ഗുമ്മൻ ഫ്രീകിക്കിൽ മെസ്സി മാജിക്; പുതുലോകകപ്പിലേക്കുള്ള ആദ്യറൗണ്ടിൽ അർജന്റീനക്ക് ലീഡ്

ബ്വേനസ് എയ്റിസ്: ഖത്തർ ലോകകപ്പ് ഫൈനലിൽ നിർത്തിയേടത്തുനിന്ന് അടുത്ത ലോകകപ്പിന്റെ അടർക്കളത്തിലേക്കുള്ള കുതിപ്പിലേക്ക് ലയണൽ മെസ്സിയും അർജന്റീനയും തുടങ്ങി. പ്രതിരോധത്തിന്റെ സകല പാഠങ്ങളും പുറത്തെടുത്തിട്ടും മെസ്സിയെന്ന മജീഷ്യനെ പിടിച്ചുകെട്ടാൻ മാത്രം എക്വഡോറിന് കഴിഞ്ഞില്ല. 75-ാം മിനിറ്റിൽ ഇതിഹാസതാരത്തിന്റെ കണ്ണഞ്ചിക്കുന്ന ഫ്രീകിക്ക് ഗോളിനുമുന്നിൽ അവർ കീഴടങ്ങി. എല്ലായ്പോഴുമെന്ന പോലെ മെസ്സി രക്ഷകനായെത്തിയപ്പോൾ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ എക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ അർജന്റീന ആദ്യറൗണ്ടിൽ മൂന്നുപോയന്റോടെ മുന്നിൽ.

കളിയിൽ വ്യക്തമായ മേധാവിത്വം നേടിയ അർജന്റീനക്കെതിരെ കുറ്റിയുറപ്പുള്ള പ്രതിരോധം കൊണ്ട് പടകെട്ടുകയായിരുന്നു എക്വഡോർ. ആദ്യപകുതിയിൽ 71 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം മെസ്സിയുടെയും കൂട്ടുകാരുടെയും പാദങ്ങളിലായിരുന്നു. ഇടതടവില്ലാതെ ആതിഥേയർ എതിർഗോൾമുഖം റെയ്ഡ് ചെയ്യാനെത്തിയെങ്കിലും ഏറക്കുറെ മുഴുവൻ താരങ്ങളും പിന്നിലേക്ക് വലിഞ്ഞ് ലോക ചാമ്പ്യന്മാരുടെ നീക്കങ്ങളെ പിടിച്ചുകെട്ടി. പരുക്കനടവുകൾ മത്സരത്തിലുടനീളം നിറഞ്ഞു. കുറുകിയ പാസുകളിൽ ആകർഷകമായി കളി മെനഞ്ഞിട്ടും ഇടവേളക്കുമുമ്പ് ഒരു ഷോട്ടുപോലും ടാർഗറ്റിലേക്ക് തൊടുക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. ഒരു തവണ മാർട്ടിനെസിന്റെ ​േപ്ലസിങ് ചിപ്പ് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയതായിരുന്നു ആദ്യപകുതിയിൽ ലഭിച്ച മികച്ച അവസരം.

ഇടവേളക്കുശേഷവും കഥ തുടർന്നു. അർജന്റീന മുന്നേറ്റങ്ങൾ എതിരാളികളുടെ ബോക്സിൽ മുനയൊടിയുന്നത് പതിവുകാഴ്ചയായി. ഒരു തവണ ഡി പോളുമൊത്ത് പന്ത് പാസ് ചെയ്ത് ബോക്സിൽ കയറിയശേഷം മൂന്നു ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് മെസ്സി തൊടുത്ത ദുർബലമായ ഗ്രൗണ്ടർ എക്വഡോർ ഗോളി ശ്രമകരമായാണ് കൈയിലൊതുക്കിയത്. അർജന്റീന കൂട്ടമായി കയറിയെത്തുന്ന അവസരം മുതലെടുത്ത് ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളുമായി എക്വഡോർ തിരിച്ചടിക്ക് കോപ്പുകൂട്ടിയത് രണ്ടാം പകുതിയെ താരതമ്യേന ഉദ്വേഗഭരിതമാക്കി.

കളി ഒരുമണിക്കൂർ പിന്നിടവേ പരിചയ സമ്പന്നനായ എയ്ഞ്ചൽ ഡി മരിയയെ അർജന്റീന കളത്തിലിറക്കി. 75-ാം മിനിറ്റിൽ ലൗതാ​റോ മാർട്ടിനെസിനെ പിൻവലിച്ച് യുവ സ്ട്രൈക്കർ യൂലിയൻ ആൽവാരസും പട നയിക്കാനെത്തി. പിന്നാലെയായിരുന്നു മെസ്സിയുടെ ​ഫ്രീകിക്ക് ഗോൾ. മാർട്ടിനെസിനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് മെസ്സി അളന്നുകുറിച്ച് വലയിലേക്ക് തൊടുത്തപ്പോൾ എക്വഡോർ ഗോളി അക്ഷരാർഥത്തിൽ കാഴ്ചക്കാരനായി. അവസാനഘട്ടത്തിൽ ലീഡുയർത്താൻ അർജന്റീന ആക്രമണം കനപ്പിച്ചെങ്കിലും എക്വഡോർ വഴങ്ങിയില്ല. 88-ാം മിനിറ്റിൽ പലാസിയോസിന് അവസരം നൽകി മെസ്സി തിരിച്ചുകയറുമ്പോൾ നിറഗാലറി എഴുന്നേറ്റുനിന്ന് കരഘോഷങ്ങളോടെ പ്രിയതാരത്തിന് ആദരമർപ്പിച്ചു. 

Tags:    
News Summary - What a goal by Messi! Argentina beat Ecuador 1-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.