എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ പത്ത് ഗോളുകൾക്കാണ് എക്സ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. മത്സരത്തിന്റെ ഇരുപകുതികളിലും വ്യക്തമായ ആധിപത്യം നിലനിർത്തിയാണ് സിറ്റിയുടെ ജയം. കളിതുടങ്ങിയത് മുതൽ എക്സ്റ്റർ സിറ്റിയുടെ ഗോൾവലയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഷോട്ടുകൾ ഇടവേളകളില്ലാതെ പതിക്കുകയായിരുന്നു.
കൗമാരതാരം മാക്സ് അലേയ്നാണ് സിറ്റിക്കായി ആദ്യം വലകുലുക്കിയത്. 12ാം മിനിറ്റിലായിരുന്നു ഗോൾ. ഇതിന്റെ ആഘാതം മാറും മുമ്പ് റോഡ്രിയുടെ വക സിറ്റിക്കായി രണ്ടാം ഗോളും പിറന്നു. എന്നാൽ, പിന്നീട് ഒരു ടീമും ആഗ്രഹിക്കാത്ത വിധിയാണ് എക്സ്റ്ററിനെ കാത്തിരുന്നത്. 42,45 മിനിറ്റുകളിൽ എക്സ്റ്ററിന്റെ സെൽഫ് ഗോളുകൾ കൂടി വന്നതോടെ ആദ്യ പകുതിയിൽ സിറ്റിക്ക് ഏകപക്ഷീയമായ നാല് ഗോളിന്റെ ലീഡായി.
രണ്ടാം പകുതിയിലും ഗോളടി യന്ത്രം ഓഫാക്കാൻ സിറ്റിക്ക് പദ്ധതിയുണ്ടായിരുന്നില്ല. 49ാം മിനിറ്റിൽ റികോ ലുയിസ് സിറ്റിക്കായി ഗോൾ നേടി. 54ാം മിനിറ്റില അന്റോണി സെമെനിയോയുടെ വകയായിരുന്നു ഗോൾ. ഇതിന് പിന്നാലെ ടിജാനി റെജിന്ദറിന്റെ ലോങ് ഷോട്ട് വലയിൽ പതിച്ചതോടെ സിറ്റിയുടെ ഗോൾനേട്ടം ഏഴായി. 79ാം മിനിറ്റിൽ നിക്കോ ഒ റെയ്‍ലിയും 86ാം മിനിറ്റിൽ റയാൻ മക്എയ്ഡോയും സിറ്റിക്കായി ഗോൾ നേടിയതോടെ ടീമിന്റെ ഗോൾനേട്ടം ഒമ്പതായി. 90ാം മിനിറ്റിലാണ് എക്സ്റ്റർ സിറ്റിയുടെ ഗോൾ പിറന്നത്. എന്നാൽ, ഇഞ്ചുറി ടൈമിനിന്റെ ഒന്നാം മിനിറ്റിൽ റിക്കോ ലുയിസിലൂടെ സിറ്റി ഗോൾനേട്ടം പത്താക്കി ഉയർത്തി.
1987ലാണ് ഇതിന് മുമ്പ് എഫ്.എ കപ്പിൽ 10 ഗോൾ പിറന്നത്. അതേസമയം, ഒരു മത്സരത്തിൽ വിലക്കുള്ളതിനാൽ ഗാലറിയിൽ ഇരുന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ഗാലറിയിൽ ഇരുന്നാണ് കളികണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.