വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്. പ്ലേയിങ് ഇലവനിൽ വാഷിങ്ടൺ സുന്ദറിനെ മാറ്റി തിലക് വർമയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിങ്ങുന്നത്. പ്രോട്ടീസ് ഇലവനിൽ പരിക്കേറ്റ നാൻഡ്രേ ബർഗറിനും ടോണി ഡിസോർസിക്കും വിശ്രമം നൽകി. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം പാഡുകെട്ടുമ്പോൾ മുന്നിൽ അങ്ങനെയൊരു ആധിയുണ്ട്. ടെസ്റ്റ് പരമ്പര നേരത്തെ കൈവിട്ട ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ 1-1ന് ഒപ്പം നിൽക്കുകയാണ്. തോറ്റാൽ 1986-87ൽ പാകിസ്താനോട് രണ്ട് പരമ്പരകളും ഒന്നിച്ച് തോൽവി വഴങ്ങിയ ശേഷം അതേ നാണക്കേട് വീണ്ടും ടീമിനെ തേടിയെത്തും. ദക്ഷിണാഫ്രിക്കക്കാകട്ടെ, ഇരട്ട നേട്ടം ടീമിന്റെ റാങ്കിങ്ങിനെ ഏറെ സഹായിക്കുന്നതാകും.
റായ്പൂരിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ രോ-കോ സഖ്യത്തിനൊപ്പം ഇളമുറക്കാരും കളി കനപ്പിക്കണം. കഴിഞ്ഞ മൂന്നു കളികളിൽ രണ്ട് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട് വിരാട് കോഹ്‍ലി. ഇന്ന് കൂടി സെഞ്ച്വറി നേടിയാൽ ഹാട്രിക് ശതകമെന്ന അത്യപൂർവ ചരിത്രമാകും. രോഹിതാകട്ടെ ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയുമായി ഒപ്പമുണ്ട്. കഴിഞ്ഞ കളിയിൽ ശതകത്തിളക്കവുമായി നിറഞ്ഞുനിന്ന ഋതുരാജ് ഗെയ്ക്‍വാദും അർധ സെഞ്ച്വറികളുമായി കളി നയിച്ച കെ.എൽ രാഹുലും ഒഴിച്ചാൽ മറ്റുള്ളവർ വലിയ സംഭാവനകളർപ്പിച്ചിട്ടില്ല.
ഓപണറുടെ റോളിൽ യശസ്വി ജയ്സ്വാളുടെ വൻവീഴ്ച മുതൽ തുടങ്ങുന്നു ബാറ്റിങ്ങിലെ വിഷയങ്ങൾ. വിശാഖപട്ടണത്തെ പിച്ച് ബാറ്റർമാരെ തുണക്കുമെന്ന പ്രവചനങ്ങൾക്കിടെ ഈ പ്രതിസന്ധി മറികടക്കാനാകും ടീമിന്റെ കൂട്ടായ ശ്രമം. ഇന്ന് ജയം പിടിക്കാനായാൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പരയെന്ന വലിയ നേട്ടം പിടിക്കാമെന്ന് ദക്ഷിണാഫ്രിക്ക സ്വപ്നം കാണുന്നു. വാലറ്റം വരെ നീണ്ടുനിൽക്കുന്ന വിശ്വസ്തമായ ബാറ്റിങ് ലൈനപ്പാണ് ടീമിന്റെ കരുത്ത്. കപ്പും ചരിത്രവുമായി മടങ്ങാനാകുമെന്ന് ദക്ഷിണാഫ്രിക്ക കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.