ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയന്‍റാക്കി ഉയർത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് ആഴ്സനൽ. നോട്ടിങ്ഹാം ഫോറസ്റ്റിനോട് മൈക്കൽ അർട്ടേറ്റയും സംഘവും ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. പുതിയ പരിശീലകൻ മൈക്കൽ കാരിക്കിന് കീഴിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ, ബേൺലി സമനിലയിൽ തളച്ചപ്പോൾ, ചെൽസി മറുപടിയില്ലാത്ത രണ്ടു ഗോളിന് ബ്രെന്‍റ്ഫോർഡിനെ വീഴ്ത്തി. നോട്ടിങ്ഹാമിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആഴ്സനൽ ആധിപത്യം പുലർത്തിയെങ്കിലും, ഗോളടിക്കാൻ മറന്നു. 61 ശതമാനം പന്തുകൈവശം വെച്ച ആഴ്സനൽ താരങ്ങൾ, 14 തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ പായിച്ചത്. ആദ്യ പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പകരക്കാരനായി ഇറങ്ങിയ ബുകായോ സാക്കയുടെ ഹെഡ്ഡർ നോട്ടിങ്ഹാം ഗോൾകീപ്പർ മാറ്റ്സ് സെൽസ് രക്ഷപ്പെടുത്തി.
കളിയുടെ 80ാം മിനിറ്റിൽ കോർണർ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ നോട്ടിങ്ഹാം താരം ഒല അയ്നയുടെ കൈയിൽ പന്തുതട്ടിയെന്ന് ചൂണ്ടിക്കാട്ടി ആഴ്സനൽ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. വാർ പരിശോധനയും തുണച്ചില്ല. ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോടും പീരങ്കിപ്പട ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ലീഗിൽ ഒന്നാമതുള്ള ആഴ്സനലിന് രണ്ടാമതുള്ള സിറ്റിയേക്കാൾ ഏഴു പോയന്‍റിന്‍റെ ലീഡുണ്ട്.
അതേസമയം, ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലാണ് ലിവർപൂൾ സമനില വഴങ്ങുന്നത്. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ചെമ്പടയും ബേൺലിയും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. 32ാം മിനിറ്റിൽ ലിവർപൂളിന് ലഭിച്ച പെനാൽറ്റി ഡൊമിനിക് സൊബാസ്ലായി നഷ്ടപ്പെടുത്തി. 42ാം മിനിറ്റിൽ ഫ്ലോറിയാൻ വിർട്സിലൂടെ ലിവർപൂൾ ലീഡെടുത്തു. കർട്ടിസ് ജോൺസാണ് ഗോളിന് വഴിയൊരുക്കിയത്. 65ാം മിനിറ്റിൽ ഫ്ലോറന്റീനോ നൽകിയ പാസിൽ നിന്നു വലകുലുക്കി മാർക്കസ് എഡ്വവെർഡ്സ് ബേൺലിക്ക് സമനില സമ്മാനിച്ചു.
ബ്രെന്‍റ്ഫോർഡിനെതിരെ ബ്രസീൽ താരം ജാവോ പെഡ്രോ (26ാം മിനിറ്റ്), കോൾ പാമർ (76, പെനാൽറ്റി) എന്നിവരാണ് ചെൽസിക്കായി വിജയഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ലീഡ്സ് യുനൈറ്റഡ് 1-0ത്തിന് ഫുൾഹാമിനെയും സണ്ടർലാൻഡ് 2-1ന് ക്രിസ്റ്റൽ പാലസിനെയും വെസ്റ്റ്ഹാം 2-1ന് ടോട്ടൻഹാമിനെയും തോൽപിച്ചു.
യുനൈറ്റഡിനായി 65ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയും 76ൽ പാട്രിക് ഡോർഗുവുമാണ് വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങൾ തേടിയെത്തിയെങ്കിലും അതൊന്നും മുതലാക്കാൻ യുനൈറ്റഡിനായില്ല. ഹാരി മഗ്വയറിന്റെ പന്ത് ക്രോസ്ബാറിൽ തട്ടിതെറിച്ചപ്പോൾ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് ഓഫ് സൈഡായി. കളി തീരാൻ നേരം പകരക്കാരനായി മേസൻ മൗണ്ട് ഇറങ്ങിയയുടനെ പന്ത് വലയിലാക്കിയെങ്കിലും പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചു. ഇതടക്കം യുനൈറ്റഡിന്റെ മൂന്ന് ഗോളുകളാണ് ഓഫ് സൈഡിൽ നിഷേധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.