ലോകകപ്പ് 2026: ഗ്രൂപ്പ് എയും ഡിയും മരണ ഗ്രൂപ്പിലേക്കോ....?

യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന 2026ലെ ഫിഫ ലോകകപ്പ് മാമാങ്കത്തിൽ മാറ്റുരക്കുന്ന 48 ൽ 42 ടീമുകളുടെ ഫിക്‌സ്ചറാണ് പുറത്തുവന്നത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ ഓഫ് മത്സരങ്ങൾ നടക്കാനിക്കുന്നതേയുള്ളൂ. ഇതു വരെയുള്ള ഒരു ഗ്രൂപ്പും മുഴുവനായും അപകട ഗ്രൂപ്പല്ല. എന്നാല്‍ പ്ലേഓഫ് മത്സരം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുന്നതോടെ ഗ്രൂപ്പ് എ-യുടേയും ഡി-യുടേയും ചിത്രം മാറും. എ-ഗ്രൂപ്പില്‍ ഒന്നാം നിര ടീമുകളില്ല.

എന്നാല്‍ അതു തന്നെയാണ് ഈ ഗ്രൂപ്പിനെ മരണ ഗ്രൂപ്പിലേക്കെത്തുന്നതിനുള്ള സാധ്യതയും തെളിയുന്നത്. മെക്‌സിക്കോ, ദക്ഷിണ കൊറിയ, ദക്ഷിണ ആഫ്രിക്ക ടീമുകളാണ് രംഗത്തുള്ളത്. ഫിഫാ റാങ്കിങില്‍ 15-ല്‍ നില്‍ക്കുന്ന മെക്‌സിക്കോയും 22-ലുള്ള ദക്ഷിണ കൊറിയയും കരുത്തരായ നൈജീരിയയുടെ ലോകകപ്പ് പ്രതീക്ഷ തകര്‍ത്ത് ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായെത്തിയ ദക്ഷിണാഫ്രിക്കയും ഇവര്‍ക്കൊപ്പമുണ്ട്.

നാലാം ടീമായി 21-ാം റാങ്കിലുള്ള ഡെന്‍മാര്‍ക്കോ, 45-ലുള്ള ചെക്ക് റിപ്പബ്ലിക്കോ, 59-ാമതുള്ള അയര്‍ലന്റോ എത്തിയാല്‍ കളി മാറും. ചുരുക്കത്തില്‍ ഈ ഗ്രൂപ്പ് പ്രവചനാതീതമാവും. നോര്‍ത്ത് മാസിഡോണിയയാണ് ഈ ഗ്രൂപ്പിലെത്താന്‍ പ്ലേഓഫില്‍ മത്സരിക്കുന്ന നാലാമത്തെ ടീം.

ഗ്രൂപ്പ് ഡി-യില്‍ യുഎസ്എ-പരാഗ്വ-ആസ്തേലിയ ടീമുകളെ താരതമ്യപ്പെടുത്തുമ്പോള്‍ കടുകട്ടി ടീമുകളാണ്. 16-ാം റാങ്കില്‍ നിന്നും രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയാണ് യു.എസ്.എയുടെ ഇത്തവണത്തെ ലോകകപ്പ് പ്രവേശനം. ഇത്തവണ സ്വന്തം കാണികള്‍ക്കു മുന്നില്‍ യാങ്കിപ്പട മികച്ച മുന്നേറ്റം നടത്തിയേക്കും. റാങ്ക് 26-ലുള്ള ഏഷ്യന്‍ കരുത്തരായ ആസ്‌ട്രേലിയയും പരാഗ്വ(39)യുമാണ് കൂടെ പോരിനിറങ്ങുക. ഇവര്‍ക്കൊപ്പം എരിതീയില്‍ എണ്ണയൊഴിക്കാന്‍ പ്ലേ-ഓഫിലൂടെ തുര്‍ക്കിയോ-(25) റുമാനിയയോ-(47), സ്ലോവാക്യയോ-(45) കൊസോവയോ(80) ആരെത്തിയാലും ഗ്രൂപ്പിന്റെ നിലവാരം ഉയരും. 2002ലെ മൂന്നാം സ്ഥാനക്കാരായ തുര്‍ക്കിക്ക് സാധ്യതയുണ്ട്.

24 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്ലേ ഓഫിലൂടെ തിരിച്ചെത്താന്‍ ഇവരുടെ ശ്രമം. യൂറോപ്യന്‍ ഗ്രൂപ്പ് ഇ-യില്‍ കരുത്തരായ സ്പെയിനിനോട് ആദ്യ മത്സത്തില്‍ തകര്‍ന്ന ശേഷം രണ്ടാം ലെഗില്‍ 2-2 ന് സമനില പിടിച്ചു. ജോര്‍ജ്ജിയ,ബള്‍ഗേറിയ ടീമുകളെ തകര്‍ത്തെങ്കിലും പ്ലേഓഫിലേക്ക് വീണു. കാര്‍പ്പാത്തിയന്‍ മറഡോണ ജോര്‍ജ്ജി ഹാഗിയുടെ പിന്‍മുറക്കാരായ റുമാനിയ എട്ടാം തവണ യോഗ്യത നേടാനുള്ള കഠിന ശ്രമത്തിലാണ്. സ്ലോവാക്യയോ കൊസോവയോ എത്തിയാലും ഗ്രൂപ്പ് കടുത്തതാവും. ഗ്രൂപ്പ് എയില്‍ ജര്‍മനിക്കെതിരെ അട്ടിമറി ജയം നേടിയാണ് സ്ലോവാക്യ പ്ലേഓഫില്‍ ഇടം നേടിയത്. കൊസോവയാവട്ടെ യുവേഫ ഗ്രൂപ്പ് ബിയില്‍ കരുത്തരായ സ്വീഡനെ തോല്‍പിച്ചാണ് പ്ലേഓഫിനെത്തിയത്. മുന്‍ ജര്‍മന്‍ ഡിഫന്റര്‍ ഫ്രാന്‍കോ ഫോഡയാണ് കൊസോവയുടെ കോച്ച്.

