സഞ്ജു സാംസൺ

തുടക്കം മുതൽ ഒടുക്കം വരെ സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം, അപരാജിത അർധ ശതകം; ആന്ധ്രക്കെതിരെ തോറ്റ് കേരളം

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂർണമെന്‍റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. ഒരുഭാഗത്ത് ബാറ്റർമാർ തുടർച്ചയായി കൂടാരം ക‍യറിയപ്പോൾ ക്ഷമയോടെ കളിച്ച സഞ്ജുവിന്‍റെ മികവിൽ ആന്ധ്രക്കു മുന്നിൽ 120 റൺസിന്‍റെ വിജയലക്ഷ്യമാണ് കേരളം കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ കെ.എസ്. ഭരതിന്‍റെ (28 പന്തിൽ 53) അർധ സെഞ്ച്വറിയുടെ മികവിൽ ഏഴ് വിക്കറ്റ് വിജയമാണ് ആന്ധ്ര സ്വന്തമാക്കിയത്. സ്കോർ: കേരളം -20 ഓവറിൽ ഏഴിന് 119, ആന്ധ്രപ്രദേശ് - 12 ഓവറിൽ മൂന്നിന് 123.

മത്സരത്തിൽ ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലാം ഓവർ മുതൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട കേരളം ഒരുഘട്ടത്തിൽ അഞ്ചിന് 54 എന്ന നിലയിലായിരുന്നു. ബാറ്റിങ് തകർച്ചക്കിടെ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സഞ്ജു ഒറ്റക്ക് പൊരുതി സ്കോർ 100 കടത്തി. രോഹൻ കുന്നുമ്മൽ (2), മുഹമ്മദ് അസ്ഹറുദ്ദീൻ (6), കൃഷ്ണപ്രസാദ് (5), അബ്ദുൽ ബാസിത് (2), സൽമാൻ നിസാൻ (5), ഷറഫുദ്ദീൻ (3) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

56 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ സഞ്ജുവിന് പുറമെ 13 റൺസ് നേടിയ എം.ഡി. നിതീഷാണ് രണ്ടക്കം കണ്ട മറ്റൊരു താരം. എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. ആന്ധ്രക്കായി പെൻമെത്സ രാജുവും സൗരഭ് കുമാറും രണ്ട് വീതം വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ തകർത്തടിച്ചാണ് ആന്ധ്ര മുന്നേറിയത്. ആദ്യ അഞ്ചോവറിൽ അവർ 51 റൺസ് അടിച്ചെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്, ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 53 റൺസ് നേടിയാണ് പുറത്തായത്. അശ്വിൻ ഹെബ്ബാർ 27ഉം അവിനാഷ് പൈല 20ഉം റൺസ് നേടി പുറത്തായി. എസ്.കെ. റഷീദ് (6*), ക്യാപ്റ്റൻ റിക്കി ഭുയി (9*) എന്നിവർ പുറത്താകാതെ നിന്നു. തോറ്റതോടെ കേരളത്തിന് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം തുലാസിലായി.

Tags:    
News Summary - Despite od Sanju Samson's blistering perfomance, Kerala lost SMAT match vs Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.