന്‍റീനയുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഫ്രാൻസും സെനഗാളുമടങ്ങുന്ന ‘ഐ’യിൽ നോർവേയുണ്ട്. ഗ്രൂപ് ‘എൽ’ലിലാണ് ഇംഗ്ലണ്ടും ക്രൊയേഷ്യയും. ഗ്രൂപ് ‘ഇ’യിൽ ജർമനിയോട് മുട്ടാൻ കുറസാവോയും എക്വഡോറും ഐവറി കോസ്റ്റുമാണുള്ളത്. 48 ടീമുകളെ നാലെണ്ണം വെച്ച് 12 ഗ്രൂപ്പുകളാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.