ശുഭ്മൻ ഗിൽ

‘എന്‍റെ വിധി ആർക്കും മാറ്റാനാകില്ല’; ലോകകപ്പ് സ്ക്വാഡിൽനിന്ന് പുറത്തായതിൽ പ്രതികരിച്ച് ഗിൽ

വഡോദര: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലേക്ക് തന്നെ പരിഗണിക്കാത്തതിൽ ആദ്യമായി പ്രതികരിച്ച് ശുഭ്മൻ ഗിൽ രംഗത്ത്. സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ കൂടിയായ ഗിൽ പറഞ്ഞു. നേരത്തെ കുട്ടിക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ വന്നതോടെയാണ് ഗില്ലിനെ സെലക്ടർമാർ ലോകകപ്പ് സ്ക്വാഡിൽനിന്ന് തഴഞ്ഞത്. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്.

“സെലക്ടർമാരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. ട്വന്‍റി20 ലോകകപ്പിനിറങ്ങുന്ന ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു. എനിക്ക് അർഹതപ്പെട്ട സ്ഥാനത്തു തന്നെയാണ് ഞാനുള്ളത്. എന്‍റെ വിധിയിൽ എഴുതപ്പെട്ടതൊന്നും തന്നെ ആർക്കും മാറ്റാനാകില്ല. ഒരു കളിക്കാരനെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ വേണ്ടത്. സെലക്ടർമാർ അവരുടെ തീരുമാനം സ്വീകരിക്കും” -ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര തുടങ്ങുന്നതിനു മുന്നോടിയായി വാർത്ത സമ്മേളനത്തിൽ ഗിൽ പറഞ്ഞു. ഞായറാഴ്ച‍യാണ് പരമ്പരയിലെ ആദ്യ മത്സരം.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലും നിരാശപ്പെടുത്തിയതോടെയാണ് ഗില്ലിനെ സെലക്ടർമാർ തഴഞ്ഞത്. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ ഓപണിങ് റോളിൽനിന്ന് മാറ്റി ഗില്ലിനെ കൊണ്ടുവന്നതിൽ വലിയ ആരാധക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇതു വകവെക്കാതെയാണ് ഏഷ്യകപ്പിലും പിന്നീട് നടന്ന പരമ്പരകളിലും ഗില്ലിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്. തുടർച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന സഞ്ജു, മധ്യനിരയിൽ കിട്ടിയ അവസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ലോകകപ്പ് സ്ക്വാഡിൽ ഇടംനേടുകയും ചെയ്തു.

അതേസമയം മികച്ച ഫോമിലുള്ള സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ക്രീസിലെത്തുന്ന ഏകദിന പരമ്പര ആരാധകർക്ക് ആവേശമാകുമെന്നുറപ്പ്. ടി20 ലോകകപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും രോഹിത്തിനെയും കോഹ്ലിയെയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയ്ഹസാരെ ട്രോഫിയുടെ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഇരുവരും കളത്തിലിറങ്ങിയപ്പോൾ വൻ ആരാധക പ്രവാഹമായിരുന്നു. കോഹ്ലി ഡൽഹിക്കായും രോഹിത്ത് മുംബൈക്ക് വേണ്ടിയും സെഞ്ച്വറികൾ നേടിയിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദര വേദിയാകും.

Tags:    
News Summary - Shubman Gill | T20 World Cup 2026 | IND vs NZ ODI | Cricket News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.