ലോകകപ്പ് യോഗ്യത: ഉറുഗ്വേക്കെതിരെ ബ്രസീലിന് തോൽവി

മോണ്ടെവിഡിയോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്കെതിരായ മത്സരത്തിൽ ബ്രസീലിന് തോൽവി. ലാറ്റിനമേരിക്കൻ കരുത്തർ തമ്മിലെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിനെ ഉറുഗ്വേ തുരത്തിയത്. സൂപ്പർ താരം നെയ്മർ ആദ്യപകുതിയിൽ തന്നെ പരിക്കേറ്റ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയായി. 


42ാം മിനിറ്റിൽ ഡാർവിൻ നുനെസ്, 77ാം മിനിറ്റിൽ നികോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ഉറുഗ്വേക്കായി ഗോൾ നേടിയത്. മികച്ച കളി പുറത്തെടുത്തിട്ടും ഏറെ നേരം പന്ത് കൈവശം വെച്ചിട്ടും ബ്രസീലിന് ഗോളിലേക്ക് മാത്രം വഴിതുറക്കാനായില്ല.

 

45ാം മിനിട്ടിലെ ഫൗളിലാണ് നെയ്മർ കാൽമുട്ടിന് പരിക്കേറ്റ് മൈതാനത്ത് വീണത്. തുടർന്ന് റിച്ചാർലിസൺ പകരക്കാരനായി ഇറങ്ങി. 69ാം മിനിറ്റിൽ റോഡ്രീഗോയുടെ ഗോളെന്നുറപ്പിച്ച ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ഗോൾ മടക്കാനുള്ള ശ്രമത്തിനിടെ 77ാം മിനിറ്റിൽ ഉറുഗ്വേ രണ്ടാം ഗോളും നേടിയതോടെ ബ്രസീൽ പരാജയമുറപ്പിച്ചു. 


യോഗ്യതാ മത്സരത്തിൽ 22 വർഷത്തിനിടെ ആദ്യമായാണ് ഉറുഗ്വേ ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. വിജയത്തോടെ ലാറ്റിനമേരിക്കൻ യോഗ്യത പോയിന്‍റ് ടേബിളിൽ ഉറുഗ്വേ രണ്ടാമതെത്തി. ബ്രസീൽ മൂന്നാമതാണ്. കഴിഞ്ഞ കളിയിൽ ബ്രസീൽ വെനിസ്വേലയോട് 1-1ന് സമനിലയിൽ കുരുങ്ങിയിരുന്നു. 


Tags:    
News Summary - world cup qualifier Brazil vs Uruguay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT