മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ ടീമിന്റെ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു. ടീമിന്റെ പ്രകടനത്തിൽ നിരാശരാണെങ്കിലും ടിക്കറ്റ് തുക നൽകാനുള്ള നീക്കത്തിൽ ആരാധകരും അൽപം ആശ്വാസത്തിലാണ്.
ചാമ്പ്യൻസ് ലീഗ് ഏഴാം റൗണ്ട് മത്സരത്തിലാണ് നോർവീജിയൻ ക്ലബ് ബോഡോ ഗ്ലിംറ്റുമായി ഏറ്റുമുട്ടിയത്. ആർട്ടിക് സർക്കിളിനോടു ചേർന്നുള്ള സ്റ്റേഡിയത്തിൽ പൂജ്യത്തിലും താഴ്ന്ന തണുത്തുറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സിറ്റിയുടെ കളി. മത്സരത്തിലെ ചൂടുള്ള നിമിഷങ്ങളൊക്കെയും ബോഡോ ഗ്ലിംറ്റ് സ്വന്തമാക്കുകയും ചെയ്തു.
സ്വന്തം നാട്ടിൽ ഹാലൻഡും ഗോളടി മറന്നതോടെ സിറ്റി തണുത്തുറഞ്ഞുപോവുകയും ചെയ്തു.
ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബോഡോ ഗ്ലിംറ്റ് വിജയിച്ചത്. കാസ്പർ ഹോ രണ്ട് ഗോളുകളും ജെൻസ് ഹോഗ് ഒരു ഗോളും ആതിഥേയർക്കായി നേടി. രണ്ടാം പകുതിയിൽ ഇഞ്ചുറി സമയത്ത് ചെർക്കി നേടിയ ഗോളായിരുന്നു സിറ്റിക്ക് ആശ്വസിക്കാനുണ്ടായ ഏക വക. കളിയുടെ തുടക്കത്തിൽ തന്നെ റെഡ് കാർഡ് കണ്ട് റോഡ്രിക്ക് പുറത്തുപോകേണ്ടി വന്നതും സിറ്റിക്ക് തിരിച്ചടിയായി.
തണുത്തുറഞ്ഞ നാട്ടിൽ എത്തിയ ഫാൻസിന് സന്തോഷിക്കാൻ ഒന്നും കിട്ടിയില്ലെന്നതോടെയാണ് ആരാധകർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ തീരുമാനിച്ചത്. സിറ്റിയുടെ ക്യാപ്റ്റൻസ് ഗ്രൂപ്പായ ബെർണാഡോ സിൽവ, റൂബൻ ഡയസ്, റോഡ്രി, ഏർലിങ് ഹാലൻഡ് എന്നിവരായിരുന്നു നീക്കത്തിനു പിന്നിൽ. 374 സിറ്റി ആരാധകരാണ് ബോഡോയിലെത്തിയത്.
ഒരു ടിക്കറ്റിന് 25 പൗണ്ട് (3076) ആണ് വില. ഇങ്ങനെ ആകെ 1150424 ഇന്ത്യൻ രൂപ വരുന്ന തുകയാണ് ആരാധകർക്ക് തിരികെ നൽകുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് ആരാധകർ കളി കാണാൻ എത്തിയത്. അവരെ നിരാശരാക്കാൻ തങ്ങൾക്കാകില്ലെന്ന് താരങ്ങൾ പറയുന്നു.
ടിക്കറ്റ് തുക തിരികെ നൽകാനുള്ള നടപടിയെ ക്ലബിന്റെ ഒഫീഷ്യൽ സപ്പോർട്ടേഴ്സ് ഗ്രൂപ് സ്വാഗതം ചെയ്തു. ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിതമായി തോറ്റ സിറ്റിക്ക് നോക്കൗട്ട് റൗണ്ടിൽ നേരിട്ട് കടക്കുന്ന ആദ്യ എട്ടു ടീമിൽ ഒന്നാകാൻ അടുത്ത മത്സരത്തിൽ നിർബന്ധമായും വിജയിക്കണം. ഗലത് സരേയുമായാണ് ചാമ്പ്യൻസ്‍ലീഗിൽ സിറ്റിയുടെ അടുത്ത റൗണ്ട് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.