‘പരിശീലകനാകാനില്ല, ഒരു ക്ലബിനെ സ്വന്തമാക്കണം...; മനസ്സ് തുറന്ന് ല‍യണൽ മെസ്സി

കരിയറിലെ സായാഹ്നത്തിലാണ് ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. ഈ വർഷം നടക്കുന്ന ഫിഫ ലോകകപ്പായിരിക്കും ഒരുപക്ഷേ താരം അർജന്‍റീനക്കുവേണ്ടി കളിക്കുന്ന അവസാന ടൂർണമെന്‍റ്. നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്കുവേണ്ടിയാണ് 38കാരനായ മെസ്സി കളിക്കുന്നത്.

ക്ലബിനൊപ്പം 2025 സീസൺ മെസ്സി ടോപ് സ്കോറർക്കുള്ള സുവർണ പാദുകം നേടി അവിസ്മരണീയമാക്കിയിരുന്നു. 28 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയ താരം 19 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി മയാമിക്ക് എം.എൽ.എസ് കപ്പ് കിരീടം നേടികൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഫൈനലിൽ രണ്ടു തവണ വലകുലുക്കിയ താരം, ടൂർണമെന്‍റിലെ ഏറ്റവും മൂല്യമേറിയ താരമായും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടു തവണ ഈ പുരസ്കാരം നേടുന്ന ലീഗിലെ ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. ക്ലബിനൊപ്പം മൂന്നു വർഷത്തെ കരാറും പുതുക്കി. 2028 വരെ മെസ്സി മയാമിയിലുണ്ടാകും, അതായത് 41 വയസ്സ് വരെ.

കഴിഞ്ഞദിവസം ഒരു അർജന്‍റൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിരമിക്കൽ ജീവിതത്തെ കുറിച്ച് താരം മനസ്സ് തുറന്നു.

പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചശേഷം ഒരു ടീമിന്‍റെ പരിശീലകനാകുന്നതിനോട് താൽപര്യമില്ലെന്ന് മെസ്സി വെളിപ്പെടുത്തി. ഒരു ഫുട്ബാൾ ക്ലബ് സ്വന്തമാക്കാനും അതിനെ താഴെത്തട്ടിൽനിന്ന് വളർത്തിക്കൊണ്ടുവരാനുമാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. ‘പരിശീലകൻ ആകുക എന്ന ആശയം ഇഷ്ടമൊക്ക തന്നെയാണ്, പക്ഷേ ഒരു ക്ലബിന്‍റെ ഉടമയാകാനാണ് കൂടുതൽ ഇഷ്ടം. സ്വന്തമായി ഒരു ക്ലബ് വേണം, താഴെത്തട്ടിൽനിന്ന് ലോക നിലവാരത്തിലേക്ക് അതിനെ വളർത്തിക്കൊണ്ടുവരാനാണ് ആഗ്രഹം. വളർന്നു വരുന്ന താരങ്ങൾക്ക് ആ ക്ലബിലൂടെ അവസരം നൽകണം. അവരുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകണം’ -മെസ്സി പറഞ്ഞു.

കരാറിന്‍റെ ഭാഗമായി മയാമി ക്ലബിന്‍റെ ഉടമസ്ഥതയിൽ ചെറിയൊരു ഷെയർ മെസ്സിക്ക് നൽകിയിരുന്നു. കൂടാതെ, ഉറുഗ്വായിയിൽ നാലാം ഡിവിഷൻ ക്ലബ് തുടങ്ങുന്നതിന് സഹതാരം ലൂയിസ് സുവാരസിന് സഹായവും നൽകി. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ നിലവിലെ ജേതാക്കളായ അർജന്‍റീന ഗ്രൂപ്പ് ജെയിലാണ്. അൾജീരിയ, ഓസ്ട്രിയ, ജോർഡൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അതിനിടെ, മെസ്സി ഇടക്കാല കൂടുമാറ്റത്തിനൊരുങ്ങുന്നതായും അഭ്യൂഹങ്ങളുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതിനു പിന്നാലെയാണ് ലയണൽ മെസ്സിയുടെ പ്രീമിയർ ലീഗിലേക്കുള്ള കൂടുമാറ്റം വാർത്തകളിൽ നിറയുന്നത്. ബാഴ്സലോണയിലും ശേഷം, പി.എസ്.ജി, വഴി എം.എൽ.എസ് ക്ലബ് ഇന്റർമിയാമിയിലെത്തിയ ലയണൽ മെസ്സിയെ വായ്പാ കരാറിലൂടെ ക്ലബിലെത്തിക്കാൻ ലിവർപൂൾ ശ്രമം ആരംഭിച്ചു. ഹ്രസ്വകാലയളവിലേക്കാണ് കൂടുമാറ്റത്തിന് ശ്രമം നടക്കുന്നത്. നാല് മുതൽ അഞ്ച് ആഴ്ച വരെയുള്ള കരാറിൽ താരത്തെ തങ്ങൾക്കൊപ്പം കളിപ്പിക്കാനാണ് ലിവർപൂളിന്റെ ശ്രമം. ഡിസംബറിൽ അവസാനിച്ച സീസണിനു പിന്നാലെ, ഫെബ്രുവരി അവസാനത്തിലാണ് എം.എൽ.എസ് അടുത്ത സീസണിന് കിക്കോഫ് കുറിക്കുന്നത്.

ജൂണിൽ ലോകകപ്പിന് കിക്കോഫ് കുറിക്കാനിരിക്കെ, ദീർഘകാലം കളിയില്ലാതെയിരിക്കുന്നത് മെസ്സിയുടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യതയെ ബാധിക്കുമെന്നതിനാൽ താരവും മികച്ച മത്സരങ്ങളുള്ള ലീഗിൽ കളിക്കാനും താൽപര്യപ്പെടുന്നതായാണ് വാർത്ത. ഇതു പ്രകാരമാണ് ലിവർപൂൾ ഹ്രസ്വകാല വായ്പയിൽ മെസ്സിയെ ഇംഗ്ലണ്ടിലെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം. ബെക്കാം റൂൾ എന്നറിയിപ്പെടുന്ന ഇടക്കാല കൂടുമാറ്റ തന്ത്രമാണ് മെസ്സിയുടെ നീക്കത്തിലും പിന്തുടരുന്നത്. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ 20 കളി പൂർത്തിയാക്കിയ ലിവർപൂൾ 10 ജയവുമായി 34 പോയന്റിൽ നാലാം സ്ഥാനത്താണിപ്പോൾ.

Tags:    
News Summary - Lionel Messi confirms retirement plans in surprising claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.