ന്യൂഡൽഹി: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഐ.എസ്.എല്ലിൽ അടുത്ത മാസം പന്തുരുളാനിരിക്കെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വേതനം വെട്ടിക്കുറക്കാൻ സമ്മതം മൂളി ടീം ഇന്ത്യ ക്യാപ്റ്റൻ സന്ദേശ് ജിംഗാനടക്കം താരങ്ങൾ.
രാജ്യത്ത് ഫുട്ബാൾ നേരിടുന്ന കടുത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ താരങ്ങളുമായി നടത്തിയ ചർച്ചകളിലാണ് ധാരണയായതെന്ന് ക്ലബ് മാനേജ്മെന്റ് അറിയിച്ചു. മുൻനിര താരങ്ങളും ടെക്നിക്കൽ ജീവനക്കാരും ഒരുപോലെ വേതനം കുറക്കാമെന്ന് സമ്മതിച്ചു.
‘ഈ നിമിഷങ്ങൾ ഓർമിപ്പിക്കുന്നത് ഈ ക്ലബ് എന്നാൽ, കളത്തിലെ മത്സരഫലങ്ങളിലുപരി ചിലതാണെന്നാണ്. അതിന്റെ ഭാഗമായ ജനങ്ങൾ, അവർ പകരുന്ന വിശ്വാസം, അവശ്യ ഘട്ടത്തിൽ ഒന്നിച്ചുള്ള നിലപാട് എല്ലാം ചേർന്നതാണത്. ഈ ബാഡ്ജിനായുള്ള പോരാട്ടത്തിൽ ഏറെ നന്ദിയുണ്ട്. ഈ യാത്രയിൽ നിങ്ങളർപ്പിച്ച വിശ്വാസത്തിനും നന്ദി. നമുക്കൊന്നിച്ച് മുന്നേറാം’ -ടീം മാനേജ്മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സന്ദേശ് ജിംഗാന് പുറമെ ഉദാന്ത സിങ്, ബോറിസ് സിങ് എന്നിവരും ഗോവ ടീമിന്റെ ഭാഗമാണ്.
ദിവസങ്ങൾക്ക് മുമ്പ് ഐ.എസ്.എൽ ടീമായ ബംഗളുരു എഫ്.സി ഉടമ പാർഥ് ജിൻഡാൽ സമാനമായി താരങ്ങൾക്ക് മുന്നിൽ ഇതേ നിർദേശംവെച്ചിരുന്നു. ഐ.എസ്.എൽ അനിശ്ചിതമായി വൈകിയ സാഹചര്യത്തിൽ വിട്ടുവീഴ്ചകളുണ്ടായില്ലെങ്കിൽ ക്ലബ് പൂട്ടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു തുടങ്ങിയവരടങ്ങിയതാണ് ബംഗളൂരു നിര. 2025-26 സീസൺ ഐ.എസ്.എൽ മത്സരങ്ങൾ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജിൻഡാലിന്റെ നിർദേശം.
നേരത്തേ മത്സര നടത്തിപ്പ് ചുമതലയുണ്ടായിരുന്ന എഫ്.എസ്.ഡി.എൽ പിൻവാങ്ങിയതോടെയാണ് ഐ.എസ്.എൽ അനിശ്ചിതത്വത്തിലായിരുന്നത്. പുതിയ വാണിജ്യ പങ്കാളിയെ തേടി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. കായിക മന്ത്രാലയം നേരിട്ട് ഇടപെട്ടതിനൊടുവിൽ 14 ക്ലബുകളും പങ്കാളിത്തം ഉറപ്പുനൽകിയതോടെയാണ് ഫെബ്രുവരി 14ന് കിക്കോഫിന് തീരുമാനമായത്. ഒരു ടീമിന് 13 മത്സരങ്ങളെന്ന നിലക്ക് മൊത്തം 91 കളികളാകും ഉണ്ടാകുക. അടുത്തയാഴ്ച ഷെഡ്യൂൾ പുറത്തിറക്കും. 25 കോടി ചെലവ് പ്രതീക്ഷിക്കുന്ന ലീഗിൽ 60 ശതമാനം തുക ഐ.എസ്.എൽ ക്ലബുകൾ വഹിക്കുമെന്നാണ് ധാരണ. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ അംഗീകാരവും നിലനിർത്തിയിട്ടുണ്ട്. നേരിട്ടുള്ള യോഗ്യത ഉണ്ടാകില്ലെങ്കിലും രണ്ട് ടീമുകൾക്ക് ക്വാളിഫയർ സ്പോട്ടുകൾ അനുവദിക്കും.
മുംബൈ: ഐ.എസ്.എൽ പുനരാരംഭിക്കാൻ തീരുമാനമായിട്ടും വിദേശി താരങ്ങളുടെ നാടുവിടൽ തുടരുന്നു. എഫ്.സി ഗോവയുടെ സ്പാനിഷ് മുന്നേറ്റ താരം ഇകർ ഗ്വാരറ്റ്ക്സേനയാണ് ഏറ്റവും ഒടുവിൽ ടീം വിടുന്നതായി പ്രഖ്യാപിച്ചത്. ഇന്തോനേഷ്യൻ ക്ലബായ പെഴ്സിജാപ് ജെപാരയിലേക്കാണ് കൊഴിഞ്ഞുപോക്ക്. മറ്റു സ്പാനിഷ് താരങ്ങളായ ഡേവിഡ് ടിമോർ, ബോർയ ഹെരേര എന്നിവർ നേരത്തേ ടീം വിട്ടിരുന്നു.
അലാഉദ്ദീൻ അജാരി
ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് വിജയിയായ നോർത്ത് ഈസ്റ്റിന്റെ മൊറോക്കോ താരം അലാഉദ്ദീൻ അജാരിയും ടീം വിടുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ ടീമായ പെഴ്സിജ ജക്കാർത്തയിലേക്കാണ് കൂടുമാറ്റം. എഫ്.എ.ആർ റബാതിൽനിന്ന് 2024ൽ വടക്കുകിഴക്കൻ ടീമിനൊപ്പം ചേർന്ന 33കാരൻ അജാരി 41 കളികളിൽ 39 ഗോളും 15 അസിസ്റ്റും കുറിച്ചിട്ടുണ്ട്. തുടർച്ചയായി ഡ്യുറാൻഡ് കപ്പ് കിരീടങ്ങൾ ചൂടിയ ടീമിന്റെ വിജയങ്ങളിൽ നിർണായക സാന്നിധ്യമായ അജാരി ഐ.എസ്.എൽ േപ്ലഓഫിലും സൂപർ കപ്പ് അവസാന എട്ടിലും ടീമിനെ എത്തിക്കുന്നതിലും വലിയ പങ്ക് വഹിച്ചു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നോർത്ത് ഈസ്റ്റിന്റെ സ്പാനിഷ് താരം ചെമ നൂനസ്, മുംബൈയുടെ ജോൻ ടൊറാൽ, കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് യുവാൻ റോഡ്രിഗസ്, ഈസ്റ്റ് ബംഗാളിൽനിന്ന് ജപ്പാൻ താരം ഹിരോഷി ഇബുസുകി എന്നിവരും ഈ മാസാദ്യം ഈസ്റ്റ് ബംഗാളിന്റെ തന്നെ ഹാമിദ് അഹദാദ് (മൊറോക്കോ), മുംബൈ സിറ്റിയുടെ ടിറി (സ്പെയിൻ) എന്നിവരും ടീം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.