പാരിസ്: പിറവിയെടുത്ത് മൂന്നാം ദിനത്തിൽ തന്നെ യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം. മൂന്ന് രാജ്യങ്ങളിലെ 12 പ്രമുഖ ക്ലബുകൾ സ്ഥാപക അംഗങ്ങളായുള്ള സൂപ്പർ ലീഗിൽനിന്നും പിന്മാറുന്നതായി 10 ക്ലബുകൾ അറിയിച്ചതോടെ, സൂപ്പർ സ്വപ്നങ്ങൾക്ക് ശൈശവത്തിലേ ജീവനറ്റു. ആരാധകരുടെയും ഫുട്ബാൾ താരങ്ങളുടെയും മറ്റും പ്രതിഷേധം തെരുവിലേക്കും നീണ്ടതോടെ ഇംഗ്ലണ്ടിലെ ആറ് ടീമുകളാണ് പിൻമാറാൻ ആദ്യം തീരുമാനിച്ചത്. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തിങ്കളാഴ്ചതന്നെ അതിെൻറ സൂചനകൾ നൽകി. പിന്നാലെ, ആഴ്സനൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം ടീമുകളും സൂപ്പർ ലീഗിൽനിന്നുള്ള പിൻമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇറ്റാലിയൻ ടീമുകളായ യുവൻറസ്, എ.സി മിലാൻ, ഇൻറർ മിലാൻ, സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡ് എന്നീ ടീമുകൾ പിൻമാറുന്നതായി അറിയിച്ചത്.
ഇനി അവശേഷിക്കുന്നത് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും മാത്രം. അതേസമയം, ബാഴ്സലോണ കോച്ച് റൊണാൾഡ് കോമാൻ, സീനിയർ താരം ജെറാഡ് പിക്വെ, റയൽ മഡ്രിഡ് കോച്ച് സിനദിൻ സിദാൻ എന്നിവർ സൂപ്പർലീഗിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മൂന്ന് രാജ്യങ്ങളിലെ 12 മുൻനിര ക്ലബുകൾ ചേർന്നുള്ള ചാമ്പ്യൻഷിപ്പായ യൂറോപ്യൻ സൂപ്പർ ലീഗ് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ പ്രതിഷേധവും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.