ലൂക സിദാനും സിനദിൻ സിദാനും
പാരീസ്: സിനദിൻ സിദാൻ.... ലോകത്തെ ഏതൊരു ഫുട്ബാൾ ആരാധകനും രോമാഞ്ചം നൽകുന്ന പേര്. ഇന്ന് 40 വയസ്സ് കടന്ന ഏതൊരു ഫുട്ബാൾ പ്രേമികളുടെ ഓർമകളിലുമുണ്ടാവും ഫ്രാൻസിന്റെ നീലയും വെള്ളയും നിറങ്ങളിൽ ഇതിഹാസ താരം തകർത്താടിയ ഒരുപാട് നിമിഷങ്ങൾ.
1998 ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച സിദാന്റെ കളിമികവ്, 2002ലും 2006ലും ലോകമെങ്ങുമുള്ള ആരാധകർ കൺ നിറയെ കണ്ടത് ഇന്നലെയെന്ന പോലെ മുന്നിലുണ്ടാകും. കളിക്കാരനായി നിറഞ്ഞു നിന്ന കരിയറിനു ശേഷം, സ്വന്തം ക്ലബായ റയൽ മഡ്രിഡിന്റെ പരിശീലകനായാണ് സിദാനെ ലോകം കണ്ടത്. കിരീടങ്ങളും, ശ്രദ്ധേയ വിജയങ്ങളുമായി പരിശീലക വേഷത്തിലും തിളങ്ങിയ മൂന്ന് സീസണിനു ശേഷം തിരക്കുകളിൽ നിന്നകന്ന്, ഫുട്ബാളിന്റെ താരപ്പകിട്ടിനോടും വിടപറഞ്ഞ് ഇടവേളയിലാണ് ഇതിഹാസ താരം.
എന്നാൽ, സിദാൻ കെട്ടിപ്പടുത്ത ഫുട്ബാൾ പ്രതാപം മക്കളിലൂടെയും ഇപ്പോൾ കളത്തിൽ പടരുകയാണ്. മക്കൾ നാലുപേരും പ്രഫഷണൽ ഫുട്ബാൾ താരങ്ങൾ. എൻസോ, ലൂക, തിയോ, എല്യാസ് എന്നീ നാൽവർ സംഘം യൂത്ത് ടീമുകളിൽ ഫ്രാൻസിന്റെ ദേശീയ കുപ്പായമണിഞ്ഞതും ലോകം കണ്ടു. എന്നാൽ, കളിമികവിൽ പിതാവിന്റെ നിഴൽ മാത്രമായ മക്കൾക്കാർക്കും താരസമ്പന്നമായ ഫ്രഞ്ച് ദേശീയ സീനിയർ ടീമിൽ ഇടം നേടാൻ ആയില്ലെന്നതാണ് സത്യം. ഒടുവിലിതാ രണ്ടാമൻ ലൂകാ സിദാൻ പിതാമഹന്മാരുടെ സ്വന്തം രാജ്യമായ അൽജീരിയയുടെ കുപ്പായമണിഞ്ഞ് ദേശീയ ടീമിൽ ഇടം പിടിക്കാനും, ലോകകപ്പ് കളിക്കാനും തയ്യാറെടുക്കുന്നു.
ഫ്രാൻസിൽ നിന്നും മാറി അൽജീരിയക്കു വേണ്ടി കളിക്കാനുള്ള ലൂക സിദാന്റെ അപേക്ഷയിൽ ഫിഫ അംഗീകാരമായി. ഫ്രാൻസിനു വേണ്ടി അണ്ടർ 16 മുതൽ അണ്ടർ 20 വരെ വിവിധ പ്രായവിഭാഗങ്ങളിൽ കളിച്ച ലൂക നിലവിൽ ഗ്രനഡയുടെ ഗോൾകീപ്പറാണ്. നേരത്തെ റയൽ മഡ്രിഡ് യൂത്ത് ടീമിലും, രണ്ടു മത്സരങ്ങളിൽ സീനിയർ ടീമിലും കളിച്ച ലൂക റയോ വയെകാനോ, ഐബർ ടീമുകൾക്ക് കളിച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ ഗ്രനഡയുടെ ഒന്നാം നമ്പർ ഗോളിയായി ഗ്ലൗസ് അണിഞ്ഞത്.