ഗ്രൂപ്പ് എഫിലും ഏറെക്കുറെ അപകടസാധ്യത മണമുണ്ട്. നിലവില്‍ നെതര്‍ലന്റ്‌സും ജപ്പാനും ടൂണീഷ്യയുമാണുള്ളത്. നെതര്‍ലൻഡ്സ് റാംങ്കിങിൽ ഏറെ മുന്നില്‍(ഏഴ്)ആണെങ്കിലും മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപകട പോരാട്ടം നടക്കും. മികച്ച ഫോമിലുള്ള നെതര്‍ലൻഡ്സ് 11 -ാം തവണയാണ് ലോക ഫുട്‌ബോള്‍ മാമാങ്കത്തിനെത്തുന്നത്. അതേസമയം എല്ലാ ലോകകപ്പുകളിലും വമ്പന്‍മാരെ അട്ടിമറിക്കുന്ന ടീമാണ് ജപ്പാന്‍. എത്ര ഗോളിന് പിന്നില്‍ നിന്നാലും 90 മിനുട്ടും പോരാടി വിജയം വരുതിയിലാക്കാനുള്ള കഴിവും ഉദയ സൂര്യന്റെ നാട്ടുകാര്‍ക്കുണ്ട്. 18-ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ ഗ്രൂപ്പില്‍ നിന്നും ആസ്ട്രേലിയ, സൗദി അറേബ്യ ടീമുകളെ പിന്നിലാക്കിയാണ് വരുന്നത്.

ആഫ്രിക്കന്‍ എച്ച് ഗ്രൂപ്പിലെ ചാംപ്യന്മാരായാണ് ടൂണീഷ്യ ഏഴാം തവണ ലോകകപ്പിനെത്തുന്നത്. ഈ ഗ്രൂപ്പിലേക്ക് പ്ലേഓഫിലൂടെ 1994 ലെ മൂന്നാം സ്ഥാനക്കാരായ സ്വീഡനോ പോളണ്ടോ എത്തിയാല്‍ ഗ്രൂപ്പ് കടുകട്ടിയാവും. പോളണ്ട് എത്തിയാല്‍ യുവേഫ ഗ്രൂപ്പ് ജി-യില്‍ തങ്ങളെ പിന്നിലാക്കിയ നെതര്‍ലന്റ്നെതിരെ ലവണ്ടോസ്‌കിക്ക് പകരം വീട്ടാനും ഈ ഗ്രൂപ്പ് വേദിയാവും. ഇരുവരും രണ്ടു തവണയും 1-1 ന് സമനിലയിലായിരുന്നു. അല്‍ബേനിയയും ഉക്രൈനുമാണ് പ്ലേഓഫിലുടെ എഫ് ഗ്രൂപ്പിലെത്താന്‍ സാധ്യതയുള്ള മറ്റു രണ്ടു ടീമുകള്‍.

ബ്രസീല്‍ യോഗ്യതാ മത്സരത്തിലെ പ്രകടനം തുടരുകയാണെങ്കില്‍ ഗ്രൂപ്പ് സിയും ഏറെക്കുറെ അപകടമാവാന്‍ സാധ്യതയും കാണുന്നു. മക്ടോമിനെയുടെ ആക്രമണമുനിയിലെത്തുന്ന സ്‌കോട്ട്‌ലന്റിനേയും കഴിഞ്ഞ ലോകകപ്പിലെ നാലാം സ്ഥാനക്കാരായ മൊറോക്കോയേയും നേരിടുമ്പോള്‍ മുന്നു ടീമുകളും ഒരേ നിലവാരത്തിലാവും. എന്നാല്‍ ഹെയ്തിയാണ് നിലവാരത്തില്‍ കുറവുള്ളത്. എന്നാല്‍ രണ്ടാം ലോകകപ്പിനെത്തുന്ന ഇന്റര്‍ മിയാമി താരം ഫഫാ പിക്കാള്‍ട്ട്, ഗോള്‍കീപ്പര്‍ ജോണ്‍ പ്ലാസിഡ്, പീറോട്ട് തുടങ്ങിയവരടങ്ങിയ തടിമിടുക്കന്‍ ഹെയ്തിയെ തള്ളാനും വയ്യ.

ഗ്രൂപ്പ് കെ-യില്‍ പോര്‍ച്ചുഗല്‍-കൊളംബിയ-ഉസ്‌ബെക്കിസ്ഥാന്‍ ടീമിനൊപ്പം ആഫ്രിക്കന്‍ ഉരുക്കു ടീമായ കോംഗോ(ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്)എത്തിയാല്‍ പുല്‍ത്തകിടിക്ക് തീപിടിക്കുമെന്നുറപ്പാണ്. മാര്‍ച്ച് 31 ന് പ്ലേഓഫ് മത്സരം പൂര്‍ത്തിയായി ആറു ടീമുകള്‍ കൂടിയെത്തുന്നതോടെ ലോകകപ്പ് ടീമുകള്‍ സജ്ജരാവും.

Tags:    
News Summary - World Cup 2026 | Match schedule, fixtures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.