വൈഭവ് സൂര്യവംശി

9 ഫോർ, 7 സിക്സ്, 50 പന്തിൽ 96; വീണ്ടും വൈഭവ് ഷോ, അണ്ടർ-19 ലോകകപ്പ് സന്നാഹത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ബുലവായോ (സിംബാബ്‌വെ): അണ്ടർ-19 ലോകകപ്പ് സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ഇന്ത്യക്ക് 121 റൺസിന്‍റെ വമ്പൻ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 374 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ മഴ വില്ലനായതോടെ സ്കോട്ട്ലൻഡിന്‍റെ ലക്ഷ്യം 24 ഓവറിൽ 234 റൺസായി പുനർനിശ്ചയിച്ചു. 23.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ സ്കോട്ട്ലൻഡിന് കഴിഞ്ഞുള്ളൂ. വൈഭവ് സൂര്യവംശി (96), ആരോൺ ജോർജ് (61), വിഹാൻ മൽഹോത്ര (77), അഭിജ്ഞാൻ കുണ്ടു (55) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ സ്കോട്ട്ലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച വൈഭവ് ഇന്ത്യയുടെ റൺനിരക്ക് ആദ്യ ഓവറുകളിൽ തന്നെ കുത്തനെ ഉയർത്തി. ഏഴാം ഓവറിൽ സ്കോർ 70ൽ നിൽക്കെ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ (22) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെയിറങ്ങിയ ആരോൺ ജോർജിനൊപ്പം വൈഭവ് സ്കോർ ബോർഡ് ചലിപ്പിച്ചു. 50 പന്തിൽ ഒമ്പത് ഫോറും ഏഴ് സിക്സറുകളും സഹിതം 96 റൺസ് നേടിയ വൈഭവ് 17-ാം ഓവറിൽ പുറത്താകുമ്പോൾ സ്കോർ 148ൽ എത്തിയിരുന്നു.

വൈഭവിന് നാല് റൺസകലെ സെഞ്ച്വറി നഷ്ടമായെങ്കിലും, മൂന്നുപേർ കൂടി ഇന്ത്യക്കായി അർധ സെഞ്ച്വറികൾ കുറിച്ചു. ആരോണും വിഹാനും കുണ്ടുവും ഏകദിന ശൈലിയിൽ ബാറ്റുവീശിയതോടെ 40 ഓവറിൽ സ്കോർ 300 കടന്നു. കനിഷ്ക് ചൗഹാൻ (3), മുഹമ്മദ് ഇനാൻ (9), ഖിലൻ പട്ടേൽ (1) എന്നിവർ ചെറിയ സ്കോറിൽ പുറത്തായി. ആർ.എസ്. അംബരീഷ് (28), ദീപേഷ് ദേവേന്ദ്രൻ (10) എന്നിവർ പുറത്താകാതെനിന്നു. സ്കോട്ട്ലൻഡിനായി ഒലി ജോൺസ് നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ ഒന്നിന് 59 എന്ന നിലയിൽനിന്ന് ഒമ്പതിന് 84 എന്ന നിലയിലേക്ക് സ്കോട്ടിഷ് ബാറ്റിങ്നിര തകർന്നടിയുകയായിരുന്നു. 30 റൺസ് നേടിയ ഓപണർ തിയോ റോബിൻസനാണ് അവരുടെ ടോപ് സ്കോറർ. റോബിൻസൻ അടക്കം നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മാക്സ് ചാപ്ലിൻ 22 റൺസ് നേടി പുറത്തായപ്പോൾ, മനു സാരസ്വത് (23*), ജേക്ക് വുഡ്ഹൗസ് (12*) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും ഖിലൻ പട്ടേലും മൂന്നുവീതം വിക്കറ്റുകൾ സ്വന്തമാക്കി.

Tags:    
News Summary - IND U19 vs SCO U19 | U19 WC Warm up | Vaibhav Suryavanshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.