സ്കൈ സ്റ്റേഡിയം. എ.ഐ നിർമിത വിഡിയോയിൽ നിന്ന്
മധ്യപൂർവേഷ്യയിലേക്ക് 2034ൽ വീണ്ടും ലോകകപ്പ് വിരുന്നെത്തുമ്പോൾ ആതിഥേയരായ സൗദി അറേബ്യ എന്തെല്ലാം വിസ്മയങ്ങളുമായി ലോകത്തെ അതിശയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം.
അത്രമാത്രം, അവിശ്വസനീയമായ വാർത്തകളാണ് സൗദിയിൽ നിന്നുമെത്തുന്നത്. ഖത്തർ ലോകകപ്പിന് ശേഷം, സൗദിയിലൂടെ ഗൾഫ് മണ്ണിൽ വീണ്ടുമെത്തുന്ന വിശ്വമേളയിൽ ഓരോ കളിമുറ്റവും അതിശയിപ്പിക്കുന്ന അനുഭവമാവുമെന്ന് ഉറപ്പാണ്. അതിനിടയിലാണ്, ഇപ്പോൾ ആകാശത്ത് പണിയാൻ ഒരുങ്ങുന്ന ഫുട്ബാൾ സ്റ്റേഡിയം സംബന്ധിച്ച് വാർത്തകൾ പുറത്തുവരുന്നത്.
സൗദിയുടെ അത്ഭുത നഗരമായ നിയോമിലാണ് ലോകത്തെ ആദ്യ ആകാശ സ്റ്റേഡിയം (സ്കൈ സ്റ്റേഡിയം) നിർമിക്കാൻ പദ്ധതിയിടുന്നതെന്നാണ് വാർത്ത. നിയോ സ്റ്റേഡിയം എന്ന പേരിൽ 1150 അടി ഉയരെ (350 മീറ്റർ ഉയരത്തിൽ) 100 കോടി ഡോളർ ചിലവഴിച്ച് ഈ അതിശയ കളിമുറ്റം നിർമിക്കുമെന്ന് വിവിധ റിപ്പോർട്ടുകളിൽ വെളിപ്പെടുത്തുന്നു.
2027ൽ നിർമാണം ആരംഭിക്കുന്ന നിയോം സ്റ്റേഡിയം ലോകകപ്പിന് കിക്കോഫ് കുറിക്കുന്നതിന് രണ്ടു വർഷം മുമ്പ് 2034ൽ പൂർത്തിയാക്കും. ഗ്രൂപ്പ് റൗണ്ടും പ്രീക്വാർട്ടറും ക്വാർട്ടർ ഫൈനലും ഉൾപ്പെടെ ലോകകപ്പിലെ മത്സരങ്ങൾക്കും വേദിയാകുമത്രേ. 46,000മാണ് സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷി.
2024 ഡിസംബറിൽ നിയോം ‘എക്സ്’ പേജിൽ പങ്കുവെച്ച കുറിപ്പിൽ തന്നെ 350 മീറ്റർ ഉയരെ അതുല്യമായൊരു സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫിഫ സമർപ്പിച്ച സൗദിയുടെ ബിഡ് ബുക്കിലും നിയോം സ്റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ ഒന്നായിരിക്കുമെന്ന് അവകാശപ്പെടുന്നു. തറനിരപ്പിൽ നിന്ന് 350 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പിച്ചിനൊപ്പം, അതിശയിപ്പിക്കുന്ന കാഴ്ചകളും മേൽക്കൂരയുമുള്ള സ്റ്റേഡിയം അതുല്ല്യ അനുഭവമായിരിക്കുമെന്നാണ് വിശദീകരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഗ്രാഫിക് വീഡിയോയിലൂടെയാണ് നിയോം സ്റ്റേഡിയത്തിലെ യഥാർത്ഥ രൂപം പുറത്തെത്തുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ലോകത്തെ പ്രമുഖ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തു.
അതേസമയം ആകാശത്തിലെ സ്റ്റേഡിയം എന്ന സ്വപ്ന പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അനുകൂലിച്ചും സംശയം പ്രകടിപ്പിച്ചും ആരാധകരുമെത്തി. ആകശത്തോളം ഉയരത്തിൽ ലോകകപ്പ് പോലൊരു വലിയ കളി എങ്ങനെ നടക്കുമെന്നാണ് പലരുടെയും ചോദ്യം. കൂറ്റൻ കെട്ടിടത്തിന് മുകളിലെന്ന പോലെയാണ് സ്റ്റേഡിയം രൂപകൽപന ചെയ്തിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലായതിനാൽ കളിക്കാരുടെ പ്രയാസവും, വലിയ തോതിൽ കാണികൾ എങ്ങനെ മുകളിലെത്തുമെന്നുമെല്ലാം ചോദ്യങ്ങളുയരുന്നു.
അതേസമയം, അതിവേഗം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കും സൗകര്യങ്ങൾക്കുമിടയിൽ പുതിയ ആശയത്തെ ഗംഭീരം എന്ന് വിശേഷിപ്പിച്ച് കൈയടിക്കുന്നവരുമുണ്ട്.
ആകാശത്തിൽ സ്റ്റേഡിയം എന്ന ആശയം ആധുനികതയെ ഉൾകൊള്ളുന്ന ഒന്ന് എന്നായിരുന്നു ഐ.പി.എൽ ടീമായ ലഖ്നോ സൂപ്പർ ജയന്റിന്റെയും ഐ.എസ്.എൽ ക്ലബ് മോഹൻ ബഗാന്റെയും ഉടമയായ സഞ്ജീവ് ഗോയങ്കെ അഭിപ്രായപ്പെട്ടത്. സുസ്ഥിരതയും സാങ്കേതികവിദ്യയും സർഗാത്മകതയും ഒത്തു ചേരുന്നതാണ് ആശയമെന്നും അദ്ദേഹം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.