ഒരുപിടി പ്രതിഭകളാൽ സമ്പന്നമായ ഫ്രാൻസ് ദേശീയ സീനിയർ ടീമിലേക്കുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിനിടെയാണ്, തന്റെ സ്പോർട്സ് നാഷണാലിറ്റി പിതാമഹന്മാരുടെ നാടായ അൽജീരിയയിലേക്ക് മാറുന്നതിനായ ലൂക സിദാൻ ഫിഫക്ക് മുമ്പാകെ അപേക്ഷ നൽകിയത്. നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ ഫിഫ അംഗീകാരമായതോടെ 27 കാരനായ താരത്തിന് ഇനി അൽജീരിയൻ ജഴ്സിയിൽ കളത്തിലിറങ്ങാൻ കഴിയും.
ഫ്രാൻസിനായി 1994മുതൽ 2006 വരെയായി 108 മത്സരങ്ങൾ കളിച്ച് ലോകകപ്പും യൂറോകപ്പും സമ്മാനിച്ച സിനദിൻ സിദാന്റെ പിതൃപൈതൃകത്തിലേക്കാണ് മകൻ ലൂക്ക മടങ്ങുന്നത്. അൽജീരിയയിലെ അഗ്മൗനിൽ നിന്നും 1950കളിൽ ഫ്രാൻസിലേക്ക് കുടിയേറിയതായിരുന്നു സിദാൻ മാതാപിതാക്കൾ. കുടിയേറ്റക്കാരുടെ മകനായി പിറന്ന്, ദാരിദ്ര്യവും ദുരിതവും പേറിയ ബാല്യകാലത്തിൽ നിന്നായിരുന്നു സിദാൻ ലോകമറിയുള്ള ഫുട്ബാളറായി വളർന്നത്.
അൽജീരിയൻ കുപ്പായമണിയാൻ ലൂക യോഗ്യത നേടിയതോടെ സിദാൻ കുടുംബ പാരമ്പര്യം വീണ്ടും ലോകകപ്പിലെത്തുകയാണ്. ആഫ്രിക്കൻ മേഖല യോഗ്യതാ റൗണ്ടിൽ നിന്നും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുയാണ് അൽജീരിയ. ഗ്രൂപ്പ് ‘ജി’യിലെ മത്സരങ്ങൾ അവസാനത്തോടടുക്കവെ, എട്ട് കളിയിൽ 19 പോയന്റുമായി ഒന്നാം സ്ഥാനത്താണ് അൽജീരിയ. രണ്ടു മത്സരം ബാക്കിനിൽക്കെ നാല് പോയന്റ് ലീഡുള്ള ടീമിന് ലോകകപ്പ് പ്രവേശനം ഏതാണ്ടുറപ്പായി കഴിഞ്ഞു.
2014ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടി അമേരിക്കയിലേക്ക് പറക്കുമ്പോൾ ലൂക സിദാനും ടീമിൽ അവസരമുണ്ടാകുമെന്നുറപ്പാണ്. തദ്ദേശീയ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് നിലവിൽ അൽജീരിയ ഗോൾ വലകാക്കുന്നത്. റയൽ മഡ്രിഡ് ഉൾപ്പെടെ ലാ ലിഗ ക്ലബുകളിൽ പരിചയ സമ്പന്നായ ലൂകയെത്തുന്നതോടെ ടീമിന്റെ ഒന്നാം നമ്പറിൽ ഇതിഹാസ താരത്തിന്റെ മകൻ ഇരിപ്പുറപ്പിക്കുമെന്നുറപ്പ്. അങ്ങനെയെങ്കിൽ, 2006 ജർമനിയിൽ ഇറ്റലിക്കാരൻ മാർകോ മറ്റരാസിയുടെ പ്രകോപനത്തിൽ വീണ്, രണ്ടാം ലോകകിരീടം നഷ്ടപ്പെടുത്തി കളം വിട്ട സിനദിൻ സിദാന്റെ പൈതൃകം രണ്ട് പതിറ്റാണ്ടിനു ശേഷം വീണ്ടും വിശ്വവേദിയിൽ നിറഞ്ഞൊഴുകുന്നത് കാൽപന്ത് ലോകത്തിന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.