ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന മാഗ്നസ് കാൾസനും ഇന്ത്യയുടെ കാർത്തികേയനും

ദോഹ: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കാർത്തികേയൻ മുരളി. ഖത്തർ മാസ്റ്റേഴ്സ് ഓപൺ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടിലായിരുന്നു ഒന്നാം നമ്പർ താരവും ലോകചാമ്പ്യനുമായ കാൾസനെ ഇന്ത്യൻ താരം അട്ടിമറിച്ചത്.

വിശ്വനാഥൻ ആനന്ദിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ക്ലാസികൽ ചെസിൽ കാൾസനെതിരെ വിജയം കാണുന്നത്. കറുത്തകരുക്കളുമായി കളിച്ച കാർത്തികേയൻ, 44 നീക്കങ്ങൾക്കൊടുവിൽ കാൾസന്റെ വെള്ളക്കരുക്കളെ പിടിച്ചുകെട്ടി മത്സരം ജയിച്ചപ്പോൾ പിറന്നത് ലോക ചെസിലേക്ക് ഒരു പുത്തൻതാരോദയം. തഞ്ചാവൂർ സ്വദേശിയാണ് 24കാരനായ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ.

നേരത്തെ, ഇതേ ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ മറ്റൊരു ഇന്ത്യൻ താരം എം. പ്രണേഷ് കാൾസനെ സമനിലയിൽ തളച്ചിരുന്നു. ആഗസ്റ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരക്കാരൻ ആർ. പ്രഗ്നാനന്ദ കാൾസനെ രണ്ടു തവണ ടൈബ്രേക്കറിലെത്തിച്ച് ഞെട്ടിച്ചിരുന്നു. ഏഴ് റൗണ്ട് പിന്നിട്ട ഖത്തർ മാസ്റ്റേഴ്സ് ഓപൺ ചെസിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് 5.5 പോയന്റുമായി മുൻനിരയിലുള്ളത്. അർജുൻ എറിഗൈസി, മലയാളി താരം എസ്.എൽ നാരായണൻ, കാർത്തികേയൻ എന്നിവരാണ് മറ്റു മൂന്ന് പേർക്കൊപ്പം മുന്നിലുള്ളത്.

മാഗ്നസ് കാൾസൻ, ഹികാരു നകാമുറ, അനിഷ് ഗിരി എന്നീ ലോകോത്തര താരങ്ങളെല്ലാം പിൻനിരയിലായ അങ്കത്തിലാണ് നാരായണനും അർജുനും ഉൾപ്പെടെ ഇന്ത്യൻ താരങ്ങളുടെ കുതിപ്പിന് ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ലുസൈൽ മൾട്ടി പർപസ് ഹാളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറു പേരാണ് 5.5 പോയന്റുമായി മുൻനിരയിലുള്ളത്. രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങിയ കാൾസൻ 4.5 പോയന്റുമായി 23ാം സ്ഥാനത്താണ്.

Tags:    
News Summary - India's Karthikeyan beat Carlsen In chess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.